ഐഎസ്ആര്‍ഒ മാജിക് നാളെ; ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ ഒന്നാകും! ചരിത്ര പരീക്ഷണം തത്സമയം കാണാനുള്ള വഴി

Published : Jan 08, 2025, 12:25 PM ISTUpdated : Jan 08, 2025, 12:30 PM IST
ഐഎസ്ആര്‍ഒ മാജിക് നാളെ; ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ ഒന്നാകും! ചരിത്ര പരീക്ഷണം തത്സമയം കാണാനുള്ള വഴി

Synopsis

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് നാളെ ഇന്ത്യന്‍ സമയം രാവിലെ 8 മണിക്കാണ് ആരംഭിക്കുക

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചരിത്രത്തിലാദ്യമായി നടത്തുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ (09-01-2025). ഇസ്രൊ 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ഇന്ത്യന്‍ സമയം വ്യാഴാഴ്‌ച രാവിലെ 8 മണിക്ക് സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ആരംഭിക്കും. ഇസ്രൊയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ബഹിരാകാശ ഡോക്കിംഗ് തത്സമയം കാണാം. 

ഐഎസ്ആര്‍ഒ കഴിഞ്ഞ ഡിസംബര്‍ 30-ാം തിയതി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളിലാണ് രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചത്. ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്‌ഡിഎക്‌സ്01 (SDX01-ചേസര്‍), എസ്‌ഡിഎക്‌സ്02 (SDX02- ടാര്‍ഗറ്റ്) എന്നീ ഉപഗ്രഹങ്ങളാണ് ഈ പരീക്ഷണ ദൗത്യത്തിലുള്ളത്. 20 കിലോമീറ്റര്‍ അകലത്തില്‍ വിക്ഷേപിക്കപ്പെട്ട ഈ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ സാവധാനം കുറച്ചുകൊണ്ടുവന്നാണ് ഒടുവില്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുക. ഈ ഡോക്കിംഗ് പരീക്ഷണം ജനുവരി 6ന് നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 9-ാം തിയതിയിലേക്ക് നീട്ടിവെക്കുകയായിരുന്നു. 

ബഹിരാകാശ ഡോക്കിംഗ്; നാലാമത്തെ രാജ്യമാകാന്‍ ഇന്ത്യ

നാളത്തെ സ്പേഡെക്‌സ് ഡോക്കിംഗ് വിജയിപ്പിച്ചാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമെന്ന ഖ്യാതി ഇന്ത്യ നേടും. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമേ സ്പേസ് ഡോക്കിംഗ് ടെക്നോളജി വിജയിപ്പിച്ചിട്ടുള്ളൂ. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീഷ സ്റ്റേഷന്‍റെ നിര്‍മാണത്തിന് സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ കൂടിയേതീരൂ. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് നാളത്തെ പരീക്ഷണത്തെ ഐഎസ്ആര്‍ഒയും രാജ്യവും ഉറ്റുനോക്കുന്നത്. 

Read more: സ്പേഡെക്സ് ഡോക്കിംഗ് എന്തുകൊണ്ട് മാറ്റി? സാങ്കേതിക പ്രശ്‌നം എന്ന് ഐഎസ്ആര്‍ഒ; പുതിയ വീഡിയോ പുറത്തുവിട്ടു

PREV
Read more Articles on
click me!

Recommended Stories

അന്യഗ്രഹ സിഗ്നലുകൾക്കായി വാൽനക്ഷത്രത്തിൽ തിരഞ്ഞ ഗവേഷകർക്ക് കിട്ടിയ വിവരങ്ങൾ ഇങ്ങനെ
ഏറ്റവും അകലെയുള്ള സൂപ്പർമാസീവ് ബ്ലാക്ക് ഹോൾ കണ്ടെത്തി ജെയിംസ് വെബ് ടെലസ്‍കോപ്