അന്യഗ്രഹ ജീവികളെക്കുറിച്ച് വെളിപ്പെടുത്താനൊരുങ്ങി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ !

By Web TeamFirst Published Jan 12, 2021, 5:11 PM IST
Highlights

അടുത്ത 180 ദിവസത്തിനുള്ളില്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്. 

യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്യഗ്രഹ ജീവികളെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന എല്ലാം കാര്യങ്ങള്‍ വെളിപ്പെടുത്താനൊരുങ്ങുന്നു. എന്നാലിത് പൊതുജനങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. അമേരിക്കന്‍ കോണ്‍ഗ്രസിനാണ് ഇക്കാര്യം അവര്‍ പങ്കിടാന്‍ ഒരുങ്ങുന്നത്. അടുത്ത 180 ദിവസത്തിനുള്ളില്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസ ചെലവ് ബില്ലില്‍ ഇതിനെ സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങും ഉള്‍പ്പെടുത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡിസംബറില്‍ 2.3 ട്രില്യണ്‍ ഡോളര്‍ കൊറോണ വൈറസ് ദുരിതാശ്വാസ, സര്‍ക്കാര്‍ ധനസഹായ ബില്ലില്‍ നിയമത്തില്‍ ഒപ്പുവെച്ചതോടെയാണ് ഈ ദ്രുതനീക്കം. യുഎഫ്ഒകളെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസിനോട് പറയാന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുണ്ടു മടക്കിക്കുത്തിക്കഴിഞ്ഞതായാണ് വിവരം. 

കോണ്‍ഗ്രസ് രഹസ്യാന്വേഷണ, സായുധ സേവന സമിതികള്‍ക്ക് 'അജ്ഞാതമായ ആകാശ പ്രതിഭാസങ്ങളെക്കുറിച്ച്' ഒരു തരംതിരിക്കാത്ത റിപ്പോര്‍ട്ട് നല്‍കാന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറും പ്രതിരോധ സെക്രട്ടറിയും തയ്യാറെടുക്കുന്നുവെന്നു വെളിപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്റലിജന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ 'കമ്മിറ്റി കമന്റ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു നിബന്ധനയാണിത്. ആ റിപ്പോര്‍ട്ടില്‍ യുഎഫ്ഒ ഡാറ്റയുടെയും ഇന്റലിജന്‍സിന്റെയും വിശദവിശകലനങ്ങള്‍ അടങ്ങിയിരിക്കണമെന്നാണ് നിബന്ധന. സെനറ്റ് രഹസ്യാന്വേഷണ സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഏരിയല്‍ ടാസ്‌ക് ഫോഴ്‌സും എഫ്ബിഐയും ഇക്കാര്യത്തില്‍ പലതും തുറന്നു പറയേണ്ടി വരും.

'ഫെഡറല്‍ ഗവണ്‍മെന്റിനായി അജ്ഞാതമായ എല്ലാ ആകാശ പ്രതിഭാസ റിപ്പോര്‍ട്ടിംഗിന്റെയും വിവരശേഖരണവും വിശകലനവും ഉറപ്പുവരുത്തുന്നതിനുള്ള ഒരു പ്രക്രിയ ആയിരിക്കുമിത്.' ഇതിനായി ഒരു ഉേദ്യാഗസ്ഥനെ നിയമിക്കുകയും വേണം. യുഎഫ്ഒകള്‍ മുഖേനയുള്ള ദേശീയ സുരക്ഷാ ഭീഷണികള്‍, രാജ്യത്തിന്റെ എതിരാളികളില്‍ ആരെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടോ എന്ന് വിലയിരുത്താനും തീരുമാനമുണ്ടെന്ന് കമ്മിറ്റി പറഞ്ഞു. നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസ് വക്താവ് വസ്തുത പരിശോധിക്കുന്ന വെബ്‌സൈറ്റായ സ്‌നോപ്‌സിന് ഈ വാര്‍ത്ത സ്ഥിരീകരിച്ചു.

'അജ്ഞാതമായ ആകാശ പ്രതിഭാസങ്ങള്‍' കാണിക്കുന്ന മൂന്ന് വീഡിയോകള്‍ പെന്റഗണ്‍ കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കിയിരുന്നു. ഇത് യുഎസ് നേവി മുമ്പ് സ്ഥിരീകരിച്ച ക്ലിപ്പുകള്‍ യഥാര്‍ത്ഥമാണെന്ന് വ്യക്തമാക്കുന്നു. ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഉപയോഗിച്ച് റെക്കോര്‍ഡുചെയ്തതാണ് തിരിച്ചറിയപ്പെടാത്ത പറക്കുന്ന ഈ വസ്തുക്കള്‍. ഇവ അതിവേഗം ചലിക്കുന്നതായി വീഡിയോകള്‍ വ്യക്തമാക്കുന്നു. രണ്ട് വീഡിയോകളിലും വസ്തുക്കള്‍ എത്ര വേഗത്തില്‍ നീങ്ങുന്നുവെന്ന് ആശ്ചര്യത്തോടെ ഷൂട്ട് ചെയ്ത അംഗങ്ങള്‍ പ്രതികരിക്കുന്നു. ഇത് ഒരു ഡ്രോണ്‍ ആയിരിക്കാമെന്ന് ഒരു ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. വസ്തുക്കള്‍ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല, അവയുടെ ഉത്ഭവത്തെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. അന്യഗ്രഹജീവികളേക്കാള്‍, എതിരാളികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യതയുള്ള ഡ്രോണുകളായിരിക്കാമിതെന്ന് ചിലര്‍ വിശ്വസിക്കുന്നു. അന്വേഷണത്തിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതായി ഓഗസ്റ്റില്‍ പെന്റഗണ്‍ പ്രഖ്യാപിച്ചിരുന്നു.

യുഎസ് സൈനിക താവളങ്ങളില്‍ പറന്നുയര്‍ന്ന അജ്ഞാത വിമാനത്തിന്റെ രൂപത്തെക്കുറിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ക്കും പണ്ടേ ആശങ്കയുണ്ടായിരുന്നു. പെന്റഗണും രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കാന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി കഴിഞ്ഞ ജൂണില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെന്റഗണ്‍ അജ്ഞാത വസ്തുക്കളെ ആകാശത്തെ കണ്ടുമുട്ടുന്നത് ഇതാദ്യമല്ല. മുന്‍ സെനറ്റര്‍ ഹാരി റീഡിന്റെ നിര്‍ദേശപ്രകാരം പെന്റഗണ്‍ മുമ്പ് ഇത്തരം സംഭവങ്ങളുടെ റെക്കോര്‍ഡിംഗുകള്‍ പഠിച്ചിരുന്നു. ആ പ്രോഗ്രാം 2007 ല്‍ ആരംഭിക്കുകയും 2012 ല്‍ അവസാനിക്കുകയും ചെയ്തു. ഇതിനു പ്രധാന കാരണം ധനസഹായത്തിന്റെ അഭാവമായിരുന്നുവെന്ന് പ്രോഗ്രാമിന്റെ മുന്‍ മേധാവി ലൂയിസ് എലിസോണ്ടോ പറഞ്ഞു. ഇതിനാണ് ഇപ്പോള്‍ ജീവന്‍ വച്ചിരിക്കുന്നത്.

click me!