Latest Videos

മുഖ്യമന്ത്രി 'നോ പറഞ്ഞ' പാതാള തവള ചെറിയ പുള്ളിയല്ല

By Web TeamFirst Published Feb 1, 2023, 9:17 AM IST
Highlights

ചിതൽ, ഉറുമ്പ് എന്നിവയാണ് ഭക്ഷണം. 2003ൽ ദില്ലി സര്‍വ്വകലാശാല പ്രഫസറായ എസ്‍ ഡി ബിജുവും, ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് ഈ തവളയെ ആദ്യമായി കണ്ടെത്തുന്നത്. 

തിരുവനന്തപുരം: അപൂർവ്വയിനത്തിൽപ്പെട്ട പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം  സർക്കാർ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആരും കാണാത്ത ഒരു തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു. വര്‍ഷത്തിൽ ഒരിക്കൽ പുറത്തുവരുന്ന തവളയെ കാണാൻ കിട്ടിയില്ലെങ്കിലും തവളയെക്കുറിച്ച് രണ്ട് വാക്ക് അറിഞ്ഞു വെക്കുന്നത് നല്ലതാണ്.

പാതാളത്തിലെ ഒരു തവള കുറച്ച് കാലമായി ഒരു സ്വപ്നം കണ്ടിരുന്നു. കേരളത്തിന്‍റെ ഔദ്യോഗിക തവളയെന്ന സ്വപ്നം. എന്നാൽ തവളയോട് കടക്കു പുറത്തെന്ന് പറഞ്ഞിരിക്കുകയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. തെറ്റിദ്ധരിക്കണ്ട. ആരും കാണാത്ത തവളക്കെന്തിനാണ് ഔദ്യോഗിക പദവിയെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം.

ലോക ഉഭയ ജീവി ഭൂപടത്തിൽ കേരളത്തിന് പ്രത്യേക സ്ഥാനം നേടിക്കൊടുത്ത തനി മലയാളി തവള.
കേരളത്തിലും തമിഴ്നാട്ടിലും കാണാറുണ്ടെങ്കിലും കൂടുതലും പശ്ചിമഘട്ടത്തോട് ചേര്‍ന്ന നമ്മുടെ ജില്ലകളിലാണ് ഇവയെ കാണുന്നത്. ആദ്യ കാഴ്ചയിൽ ഒരു ആമയാണെന്നേ തോന്നൂ. വര്‍ഷത്തിൽ ഒരു തവണ തവളയെ കാണാന്‍ കിട്ടുന്നത് തന്നെ ഭാഗ്യമാണ്.

മണ്ണിനടിയിൽ വാസമുറപ്പിച്ചിരിക്കുന്ന തവള വര്‍ഷത്തിൽ ഒരിക്കൽ പ്രജനന ലക്ഷ്യത്തോടെ പുറത്തുവരും. ഇങ്ങനെ അപൂര്‍വ പ്രത്യേകതകളുള്ള തവളയെ കേരളത്തിന്‍റെ ഔദ്യോഗിക തവളയാക്കി പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ മുന്നോട്ട് വെച്ചത് ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനാണ്.

വംശം നിലനിര്‍ത്താൻ തന്നെ പെടാപാടു പെടുന്ന തവളയാണ്. ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയുടെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ മൂന്നാം സ്ഥാനക്കാരനാണ് പാതാളത്തവള. മഹാബലിത്തവളയെന്നും പന്നിമൂക്കൻ തവളയെന്നുമൊക്കെ പേരുണ്ട്. വിളിപ്പേരുകൾ നാടനാണെങ്കിലും ശാസ്ത്രീയ നാമം നാസികാ ബട്രക്കസ് സഹ്യാദ്രെൻസിസ് എന്നാണ്.

ചിതൽ, ഉറുമ്പ് എന്നിവയാണ് ഭക്ഷണം. 2003ൽ ദില്ലി സര്‍വ്വകലാശാല പ്രഫസറായ എസ്‍ ഡി ബിജുവും, ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് ഈ തവളയെ ആദ്യമായി കണ്ടെത്തുന്നത്. പ്രജനനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത് 2012-ല്‍ ഡോ.അനില്‍ സക്കറിയയും സംഘവും നടത്തിയ പഠനങ്ങളിലൂടെയാണ്.

വര്‍ഷത്തിൽ 364 ദിവസവും മണ്ണിനടിയിൽ കിടന്ന് ഒരു ദിവസം പുറത്തു വരുന്ന പാതാളതവളയെ
ഔദ്യോഗിക തവളയാക്കണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം പ്രസക്തമാണ്. 

ധോണിയിൽ കാട്ടാന ശല്യം തുടരുന്നു,രാത്രിയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ,ശാശ്വത പരിഹാരം വേണമെന്നാവശ്യം

 

click me!