46000 വർഷമായി ജീവനോടെയിരിക്കുന്ന പുഴുവിനെ കണ്ടെത്തി, അത്ഭുതമെന്ന് ശാസ്ത്രലോകം!

Published : Jul 31, 2023, 04:04 PM ISTUpdated : Jul 31, 2023, 05:49 PM IST
46000 വർഷമായി ജീവനോടെയിരിക്കുന്ന പുഴുവിനെ കണ്ടെത്തി, അത്ഭുതമെന്ന് ശാസ്ത്രലോകം!

Synopsis

ക്രിപ്‌റ്റോബയോട്ടിക് അവസ്ഥയിലായിരിക്കുമ്പോൾ ജലത്തിന്റെയും ഓക്‌സിജന്റെയും അഭാവത്തെ അതിജീവിക്കാനും ഉയർന്നതും താഴ്ന്നതുമായ താപനിലയെയും ഉപ്പ് നിറഞ്ഞ അവസ്ഥയെയും അതിജീവിക്കാനും ജീവജാലങ്ങൾക്ക് കഴിയും.

മോസ്കോ: 46000 വർഷമായി ജീവനോടെയിരിക്കുന്ന പുഴുവിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞരുടെ അവകാശവാദം. ഡ്രെഡ്സണിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ സെൽ ബയോളജി ആൻഡ് ജനറ്റിക്‌സിലെ ശാസ്ത്രജ്ഞരാണ് മരവിച്ച അവസ്ഥയിൽ പുഴുവിനെ കണ്ടെത്തിയത്. സൈബീരിയൻ പെർമാഫ്രോസ്റ്റിൽ ഉപരിതലത്തിൽ നിന്ന് 40 മീറ്റർ (131.2 അടി) താഴെയായി ക്രിപ്‌റ്റോബയോസിസ് എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലായിരുന്നു പുഴുവെന്ന് സംഘത്തിലെ പ്രധാനി പ്രൊഫസർ ടെയ്മുറാസ് കുർസാലിയ പറഞ്ഞു. പിഎൽഒഎസ് ജനറ്റിക്സ് (PLOS Genetics) ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ജനിതക വിശകലനത്തിൽ, ഈ പുഴുക്കൾ ഒരു പുതിയ സ്പീഷിസിൽപ്പെട്ടതാണെന്ന് തെളിഞ്ഞു. പാനാഗ്രോലൈമസ് കോളിമേനിസ് എന്നാണ് ശാസ്ത്രജ്ഞർ സ്പീഷിസിന് പേരിട്ടത്. 

വൃത്താകൃതിയിൽ മരവിച്ച അവസ്ഥയിലാണ് പുഴുവിനെ കണ്ടെത്തിയത്. ക്രിപ്‌റ്റോബയോട്ടിക് അവസ്ഥയിലായിരിക്കുമ്പോൾ ജലത്തിന്റെയും ഓക്‌സിജന്റെയും അഭാവത്തെ അതിജീവിക്കാനും ഉയർന്നതും താഴ്ന്നതുമായ താപനിലയെയും ഉപ്പ് നിറഞ്ഞ അവസ്ഥയെയും അതിജീവിക്കാനും ജീവജാലങ്ങൾക്ക് കഴിയും. ഈ ഘട്ടത്തിൽ ജീവജാലങ്ങൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള പ്രത്യേക അവസ്ഥയിൽ ആയിരിക്കുമെന്ന് കുർസാലിയ വിശദീകരിച്ചു. ക്രിപ്റ്റോ ബയോട്ടിക് അവസ്ഥയിൽ ജീവികളുടെ ഉപാപചയ നിരക്ക് കണ്ടുപിടിക്കാനാകാത്ത നിലയിലേക്ക് കുറയും. ഈ അവസ്ഥയിൽ ജീവൻ നിലനിർത്താനും ആദ്യഘട്ടം മുതൽ ജീവൻ ആരംഭിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാന കണ്ടെത്തെലാണെന്നും ഈ അവസ്ഥയിൽ നിന്ന് പുനരുജ്ജീവിപ്പിച്ച ജീവികൾ വർഷങ്ങളോളം നിലനിന്നിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 

അഞ്ച് വർഷം മുമ്പ് റഷ്യയിലെ സോയിൽ സയൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കോകെമിക്കൽ ആൻഡ് ബയോളജിക്കൽ പ്രോബ്ലംസിലെ ശാസ്ത്രജ്ഞർ സൈബീരിയയിൽ നിന്ന് വൃത്താകൃതിയിലുള്ള രണ്ട് പുഴ ഇനങ്ങളെ കണ്ടെത്തിയിരുന്നു. തുടർന്ന് ​ഗവേഷക അനസ്റ്റേഷ്യ ഷാറ്റിലോവിച്ചിന്റെ അവയെ വെള്ളം ഉപയോഗിച്ച് പുനരുജ്ജീവിപ്പിച്ചു. കൂടുതൽ പഠനത്തിനായി പുഴക്കളെ ജർമ്മനിയിലെ ലാബുകളിലേക്ക് മാറ്റി.  ക്രിപ്‌റ്റോബയോസിസ് അവസ്ഥയിൽ ജീവികൾ ട്രെഹലോസ് എന്ന പഞ്ചസാര ഉത്പാദിപ്പിക്കുകയും മരണത്തെ അതിജീവിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിരുന്നു. 

Asianet News Live

PREV
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ