വായുവിലൂടെയുള്ള അണുബാധകൾ നിയന്ത്രിക്കും, അത്യാധുനിക എയർ ഫിൽട്ട‍റിങ് സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷക‍ര്‍

By Web TeamFirst Published Dec 20, 2022, 8:55 AM IST
Highlights

മലിനമായ വായു നമ്മുടെ ആയുസ്സ് കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. ഇങ്ങനെ അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യക്കാർക്ക് അവരുടെ ജീവിതത്തിന്റെ 5-10 വർഷം നഷ്ടപ്പെടുന്നു എന്നാണ് കണക്ക്. 

ദില്ലി: മലിനമായ വായു നമ്മുടെ ആയുസ്സ് കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. ഇങ്ങനെ അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യക്കാർക്ക് അവരുടെ ജീവിതത്തിന്റെ 5-10 വർഷം നഷ്ടപ്പെടുന്നു എന്നാണ് കണക്ക്. വായു മലിനീകരണം ശ്വാസകോശ രോഗങ്ങളിലേക്ക് നയിക്കുകയും, ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് ചിക്കാഗോ സർവകലാശാലയുടെ പഠനത്തിൽ പറയുന്നു. വായു മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തടയാൻ അതി നൂതനമായൊരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷക‍ര്‍.

സൂക്ഷ്മാണുക്കളെ നിർജ്ജീവമാക്കുന്ന അത്യാധുനികമായ പുതിയ എയർ ഫിൽട്ടർ വികസിപ്പിച്ചെടുത്തിരിക്കുകയാണിവ‍ര്‍.  ഗ്രീൻ ടീയിൽ സാധാരണയായി കാണപ്പെടുന്ന പോളിഫിനോൾസ്, പോളികേഷനിക്, പോളിമറുകൾ തുടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിച്ച് തീര്‍ത്തും ജൈവികമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിലെ  പ്രൊഫ. സൂര്യസാരഥി ബോസ് , പ്രൊഫ. കെലസിക് ചാറ്റർജി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ഗവേഷക സംഘമാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ.  കൊവിഡ് സമയത്തെ സമയത്തെ സയൻസ് & എഞ്ചിനീയറിംഗ് റിസർച്ച് ബോർഡിന്റെ (SERB) പ്രത്യേക ഗ്രാന്റുകളുടെയും  SERB-ടെക്നോളജി ട്രാൻസ്ലേഷൻ അവാർഡ് (SERB-TETRA) ഫണ്ടുകളുടെയും പിന്തുണയിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. സാങ്കേതികവിദ്യ 2022 പേറ്റന്റ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 

Read more: കാൻസർ ബാധിച്ച് നഷ്ടപ്പെട്ട കണ്ണ് ഫ്ലാഷ് ലൈറ്റ് ആക്കി മാറ്റി യുവാവ്

നിലവിലുള്ള എയർ ഫിൽട്ടറുകൾ പിടിച്ചെടുത്ത രോഗാണുക്കളുടെ പ്രജനന കേന്ദ്രമായി മാറുന്നുണ്ട്. ഈ അണുക്കളുടെ വളർച്ച ഫിൽട്ടറിന്റെ സുഷിരങ്ങളിൽ അടയ്ക്കുകയും ചെയ്യുന്നു. ഇത് ഫിൽട്ടറുകളുടെ ആയുസ്സ് കുറയ്ക്കുന്നതോടൊപ്പം, അണുക്കൾ വീണ്ടും സജീവമാകുന്ന രോഗവ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നു. എന്നാൽ പുതിയ ആന്റി-മൈക്രോബയൽ എയർ ഫിൽട്ടറുകൾ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറികളിൽ  പരീക്ഷണം നടത്തി വിജയം കണ്ടെത്തി.  ഇത് 99.24% കാര്യക്ഷമതയോടെ (SARS - CoV-2) ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസുകളെയും നിര്‍ജീവമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  സാങ്കേതികവിദ്യ  വാണിജ്യ ഉപയോഗത്തിനായി  AIRTH എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് കൈമാറിയിരിക്കുകയാണ്. വായു മലിനീകരണത്തിനെതിരായ പോരാട്ടത്തിലും കൊറോണ വൈറസ് പോലുള്ള വായുവിലൂടെ പകരുന്ന രോഗാണുക്കളെ നിയന്ത്രിക്കുന്നതിലും ഈ എയർ ഫിൽട്ടറുകൾ സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.

click me!