ഇനി വൈഫൈ വെള്ളത്തിനടിയിലും, പേര് അക്വാഫൈ, സമുദ്രാന്തര്‍ നിഗൂഢതകള്‍ ഇനി ഓണ്‍ലൈനില്‍!

By Web TeamFirst Published Jun 17, 2020, 8:24 AM IST
Highlights

ഒരു റാസ്‌ബെറി പൈയിലേക്ക് റേഡിയോ തരംഗങ്ങളായി ഡാറ്റ കൈമാറുന്ന വിധത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. 

ലണ്ടന്‍: ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധര്‍ക്കായി വൈഫൈ ബൂസ്റ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു ഇന്റര്‍നെറ്റ് സംവിധാനം ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു. മുങ്ങല്‍ വിദഗ്ദ്ധന്റെ ഗിയറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു റാസ്‌ബെറി പൈയിലേക്ക് റേഡിയോ തരംഗങ്ങളായി ഡാറ്റ കൈമാറുന്ന വിധത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഈ തരംഗങ്ങളെ മുകളിലുള്ള കമ്പ്യൂട്ടറിലേക്ക് ലേസര്‍ അല്ലെങ്കില്‍ എല്‍ഇഡി ഡാറ്റ അയയ്ക്കുന്നു. ഇതാവട്ടെ, കമ്പ്യൂട്ടര്‍ ഡാറ്റയെ ലൈവ് ചിത്രങ്ങളിലേക്കും വീഡിയോ ഫൂട്ടേജുകളിലേക്കും പരിവര്‍ത്തനം ചെയ്യുന്നു. എല്‍ഇഡികളോ ലേസറുകളോ ഉപയോഗിച്ച് മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ അയയ്ക്കുന്നത് പോലുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന ഇതിനെ അക്വാഫൈ എന്നാണ് ശാസ്ത്രലോകം ഇപ്പോള്‍ വിളിക്കുന്നത്.

 

മുങ്ങല്‍ വിദഗ്ദ്ധന്റെ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് അവരുടെ അണ്ടര്‍വാട്ടര്‍ ഗിയറില്‍ ഘടിപ്പിച്ചിരിക്കുന്ന റാസ്‌ബെറി പൈ കമ്പ്യൂട്ടറിലേക്ക് ഡാറ്റ കൈമാറാന്‍, റേഡിയോ തരംഗങ്ങളാണ് ഉപയോഗിച്ചത്. ഒരു ഹോം ഇന്റര്‍നെറ്റ് റൂട്ടറിന്റെ വൈഫൈ ശ്രേണി വര്‍ദ്ധിപ്പിക്കുന്ന ഒരു ബൂസ്റ്ററിന് സമാനമായാണ് ഇതിന്റെ പ്രവര്‍ത്തനം. സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റിലേക്ക് കണക്റ്റുചെയ്തിരിക്കുന്ന ഉപരിതലത്തിലുള്ള ഒരു കമ്പ്യൂട്ടറിലേക്ക് ഒരു ലൈറ്റ് ബീം ഉപയോഗിച്ച് ഡാറ്റ അയയ്ക്കുകയാണ് അക്വാഫൈ ചെയ്യുന്നത്.

സ്റ്റാറ്റിക് വെള്ളത്തില്‍ കുറച്ച് അടി അകലെ രണ്ട് കമ്പ്യൂട്ടറുകള്‍ക്കിടയില്‍ ഉള്ളടക്കം അപ്‌ലോഡ് ചെയ്തും ഡൗണ്‍ലോഡ് ചെയ്തുമാണ് ടീം സിസ്റ്റം പരീക്ഷിച്ചത്. അവര്‍ക്ക് സെക്കന്‍ഡില്‍ 2.11 മെഗാബൈറ്റ് പരമാവധി ഡാറ്റാ ട്രാന്‍സ്ഫര്‍ വേഗത ലഭിച്ചു. ഇതാദ്യമായാണ് ആരെങ്കിലും പൂര്‍ണ്ണമായും വയര്‍ലെസ് ഇല്ലാതെ ഇന്റര്‍നെറ്റ് വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്നത്. വേഗതയേറിയ ഇലക്ട്രോണിക് ഘടകങ്ങള്‍ ഉപയോഗിച്ച് ലിങ്ക് ഗുണനിലവാരവും ട്രാന്‍സ്മിഷന്‍ ശ്രേണിയും മെച്ചപ്പെടുത്തും.

ചലിക്കുന്ന വെള്ളത്തില്‍ ലൈറ്റ് ബീം റിസീവറുമായി പൊരുത്തപ്പെടേണ്ടതാണെന്നും എല്ലാ കോണുകളില്‍ നിന്നും പ്രകാശം പിടിച്ചെടുക്കാന്‍ കഴിവുള്ള ഒരു ഗോളാകൃതി ഉപകരണം രൂപകല്‍പ്പന ചെയ്യുന്നതിനെക്കുറിച്ചും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

വെള്ളത്തിനടിയിലുള്ള അന്തരീക്ഷത്തെ ആഗോള ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതിന് താരതമ്യേന വിലകുറഞ്ഞതും വഴക്കമുള്ളതുമായ മാര്‍ഗ്ഗമാണിത്. വെള്ളത്തിനടിയില്‍ ഇന്റര്‍നെറ്റ് ഡേറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്നത് ശാസ്ത്രലോകത്തിന്റെ മുഖഛായ തന്നെ മാറ്റിയേക്കാം. 

പരീക്ഷണഘട്ടത്തിലുള്ള അക്വാഫൈ വാണിജ്യപരമായി വികസിപ്പിക്കുന്നതിലൂടെ വെള്ളത്തിനടിയില്‍ വ്യാപകമായി ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഇത് സമുദ്രാന്തര്‍ഭാഗത്തു നിന്നുള്ള ലൈവ് സ്ട്രീമിങ് കാഴ്ചകള്‍ക്കും അവസരമൊരുങ്ങും.
 

click me!