ഗതിമാറിയ ന്യൂനമര്‍ദ്ദം മുതല്‍, ലഘുമേഘ സ്ഫോടനം വരെ; പ്രളയസമാനമായ സാഹചര്യമുണ്ടാക്കിയ മഴയ്ക്ക് പിന്നില്‍

By Web TeamFirst Published Oct 17, 2021, 9:32 AM IST
Highlights

രാവിലെ ആറു മണിക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഇടയില്‍ പെയ്തത് കൊടും മഴയായിരുന്നു. ഇടുക്കി, കോട്ടയം ജില്ലയിലെ ചില മഴമാപിനികളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക് മാത്രം ഇത് തെളിയിക്കും.

തിരുവനന്തപുരം: ഒരാഴ്ച മുന്‍പ് വരെ കാലവസ്ഥ നിരീക്ഷകര്‍ കേരളത്തില്‍ കനത്ത മഴ (Hevy Rain) പ്രവചിച്ചിരുന്നെങ്കിലും പ്രവചനങ്ങള്‍ക്കൊന്നും പിടികൊടുക്കാത്ത അതിതീവ്ര മഴയാണ് ശനിയാഴ്ച കേരളത്തില്‍ ഉണ്ടായത്. കേരള തീരത്തിന് സമീപം രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുന്നത് കനത്ത മഴയ്ക്ക് കാരണമാകുമെന്നുള്ള ധാരണ കാലവസ്ഥ നിരീക്ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ സാധാരണ അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദങ്ങള്‍ വടക്കോട്ടാണ് നീങ്ങാറ്, പക്ഷെ കഴിഞ്ഞ ദിവസം ഈ വഴിമാറി ന്യൂനമര്‍ദ്ദം തെക്കോട്ട് സഞ്ചരിച്ചതോടെ തെക്കന്‍ കേരളത്തില്‍ പേമാരി കെടുതിയായി. 

രാവിലെ ആറു മണിക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഇടയില്‍ പെയ്തത് കൊടും മഴയായിരുന്നു. ഇടുക്കി, കോട്ടയം ജില്ലയിലെ ചില മഴമാപിനികളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക് മാത്രം ഇത് തെളിയിക്കും. ഈ മണിക്കൂറുകളില്‍ പീരുമേട്ടില്‍ ലഭിച്ച മഴ 21 സെന്‍റിമീറ്റര്‍, പൂഞ്ഞാറില്‍ 14 സെ.മീ, കോന്നിയിലും ചെറുതോണിയിലും 13 സെ.മീ എന്നിങ്ങനെ പോകുന്നു. ഏതാനും മണിക്കൂറുകളില്‍ 10 സെ.മീ കൂടുതല്‍‍ മഴ ലഭിക്കുന്നത് ലഘുമേഖ സ്ഫോടനം എന്ന് കണക്കാക്കണമെന്നാണ് കാലവസ്ഥ നിരീക്ഷകര്‍ പറയുന്നത്. അതായത് ഇടുക്കി, കോട്ടയം മലയോര മേഖലകളില്‍ ഇന്നലെ നടന്നത് ഒരു ലഘുമേഘസ്ഫോടനം തന്നെയാണ്.

പത്തനംതിട്ടയിലും കനത്ത മഴയാണ് ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ടുവരെ പത്തനംതിട്ട മഴ അറിയിപ്പുകളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. തെക്കോട്ട് നീങ്ങിയ മഴ മേഘങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചയോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് മുകളില്‍ 80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് മേഘബാന്‍റ് തീര്‍ത്ത് തിമിര്‍ത്തു പെയ്തു എന്നത് അപ്രതീക്ഷിതമായിരുന്നു. റെഡ് അലര്‍ട്ട് പോലും കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന രാവിലെ പത്ത് മണിക്കാണ് പ്രവചിക്കപ്പെട്ടത്. 

അതേ സമയം അറബിക്കടലിലെ ന്യൂന മര്‍ദ്ദങ്ങള്‍ കേരളത്തില്‍ ആഗസ്റ്റ് മാസത്തിലെ കാലവര്‍ഷത്തോടൊപ്പം ചേര്‍ന്ന് വലിയ മഴക്കെടുത്തി ഉണ്ടാക്കുന്നു എന്നത് 2018 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ കണ്ടതാണ്. സമാനമായ സ്ഥിതി വരും ഒക്ടോബറുകളില്‍ പ്രതീക്ഷിക്കേണ്ടിവരുമോ എന്നത് വലിയ പഠനങ്ങള്‍ക്ക് വഴിതുറക്കേണ്ട കാര്യമാണ്. 

click me!