Latest Videos

ധ്രുവദീപ്തി നിറ‌ഞ്ഞ ആകാശവും അതിനപ്പുറത്തെ വിസ്മയങ്ങളും; ലഡാക്കിലെ ഭീമൻ ടെലസ്കോപ്പ് പകർത്തിയ ദൃശ്യങ്ങൾ

By Web TeamFirst Published May 24, 2024, 3:11 PM IST
Highlights

ഹൻലെയിലെ ഒബസർവേറ്ററിയിൽ സ്ഥാപിച്ചിട്ടുള്ള ഭീമൻ ടെലിസ്കോപ്പിൽ ഘടിപ്പിച്ച ക്യാമറകൾ പക‍ർത്തിയ ടൈം ലാപ്സ് വീഡിയോ  നോർത്തേൺ ഔറയുടെ മനോഹാരിത നമുക്ക് വരച്ചിട്ടുതരും

ലഡാക്ക്: രണ്ട്  ദശാബ്ദത്തിനിടയിലുണ്ടായ ശക്തമായ സൗര കൊടുങ്കാറ്റിന്റെ ഭാഗമായി രൂപം കൊണ്ട നോർത്തേൺ ലൈറ്റ്സ് എന്ന നോർത്തേൺ ഔറ വിവിധ രാജ്യങ്ങളിൽ ദൃശ്യമായിരുന്നു. സാധാരണ ഗതിയിൽ ഈ ധ്രുവ ദീപ്തി ദൃശ്യമാവാത്ത പ്രദേശങ്ങളിലും ഇക്കുറി അതിന് സാക്ഷിയാവാൻ കഴിഞ്ഞത് ശാസ്ത്രകുതുകികൾക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. ഇത്തരത്തിൽ ഇന്ത്യയിൽ  ഈ ധ്രുവ ദീപ്തി കാണാൻ കഴിഞ്ഞ സ്ഥലമായിരുന്നു ലഡാക്കിലെ ഹൻലെ എന്ന ഗ്രാമം.

സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 15,000 അടി (4500 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹൻലെയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന് കീഴിൽ ഒരു ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ ഗ്രഹങ്ങളെയും മറ്റ് ആകാശ വിസ്മയങ്ങളെയും നിരീക്ഷിക്കാനായി സ്ഥാപിച്ചിരിക്കുന്ന ഭീമൻ ടെലസ്കോപ്പ്, ലോകത്ത് തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൂരദർശിനികളിലൊന്നാണ്. ആകാശത്തിലെ അപൂർവ ദൃശ്യങ്ങൾ പകർത്തുന്ന ഹൻലെയിലെ ഈ ടെലിസ്കോപ്പ്, ശാസ്ത്രതത്പരർക്ക് വിസ്മയ ലോകത്തിലേക്കുള്ള വാതിലാണ്.

ധ്രുവദീപ്തി ദൃശ്യമായ മേയ് പതിനൊന്നാം തീയ്യതി ലഡാക്കിലെ ഹൻലെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ശാസ്ത്രകുതുകികളും ഫോട്ടോഗ്രാഫർമാരും പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. എന്നാൽ  ഏറെ വിസ്മയിപ്പിക്കുന്ന മറ്റൊരു ദൃശ്യം ഹൻലെയിലെ ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററി പുറത്തുവിട്ടത് അധികമാരും ശ്രദ്ധിച്ചിരിക്കാൻ വഴിയില്ല. ഭീമൻ ടെലിസ്കോപ്പിൽ ഘടിപ്പിച്ച ക്യാമറകൾ പക‍ർത്തിയ ഒരു രാത്രിയുടെ മുഴുവൻ ടൈം ലാപ്സ് വീഡിയോയാണിത്. ഏറെ വ്യത്യസ്ഥമായ നോർത്തേൺ ഔറയുടെ മനോഹാരിത ഈ ആകാശ ദൃശ്യങ്ങൾ നമുക്ക് മുന്നിൽ വരച്ചിട്ടുതരും. നിറങ്ങളുടെ വിസ്മയത്തിനപ്പുറം ഉൾക്കകൾ പോലുള്ള ആകാശ ഗോളങ്ങളും അതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. 

വീഡിയോ കാണാം

സൂര്യന്റെ അന്തരീക്ഷത്തിൽ നടന്ന സൗരകൊടുങ്കാറ്റ് മേയ് പത്താം തീയ്യതി വെള്ളിയാഴ്ച വൈകി ആരംഭിച്ച് ഞായറാഴ്ച വരെ നിലനിൽക്കുമെന്നായിരുന്നു ശാസ്ത്രജ്ഞർ വിശദമാക്കിയിരുന്നത്. ഇതുമൂലം ഭൂമിയിൽ ഏകദേശം 60 മുതൽ 90 മിനിറ്റ് വരെ ഇതിന്റെ സ്വാധീനമുണ്ടാകുമെന്നും മുന്നറിയിപ്പുകളുണ്ടായിരുന്നു.   ഇതുവരെയുണ്ടായതിൽ രണ്ടാമത്തെ ഏറ്റവും വലിയ സൗരകൊടുങ്കാറ്റാണ് ഈ മാസമുണ്ടായത്. അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ഒക്കെയാണ് വലിയ രീതിയിൽ ധ്രുവ ദീപ്തി ദൃശ്യമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!