ശാസ്ത്രജ്ഞന്മാര്‍ക്ക് ഒളിംപിക്സില്‍ എന്ത് കാര്യം?; ടോക്കിയോ ഒളിംപിക്സ് നല്‍‍കിയ ഉത്തരം ഇങ്ങനെ.!

By Web TeamFirst Published Aug 9, 2021, 5:44 PM IST
Highlights

ടോക്കിയോയിൽ നിന്നു മടങ്ങുന്നവരിൽ ഓടുന്ന, ചാടുന്ന, നീന്തുന്ന,സൈക്കിൾ ചവിട്ടുന്ന നിരവധി ശാസ്ത്രകാരന്മാരെ കാണാനായി. മാനുഷികസാധ്യതകളുടെ പാരമ്യത നമുക്കു കാട്ടിത്തന്നവർ.- വി എസ് ശ്യാം എഴുതുന്നു

ളിമ്പിക്സിന് ജാപ്പനീസ് മണ്ണിൽ തിരശീല വീണു. ഇന്ത്യയിൽ നിന്ന്, അമേരിക്കയിൽ നിന്ന്, ആഫ്രിക്കയിൽ നിന്ന്, മദ്ധ്യധരണ്യാഴി തീരങ്ങളിൽ നിന്നൊക്കെ അഴകാർന്ന മനുഷ്യർ വന്നു പങ്കുചേർന്നു മടങ്ങിയ മനുഷ്യോത്സവം. നിസ്സഹായതയുടെ ഈ മഹാമാരിക്കാലത്ത് മനുഷ്യരാശി തങ്ങളെ വെല്ലുവിളിച്ച വൈറസ് വകഭേദങ്ങൾക്ക് പതിറ്റാണ്ടുകൾക്ക് മുൻപ് ഹിരോഷിമ നാഗസാക്കി തെരുവുകളിൽ മനുഷ്യൻ മനുഷ്യനോടു ചെയ്ത മഹാപാതകത്തിന്റെ വാർഷികദിനത്തിൽ തന്നെ നൽകാനായ ഉശിരൻ മറുപടിയും കൂടിയായി മാറി ടോക്കിയോ ഒളിമ്പിക്സ്.

ഒളിമ്പിക്സ് നടത്തിപ്പും പങ്കാളിത്തവും സംഘാടനവും ട്രാക്കും ഫീൽഡും ഒക്കെയും ശാസ്ത്രജ്ഞരുടെ കൂടെ പങ്കാണ്. ശാസ്ത്രമോ?
അതെ. ഒളിമ്പിക്സിലാകെ സയൻസിന്റെ പ്രഭാവമുണ്ട്. ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതിയുടെ നട്ടെല്ലായി പ്രവർത്തിച്ച പാൻഡെമിക് ഹാൻഡ്‌ലിംഗ് ശാസ്ത്രജ്ഞർ മുതൽ ഓരോ അത്‍ലറ്റിനേയും കൂടുതൽ മെച്ചപ്പെട്ട പ്രകടനത്തിനു മാനസികമായും ശാരീരികമായും സജ്ജരാക്കിയ വിദഗ്ദ്ധർ മുതൽ കളിക്കളം കയ്യടക്കിയ സാങ്കേതികവിദ്യാ സംവിധാനങ്ങൾ വരെ അടിമുടി വിജയിച്ചും പങ്കെടുത്തും ടോക്കിയോയിൽ നിന്നു മടങ്ങുന്നവരിൽ ഓടുന്ന, ചാടുന്ന, നീന്തുന്ന,സൈക്കിൾ ചവിട്ടുന്ന നിരവധി ശാസ്ത്രകാരന്മാരെ കാണാനായി. മാനുഷികസാധ്യതകളുടെ പാരമ്യത നമുക്കു കാട്ടിത്തന്നവർ.

ഈ ഒളിമ്പിക്സിലെ താരം അന്നയാണ്. മുപ്പതു വയസ്സുള്ള ആസ്ട്രിയക്കാരി അന്നാ കീസൻഹോഫർ. ഒരീച്ച അറിയാതെ, തിരിച്ചറിയപ്പെടാതെ, ഒരു കോച്ചോ, സ്പോൺസറോ, പ്രൊഫഷണൽ പരിശീലനമോ, സാങ്കേതിക പിൻതുണയോ ഒന്നുമില്ലാതെ, ഒറ്റയ്ക്ക് വന്ന്, പത്തു നൂറ്റിമുപ്പതു കിമി ദൂരം സൈക്കിൾ ചവിട്ടി അവർ സ്വർണം നേടി. അവസാന നാൽപതു കിലോമീറ്റർ അന്ന ഒറ്റയ്ക്ക് മുന്നേറി. ആളും ആരവവുമായി വന്ന നിരവധി ലോകചാമ്പ്യന്മാരെ പിന്നിലാക്കി. രണ്ടാമതായി ഫിനിഷ് ചെയ്ത ഡച്ച് താരം സ്വര്‍ണ്ണം നേടിയെന്ന ധാരണയില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന നേരം ഒഫീഷ്യലുകൾ വന്നു പറയുമ്പോഴാണ് തങ്ങളേക്കാൾ മുൻപേ മറ്റൊരാൾ ഫിനിഷ് ചെയ്ത അവിശ്വസനീയ വസ്തുത അറിയുന്നത്. തീരുന്നില്ല. സ്വിസ്സിലെ ലോസാനിൽ ഉള്ള ഫെഡറൽ പോളിടെക്നിക്ക്കിൽ മാത്തമറ്റിക്കൽ ഫിസിക്സിൽ നോൺ ലീനിയർ ഡിഫറൻഷ്യൽ സമവാക്യങ്ങളിൽ ഗവേഷകയാണ് അന്ന! വിയന്നയിലും കേംബ്രിഡ്ജിലും ഒക്കെ പയറ്റിത്തെളിഞ്ഞ ഗണിതശാസ്ത്രജ്ഞ.

കളിക്കളത്തിൽ കരുത്തു കാട്ടിയ ശാസ്ത്രകാരുടെ കഥകൾ തീരുന്നില്ല. ഈജിപ്തിൽ നിന്നുള്ള ഹാദിയ ഹൊസ്‌നിയെ നമ്മൾ അറിയണം. പാർലമെന്റ് അംഗം. ലോക ബാഡ്മിന്റണിൽ നാൽപതാം നമ്പർ. ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ഈജിപ്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. യുകെയിലെ ബാത്ത് സർവകലാശാലയിൽ നിന്ന് ബയോമെഡിസിനിൽ ബിരുദാനന്തര ബിരുദവും ഈജിപ്തിലെ കെയ്‌റോ സർവകലാശാലയിൽ നിന്ന് ഫാർമക്കോളജിയിൽ പിഎച്ച്ഡിയും നേടി, വിവിധ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ആൻറി- ഇൻഫ്ലമേറ്ററി മരുന്നായ ഡെക്സമെത്തസോണ്‍ സംബന്ധിച്ച ഗവേഷണം നടത്തി ശാസ്ത്രരംഗത്തു ശോഭിക്കുന്നു. വയസ്സ് 32. ടോക്കിയോയിൽ നിന്ന് ഹാദിയ നേരെ എത്തുന്നത് ലാബിലേക്കാണ് . അവിടുന്ന് പാര്ലമെന്റിലേക്കും.

ഇനിയുണ്ട്; അമേരിക്കൻ ഓട്ടക്കാരി ഗാബി. ഗബ്രിയേൽ തോമസ്. 200 മീറ്ററിൽ വെങ്കലമെഡൽ ജേതാവ്. ആ ഇനത്തിലെ എക്കാലത്തെയും മൂന്നാമത്തെ വേഗമേറിയ വനിത. ആൾ ഹാർവാർഡ് സർവകലാശാലയിലെ ന്യൂറോബയോളജി - മഹാമാരി സ്പെഷ്യലിസ്റ്റ് ആണ്. പരിശീലനത്തിനും മത്സരങ്ങൾക്കുമിടയിൽ, ഗാബി ഹാർവാർഡ് സർവകലാശാലയിൽ ന്യൂറോബയോളജി ഗ്ലോബൽ ഹെൽത്ത് എന്നിവ പഠിച്ചു. ഓസ്റ്റിനിലെ ടെക്സാസ് സർവകലാശാലയിൽ എപ്പിഡെമിയോളജിയിലും ഹെൽത്ത് മാനേജ്‌മെന്റിലും ഗവേഷണം. വിഷയം അമേരിക്കയിലെ ആരോഗ്യ സേവനങ്ങളിലെ വംശീയ അസമത്വം.

മറ്റൊരാൾ ഷാർലറ്റ് ഹൈം ആണ്. ന്യൂറോ സയൻസ് ഡോക്ടറായ ഫ്രഞ്ച് വനിത. സ്കേറ്റ്ബോർഡിംഗിന്റെ ഒളിമ്പിക് മത്സരത്തിൽ പങ്കെടുത്തു. തനിക്ക് 12 വയസ്സുള്ളപ്പോൾ, പാരീസിലെ തന്റെ വീടിനടുത്ത് സ്കേറ്റ്ബോർഡിംഗ് നടത്തുന്ന ആളുകളാൽ ആകർഷിക്കപ്പെട്ടു. ആഗ്രഹം പിന്തുടർന്ന് ഒളിമ്പിക് വേദി വരെയെത്തി. സ്ട്രീറ്റ് സ്കേറ്റ് ഇവന്റിന്റെ യോഗ്യതാ റൗണ്ടിൽ പുറത്തായെങ്കിലും ന്യൂറോ സയൻസിൽ പിഎച്ച്ഡി നേടിയ ചുരുക്കം ചില അത്‌ലറ്റുകളിൽ ഒരാളായി ഹൈം ടോക്കിയോയിൽ തന്റെ അടയാളം പതിപ്പിച്ചു. ഹൈമിന്റെ ശാസ്ത്രഗവേഷണം എന്തെന്നോ? നവജാതശിശുക്കളിൽ മോട്ടോർ കഴിവുകൾ വികസിപ്പിക്കുന്നതിൽ അമ്മയുടെ ശബ്ദത്തിന്റെ പ്രഭാവം.

ക്വാണ്ടം ഫിസിക്സ് വിദഗ്ദ്ധരും ടോക്കിയോയിൽ മാറ്റുരച്ചു. ഐറിഷ് അത്‌ലറ്റ് ലൂയി ഷനഹാൻ 24 വയസ്സ്. 800 മീറ്റർ ഫൈനലിൽ അവസാനമായി എത്തേണ്ടി വന്നു എങ്കിലും ലക്‌ഷ്യം 2024 പാരീസ് ഒളിമ്പിക്‌സാണ്. സ്വന്തം നാട്ടിലെ കോർക്ക് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഷഹാൻ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്നു. മെഡിക്കൽ ഫിസിക്സ് - ക്വാണ്ടം ഏരിയയിൽ മനുഷ്യകോശങ്ങളിലെ താപനില അളക്കാൻ ചെറിയ വജ്രങ്ങൾ ഉപയോഗിക്കാൻ പറ്റുമോ എന്ന് നോക്കുകയാണ്. കാൻസർ രോഗനിർണയവും ചികിത്സയും മെച്ചപ്പെടുത്താൻ കഴിയുന്ന ഉപകരണങ്ങൾ പഠിക്കുകയും വികസിപ്പിക്കുകയും കൂടി. ശാസ്ത്രത്തിനും ട്രാക്കിനും ഇടയിലുള്ള സ്വിച്ചിങ് ആണ് ഷനഹാന്റെ ജീവിതം. ലാബിൽ അത്ഭുതാവഹമായി ശാസ്ത്രം ഉരുത്തിരിയുമ്പോൾ തന്നെ ഞാൻ ഒരു ഒളിമ്പിക് അത്‌ലറ്റാണെന്ന് എനിക്ക് അഭിമാനിക്കാം. ട്രാക്കിൽ നിന്നു കൊണ്ട് ഒരു ക്വാണ്ടം ഫിസിസിസ്റ്റ് ആണെന്നും. ലാബിൽ മോശമാണെങ്കിൽ ഞാൻ ട്രാക്കിലും ട്രാക്കിൽ പരാജയപ്പെട്ടാൽ ലാബിലും വിജയിക്കും. ” ഷനഹാൻ പത്രക്കാരോട് പറയുകയാണ് .

ജർമ്മനിയിൽ നിന്നുള്ള നദീൻ ആപ്റ്റെസ് പാർക്കിൻസൺസ് രോഗത്തിന് ഒരു പുതിയ ചികിത്സ വികസിപ്പിക്കാൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞയാണ്. ടോക്കിയോയിൽ വനിതാ ഒളിമ്പിക് ബോക്സിംഗിൽ ജർമ്മനിയുടെ ആദ്യ പ്രതിനിധിയായി റിംഗിൽ പ്രവേശിച്ചുകൊണ്ട്, ആപ്റ്റെസ് ചരിത്രം സൃഷ്ടിച്ചു. 69 കിലോ വിഭാഗത്തിൽ തന്റെ ആദ്യ ഒളിമ്പിക് പോരാട്ടത്തിൽ അവൾ താരതമ്യേന ജൂനിയറായ ഇന്ത്യയുടെ ലോവ്ലിനയോട് തോറ്റു.

എങ്കിലും യൂറോപ്യൻ ടൂർണമെന്റുകളിലും ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പുകളിലും മെഡലുകളോടെ, ജർമ്മൻ ബോക്സിങ് റിങ്ങിലെ ഇടിമുഴക്കമാണ്. ജന്മനാട്ടിലെ ബ്രെമെൻ സർവകലാശാലയിൽ നിന്ന് ന്യൂറോ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നദീന്റെ അടുത്ത ലക്ഷ്യം ജർമ്മനിയിലെ കൊളോൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡോക്ടറേറ്റ് പൂർത്തിയാക്കുക എന്നതാണ്.

തലച്ചോറിലെ ചില ഭാഗങ്ങളിൽ വൈദ്യുതകാന്തിക പ്രവാഹങ്ങൾ ഉൾപ്പെടുത്തിയുള്ള ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനം എന്ന
സാങ്കേതികതയാണ് നദീൻ പഠിക്കുന്നത്. ഈ ചികിത്സയ്ക്ക് വലിയ സാധ്യതകളുണ്ട്, ഭാവിയിൽ, പേശികളുടെ ചലനത്തിനും നിയന്ത്രണത്തിനും ഉത്തരവാദികളായ ന്യൂറോണുകളെ ബാധിക്കുന്ന ഒരു അപചയ അവസ്ഥയായ പാർക്കിൻസൺസ് രോഗമുള്ള ആളുകളെ ഈ കണ്ടുപിടിത്തങ്ങൾ സഹായിച്ചേക്കാം. “ഞാൻ ജപ്പാനിൽ നിന്ന് മടങ്ങിയെത്തുമ്പോൾ, എന്റെ പഠനങ്ങളിലേക്ക് 100% ശ്രദ്ധ കേന്ദ്രീകരിക്കുവാൻ പോവുകയാണ് ” നദീന്റെ വാക്കുകൾ.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ജീവശാസ്ത്രത്തിൽ ബിരുദം നേടിയ 29 വയസ്സുള്ള ആൻഡ്രിയ മുറെ നാലു കൊല്ലത്തിൽ ഒരിക്കൽ ഇസ്രായേൽ സംഘടിപ്പിക്കുന്ന മക്കാബിയ ഗെയിംസിന്റെ നീന്തൽ മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുത്തു വന്നു. ഇന്ന് മുറെ ഇസ്രയേലിന്റെ മിന്നൽ സ്വിമ്മർ ആണ്. അത്ലറ്റ്, ബയോളജിസ്റ്റ്, ഭാവി ഡോക്ടർ തുടങ്ങിയ റോളുകൾക്ക് പുറമെ ടോക്കിയോ ഒളിമ്പിക്സിൽ 50, 100, 200 മീറ്റർ ഫ്രീസ്റ്റൈൽ, 4 × 100 മിക്സഡ് റിലേകൾ എന്നിവയിൽ മുറേ വെള്ളത്തിൽ ചാടി. റിലേയിൽ ഇസ്രായേൽ ടീം ഫൈനലിൽ എട്ടാം സ്ഥാനത്തെത്തി.

ശാസ്ത്രഗവേഷകർ, പഠിതാക്കൾ കേവലപഠനങ്ങളിലും വരാന്തഗവേഷണങ്ങളിലും ജീവിതപ്രതിസന്ധികളിലും ഒതുങ്ങുക അല്ല, മറിച്ച് വലിയ ജീവിതപോരാട്ടം നടത്തി പങ്കെടുക്കുന്ന, പിന്തുടരുന്ന ഏതു മേഖലയിലും ഏറ്റവും മികച്ചതു പുറത്തെടുക്കുന്ന മാതൃകാ മനുഷ്യർ ആയി മാറിയ നേർചിത്രങ്ങളാണ് ടോക്കിയോയിൽ തെളിഞ്ഞത്. ശാസ്ത്രത്തിന്റെ തേരിലേറി അത്തരക്കാർ കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ കരുത്തിൽ പാരീസിൽ ഉണ്ടാകും, 2024 ഒളിമ്പിക് വേദിയിൽ.

(സസക്സ് യൂണിവേഴ്സിറ്റിയിലെ മുൻ ഗവേഷകനാണ് ലേഖകൻ)

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!