Latest Videos

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 മുന്‍പായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുമോ റഷ്യയുടെ ലൂണ 25?

By Web TeamFirst Published Aug 11, 2023, 9:48 AM IST
Highlights

പരസ്പരം മത്സരിക്കുകയാണെങ്കിലും, രണ്ട് ദൗത്യങ്ങൾക്കും ലാൻഡിംഗിനായി വ്യത്യസ്ത പദ്ധതികളുണ്ടെന്നാണ് രണ്ട് ഏജന്‍സികളും വ്യക്തമാക്കുന്നത്

 ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്ര ദൌത്യവുമായി ഇഞ്ചോടിഞ്ച് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് റഷ്യ. റഷ്യ അവസാനമായി ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട് ആവാനൊരുങ്ങുമ്പോഴാണ് ലൂണ 25 ദൌത്യത്തിലൂടെ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാന്‍ റഷ്യ ശ്രമിക്കുന്നത്. ചന്ദ്രോപരിതലത്തെ പഠിക്കാനും ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്താനും ലക്ഷ്യമിട്ടുള്ളതാണ് ലൂണ 25. ഓഗസ്റ്റ് 11 ഇന്ത്യൻ സമയം പുലർച്ചെ 4.40ന് വൊസ്തോച്നി നിലയത്തിൽ നിന്നാണ് ലൂണ 25 നെ വിക്ഷേപിച്ചത്. എന്നാല്‍ ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങുമെന്ന് കണക്കാക്കുന്ന ഓഗസ്റ്റ് 23ന് തന്നെയാണ് ലൂണ 25 ഉം ചന്ദ്രനെ തൊടുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങാന്‍ ലക്ഷ്യമിട്ടുള്ളതാണ് രണ്ട് ദൌത്യങ്ങളും. എന്നാല്‍ ഇന്ത്യയെ പിന്തള്ളി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകുമോ റഷ്യയെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങളുള്ളത്. ലൂണ 25 വിക്ഷേപിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ചന്ദ്രോപരിതലത്തില്‍ എത്തുകയും അഞ്ച് മുതല്‍ ഏഴ് വരെ ദിവസങ്ങളില്‍ ലൂണാര്‍ ഓര്‍ബിറ്റില്‍ തുടര്‍ന്ന ശേഷം ചന്ദ്രനില്‍ ദക്ഷിണ ധ്രുവത്തിന് സമീപത്തെ ഉചിതമായ ഇടത്ത് ഇറങ്ങുമെന്നാണ് റഷ്യന്‍ സ്പേയ്സ് ഏജന്‍സി നല്‍കുന്ന വിവരങ്ങള്‍. ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഓഗസ്റ്റ് 23ാടെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ രണ്ട് ദൌത്യങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഉണ്ടാവില്ലെന്നും ലാന്‍ഡിംഗിനായി ദക്ഷിണ ധ്രുവത്തിലെ മറ്റൊരു സ്ഥലമാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും റഷ്യന്‍ സ്പേയ്സ് ഏജന്‍സി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരം മത്സരിക്കുകയാണെങ്കിലും, രണ്ട് ദൗത്യങ്ങൾക്കും ലാൻഡിംഗിനായി വ്യത്യസ്ത പദ്ധതികളുണ്ടെന്നാണ് രണ്ട് ഏജന്‍സികളും വ്യക്തമാക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ച് പഠിക്കാനും ചന്ദ്രന്റ പരിസ്ഥിതിയെ പഠിക്കാനും ചന്ദ്രന്റെ രിഗോലിത്ത് , ചന്ദ്രോപരിതലത്തെ ധൂളികള്‍ എന്നിവയെ കുറിച്ച് പഠനം നടത്താനുമാണ് റഷ്യ ലൂണ 25 ലൂടെ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം ധൂളികളുടെ ഉറവിടത്തേക്കുറിച്ചും ഘടനകളേക്കുറിച്ചും മറ്റുമായി ലൂണ 25 പഠനം നടത്തും. ഇന്ധന ടാങ്കുകളും നാല് കാലുകളിലായുള്ള ലാന്‍ഡിംഗ് റോക്കറ്റോടും കൂടിയതാണ് ലൂണ 25ന്‍റെ ലാന്‍ഡര്‍. സോളാര്‍ പാനലുകളും കമ്യൂണിക്കേഷന്‍ ഗിയര്‍, കംപ്യൂട്ടര്‍, ശാസ്ത്രോപകരണങ്ങള്‍ എന്നിവ കൊണ്ടും സജ്ജമാണ് ലൂണ 25. ഇന്ധനമില്ലാതെ 800 കിലോ ഭാരവും ഇന്ധനത്തോടെ 950 കിലോ ഭാരവുമാണ് ലൂണ 25ന് ഉണ്ടാവുകയെന്നാണ് നിരീക്ഷണം. ലാന്‍ഡറില്‍ 1.6 മീറ്റര്‍ നീളമുള്ള ലൂണാര്‍ റോബോട്ടിക് ആമിന്‍റെ സഹായത്തോടെ ചന്ദ്രോപരിതലത്തില്‍ 20-30 സെന്‍റ് മീറ്റര്‍ അഴത്തില്‍ കുഴിക്കാനാവും.

എട്ട് സയന്‍റിഫിക് ടൂളുകളാണ് ലൂണ 25ലുള്ളത്. ADRON-LR, ARIES-L, LIS-TV-RPM, LASMA-LR, PML Detector, STS-L, THERMO-L, Laser Retro-reflector Panel എന്നിവയാണ് അവ. ലൂണ 25നേക്കാളും മുന്‍പ് വിക്ഷേപിച്ചെങ്കിലും എന്തുകൊണ്ടാണ് ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങാന്‍ വൈകുന്നതെന്ന സംശയം സ്വാഭാവികമാണ്. ചന്ദ്രയാന്‍ 3നെ നേരിട്ട് ചന്ദ്രനിലേക്കെത്തിക്കാന്‍ തക്ക വിധം ശക്തമായ റോക്കറ്റുകളുടെ അസാന്നിധ്യമാണ് ഇതിന് പ്രധാന കാരണം. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുകയെന്നതാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. എന്നാല്‍ ലൂണ 25ലുള്ള അതിശക്തമായ റോക്കറ്റുകളാണ്. ഇവ ഭൂമിയുടെ ഓര്‍ബിറ്റില്‍ നിന്ന് അതിവേഗം ലൂണ 25 നെ പുറത്ത് കടത്തും. ട്രാന്‍സ് ലൂണാര്‍ ഇജക്ഷന്‍ എന്ന രീതിയിലാണ് ലൂണ 25 മുന്നോട്ട് പോവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!