സൈന്യത്തിന്റെ തിരിച്ചടിക്ക് പുറമേ പാകിസ്ഥാന് എട്ടിന്‍റെ പണിയുമായി ഓപ്പറേഷൻ സൈബർ ശക്തി

Published : May 14, 2025, 08:11 AM IST
സൈന്യത്തിന്റെ തിരിച്ചടിക്ക് പുറമേ പാകിസ്ഥാന് എട്ടിന്‍റെ പണിയുമായി ഓപ്പറേഷൻ സൈബർ ശക്തി

Synopsis

ഈ ഡിജിറ്റൽ ഹാക്കിംഗ് പ്രവർത്തനത്തിൽ സ്പിയർ ഫിഷിംഗ്, ഡാറ്റ ചോർത്തൽ, പാകിസ്ഥാൻ ഡിജിറ്റൽ ആസ്‍തികളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വെബ്‌സൈറ്റ് കുഴപ്പത്തിലാക്കൽ തുടങ്ങിവ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ സൈബർ ആക്രമണങ്ങൾ ഉൾപ്പെടുന്നു

ദില്ലി:പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സേനയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സൈബർ ലോകത്ത് പാകിസ്ഥാൻ നേരിടുന്നത് മറ്റൊരു നിഴൽ യുദ്ധമെന്ന് റിപ്പോർട്ട്. നിരവധി പാകിസ്ഥാൻ സർക്കാർ വെബ്‌സൈറ്റുകൾക്കും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനും ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്ത്യൻ അനുകൂല ഹാക്കർമാർ നടത്തുന്ന ഓപ്പറേഷൻ സൈബർ ശക്തിയാണിത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ ആഘാതം ഭൌമാതിർത്തികളിൽ മാത്രം ഒതുങ്ങുന്നില്ല. അതിന്റെ പ്രതിധ്വനി  ഡിജിറ്റൽ ലോകത്തും കേൾക്കാൻ തുടങ്ങിയിരിക്കുന്നു.  ഓപ്പറേഷൻ സൈബർ ശക്തി എന്ന സൈബർ ഓപ്പറേഷനു കീഴിൽ, ഇന്ത്യൻ ഹാക്കർമാർ പാകിസ്ഥാനിലെ നിരവധി പ്രധാന വെബ്‌സൈറ്റുകളും ഓൺലൈൻ സിസ്റ്റങ്ങളും തകർത്തു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രതിരോധ സൈബർ വിഭാഗങ്ങളെ ആക്രമിച്ചു എന്ന പാക്ക് ഹാക്കർമാരുടെ അവകാശവാദത്തിന് തൊട്ടുപിന്നാലെയാണ് ഓപ്പറേഷൻ സൈബർശക്തി എന്ന പേരിൽ ഇന്ത്യൻ അനുകൂല ഹാക്കർമാരുടെ വരവ്.

ഇന്ത്യൻ ഹാക്കർമാർ നടത്തുന്ന ഒരു അനൗദ്യോഗിക സൈബർ ക്യാംപെയ്നാണ് ഓപ്പറേഷൻ സൈബർ ശക്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈബർ സംഘർഷത്തിന്റെ ഭാഗമായി പാകിസ്ഥാൻ വെബ് ഇൻഫ്രാസ്ട്രക്ചർ, പ്രത്യേകിച്ച് പ്രതിരോധ, സർക്കാർ വെബ്‌സൈറ്റുകൾ തുടങ്ങിയവ തടസപ്പെടുത്തുന്നതിലും സജീവമായി പ്രവർത്തിക്കുന്ന ഒരു സ്വയം പ്രഖ്യാപിത ഇന്ത്യൻ ഹാക്കർ സംരംഭമാണ് ഓപ്പറേഷൻ സൈബർ ശക്തി.

ഈ ഡിജിറ്റൽ ഹാക്കിംഗ് പ്രവർത്തനത്തിൽ സ്പിയർ ഫിഷിംഗ്, ഡാറ്റ ചോർത്തൽ, പാകിസ്ഥാൻ ഡിജിറ്റൽ ആസ്‍തികളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വെബ്‌സൈറ്റ് കുഴപ്പത്തിലാക്കൽ തുടങ്ങിവ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ സൈബർ ആക്രമണങ്ങൾ ഉൾപ്പെടുന്നു. പാകിസ്ഥാനിലെ നിരവധി സർക്കാർ, പ്രതിരോധ വെബ്‌സൈറ്റുകൾ ലക്ഷ്യമിട്ടുള്ള കോഡുകൾ ഉപയോഗിച്ചാണ് ഈ ഡിജിറ്റൽ യുദ്ധം നടക്കുന്നതെന്ന് ഈ ഹാക്കർമാർ അവകാശപ്പെടുന്നു. അതേസമയം ഈ ദൗത്യത്തിന് പിന്നിൽ ഒരു സർക്കാർ ഏജൻസിയും പ്രവർത്തിക്കുന്നില്ല. പകരം അതിർത്തിയിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ പ്രതികരണം നൽകുന്ന ഒരു സ്വതന്ത്ര ഹാക്കിംഗ് ഗ്രൂപ്പാണിത് എന്നാണ് റിപ്പോർട്ടുകൾ.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ട വിവരങ്ങൾ അനുസരിച്ച്, ഓപ്പറേഷൻ സൈബർശക്തിയുടെ കീഴിൽ പാകിസ്ഥാൻ ജയിലുകളുമായി ബന്ധപ്പെട്ട ഡാറ്റ ചോർന്നിട്ടുണ്ട്. ഇത് മാത്രമല്ല, പാക്ക് ആർമി എഞ്ചിനീയറിംഗ് സർവീസസിന്റെ ഡാറ്റാബേസും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുണ്ട്. പാകിസ്ഥാനിലെ പഴയ വൈദ്യുത നിലയങ്ങളുമായി ബന്ധപ്പെട്ട സെൻസിറ്റീവ് വിവരങ്ങളും ചോർന്നുവെന്നതാണ് മറ്റൊരു അമ്പരപ്പിക്കുന്ന വാദം. ഇതിനുപുറമെ, ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ട ഡാറ്റയിലേക്കുള്ള ആക്‌സസും ഈ ഹാക്കർമാർ അവകാശപ്പെട്ടിട്ടുണ്ട്. ഈ ഹാക്കർ ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, ഇതുവരെ അവർ 700 ൽധികം പാകിസ്ഥാൻ വെബ്‌സൈറ്റുകൾ നീക്കം ചെയ്യുകയും 1000ൽ അധികം സിസിടിവി നെറ്റ്‌വർക്കുകൾ ആക്‌സസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണം ഇന്ത്യയിൽ നിന്ന് മാത്രമല്ല സിംഗപ്പൂർ, അമേരിക്ക തുടങ്ങിയ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുപോലും നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും