
ഫ്ലോറിഡ: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിൽ പുതിയ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിന് പിന്നാലെ ശുഭാംശു അടക്കം ഭാഗമായ ആക്സിയം 4 ദൗത്യം മാറ്റിവയ്ക്കുകയാണെന്ന് നാസ അറിയിച്ചു. പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചിട്ടില്ല. നിലയത്തിലെ സ്വെസ്ദ എന്ന റഷ്യൻ മൊഡ്യൂളിൽ മർദ്ദ വ്യതിയാനം കണ്ടെത്തിയതാണ് പുതിയ പ്രതിസന്ധി.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ മൊഡ്യൂളിലെ ചില ചോർച്ചകൾ റഷ്യൻ കോസ്മനോട്ടുകൾ പരിഹരിച്ചിരുന്നു. പുതിയ പ്രശ്നം വിശദമായി പഠിക്കാൻ സമയം വേണമെന്നാണ് നാസയുടെയും റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെയും അഭിപ്രായം. പരിശോധനകൾ പൂർത്തിയാക്കും വരെ ആക്സിയം 4 ദൗത്യം മാറ്റിവയ്ക്കാനാണ് തീരുമാനം. ആദ്യം മേയ് 29ന് നിശ്ചയിച്ചിരുന്ന ദൗത്യം ആദ്യം കാലാവസ്ഥ പ്രശ്നവും പിന്നീട് ഫാൽക്കൺ 9 റോക്കറ്റിലെ ദ്രവീകൃത ഓക്സിജൻ ചോർച്ച കാരണവും നാല് വട്ടം മാറ്റി വച്ചിരുന്നു. ലോഞ്ച് പാഡിൽ തുടരുന്ന റോക്കറ്റിൽ സ്പേസ് എക്സ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.
വെള്ളിയാഴ്ചയോ ശനിയാഴ്ചയോ വിക്ഷേപണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ബഹിരാകാശ നിലയത്തിലെ പ്രശ്നം പുറത്തുവരുന്നത്. നിലവിൽ ശുഭാംശുവും സംഘവും ക്വാറൻ്റീനിൽ തുടരുകയാണ്. ഇസ്രൊ ചെയർമാൻ അടക്കമുള്ള 18 അംഗ ഇന്ത്യൻ സംഘവും ഫ്ലോറിഡയിൽ തുടരുകയാണ്