'ഡോട്ടർ ഓഫ് ദി സ്റ്റാർസ്', യൂറോപ്പിന്‍റെ പുതിയ നാവിഗേഷൻ സംവിധാനത്തിന് തുടക്കം, സെലെസ്റ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം

Published : Apr 08, 2026, 05:04 AM IST
Rocket Lab Sends Up Test Satellites for Europe

Synopsis

ഗലീലിയോ നാവിഗേഷൻ സിസ്റ്റത്തിന്‍റെ ലോ ഓർബിറ്റ് ലെയർ പരീക്ഷിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം

ഓക്ലാൻഡ്: റോക്കറ്റ് ലാബിന്റെ ഇലക്ട്രോൺ റോക്കറ്റ് 2026 മാർച്ച് 28 ന് ന്യൂസിലൻഡിൽ നിന്നുള്ള രണ്ട് സെലസ്റ്റ് നാവിഗേഷൻ ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ചു. യൂറോപ്പിന്‍റെ ലോ എർത്ത് ഓർബിറ്റ് (LEO) അടിസ്ഥാനമാക്കിയുള്ള അടുത്ത തലമുറ നാവിഗേഷൻ സംവിധാനത്തിന്റെ ആദ്യ ഡെമോൺസ്ട്രേഷൻ ദൗത്യം എന്ന നിലയിൽ ഈ വിക്ഷേപണം ശ്രദ്ധേയമാണ്. "ഡോട്ടർ ഓഫ് ദി സ്റ്റാർസ്" എന്ന പേരിലുള്ള ഈ ദൗത്യത്തിലൂടെ ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് ഏകദേശം 510 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിച്ചു.

മൂന്ന് ഘട്ടങ്ങളുള്ള ഇലക്ട്രോൺ റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ന്യൂസിലാൻഡിലെ മഹിയ പെനിൻസുലയയിൽ നിന്നാണ് രാത്രി 10:14-ന് (NZDT) റോക്കറ്റ് ഉയർന്നത്. വിക്ഷേപണത്തിന് 20 മിനിറ്റിനുശേഷം ആദ്യ ഉപഗ്രഹവും നാല് മിനിറ്റിന് ശേഷം രണ്ടാമത്തേതും വിജയകരമായി വേർപ്പെട്ടു. IOD-1, IOD-2 എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഉപഗ്രഹങ്ങൾ ഏകദേശം 20 കിലോഗ്രാം, 30 കിലോഗ്രാം ഭാരമുള്ളവയാണ്.

യൂറോപ്യൻ നാവിഗേഷൻ സംവിധാനം ഗലീലിയോ നാവിഗേഷൻ സിസ്റ്റത്തിന്‍റെ ലോ ഓർബിറ്റ് ലെയർ പരീക്ഷിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം . നിലവിൽ ഗലീലിയോ ഉപഗ്രഹങ്ങൾ ഏകദേശം 23,200 കിലോമീറ്റർ ഉയരത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ സെലെസ്റ്റ് ഉപഗ്രഹങ്ങൾ വളരെ താഴ്ന്ന ഉയരത്തിൽ പ്രവർത്തിക്കുന്നതിനാൽ കൂടുതൽ ശക്തവും വിശ്വസനീയവുമായ സിഗ്നലുകൾ ഉപയോക്താക്കൾക്ക് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നഗരപ്രദേശങ്ങളിലെ ഉയർന്ന കെട്ടിടങ്ങൾക്കിടയിലും ഇൻഡോർ പരിസരങ്ങളിലും ധ്രുവപ്രദേശങ്ങളിലും നാവിഗേഷൻ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, സ്വയം നിയന്ത്രിത വാഹനങ്ങൾ, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ഇൻഡോർ നാവിഗേഷൻ തുടങ്ങിയ ഭാവി സാങ്കേതികവിദ്യകൾക്ക് പിന്തുണ നൽകുന്നതിനായി പുതിയ മൾട്ടി-ഫ്രീക്വൻസി സിഗ്നലുകളും പരീക്ഷിക്കും.

സെലെസ്റ്റ് പദ്ധതി ആദ്യ ഘട്ടത്തിലാണ് ഇപ്പോൾ. 2027ഓടെ ആകെ 11 ലിയോ നാവിഗേഷൻ ഡെമോൺസ്ട്രേറ്റർ ഉപഗ്രഹങ്ങൾ വിന്യസിച്ച് സമ്പൂർണ പരീക്ഷണ ഘട്ടം പൂർത്തിയാക്കാനാണ് യൂറോപ്യൻ സ്പേസ് ഏജൻസി ലക്ഷ്യമിടുന്നത്. യൂറോപ്പിന്റെ നാവിഗേഷൻ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഈ ദൗത്യം ഭാവിയിലെ ആഗോള നാവിഗേഷൻ രംഗത്ത് നിർണായകമായി മാറുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ആര്‍ട്ടെമിസ് 2 അത്ഭുതം; 4K നിലവാരത്തില്‍ ചാന്ദ്ര ദൃശ്യങ്ങള്‍ ലോകം കണ്ടു! എങ്ങനെ?
ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം; ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്‍റെ മറുപുറം കണ്ടു