ബഹിരാകാശത്ത് പോയി വന്നവരെക്കുറിച്ചല്ല, പോകാൻ പറ്റാതിരുന്നവരെക്കുറിച്ചാണ്; ഇവര്‍ ക്രൂ-9ലെ നിര്‍ഭാഗ്യര്‍

Published : Mar 21, 2025, 10:44 AM ISTUpdated : Mar 21, 2025, 11:52 AM IST
ബഹിരാകാശത്ത് പോയി വന്നവരെക്കുറിച്ചല്ല, പോകാൻ പറ്റാതിരുന്നവരെക്കുറിച്ചാണ്; ഇവര്‍ ക്രൂ-9ലെ നിര്‍ഭാഗ്യര്‍

Synopsis

നിക് ഹേഗിനെ തന്നെ തെരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, വിക്ഷേപണത്തിനു ശേഷം റോക്കറ്റ് അപകടത്തിലായ ഒരു ദൗത്യത്തിൽ നിന്ന് രക്ഷപ്പെട്ട മനുഷ്യനാണ് അയാൾ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പോയി വന്നവരെക്കുറിച്ചല്ല, പോകാൻ പറ്റാതിരുന്നവരെക്കുറിച്ചാണ്... ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരേണ്ട എന്ന് നാസ തീരുമാനിച്ചതും അവരെ നിക് ഹേഗ്, അലക്സാണ്ട‍ർ ഗോർബുനോവ് എന്നിവരുള്ള ക്രൂ-9 ദൗത്യത്തിന്‍റെ ഭാഗമാക്കിയതും ഇപ്പോള്‍ എല്ലാവർക്കും അറിയുന്ന കഥയാണ്. ആ കഥയ്ക്ക് ഒരു ഫ്ലാഷ് ബാക്ക് കൂടിയുണ്ട്. മറ്റേതൊരു സ്പേസ് എക്സ് കൊമേഴ്സ്യൽ ക്രൂ ദൗത്യത്തേയും പോലെ ക്രൂ-9ലും നാല് അംഗങ്ങളുണ്ടായിരുന്നു. 

ആദ്യം നിശ്ചയിച്ച ക്രൂ-9 ടീം

1. സെന കാ‍ർഡ്മാൻ (കമാൻഡർ)
2. നിക് ഹേഗ് (പൈലറ്റ്)
3. സ്റ്റെഫാനി വിൽസൺ (മിഷൻ സ്പെഷ്യലിസ്റ്റ്)
4. അലക്സാണ്ട‍ർ ഗോർബുനോവ് (മിഷൻ സ്പെഷ്യലിസ്റ്റ്)

സുനിത വില്യംസിനും ബുച്ച് വില്‍മോറിനും തിരിച്ചുവരവിന് വേണ്ടി ഇടമൊരുക്കാൻ ക്രൂ-9 നാലംഗ സംഘത്തിലെ രണ്ട് പേരെ ഒഴിവാക്കിയേ മതിയാകൂ എന്ന സാഹചര്യം വന്നു. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസുമായുള്ള കരാർ പാലിക്കേണ്ടതിനാൽ തന്നെ റഷ്യൻ യാത്രികനായ ഗോർബുനോവിനെ ഒഴിവാക്കാനാകില്ല. ഇത് അയാളുടെ കന്നി ബഹിരാകാശ ദൗത്യവുമായിരുന്നു. പിന്നെയുള്ള മൂന്ന് പേരിൽ സ്റ്റെഫാനി വിൽസൺ മൂന്ന് വട്ടം ബഹിരാകാശത്തേക്ക് പോയ അനുഭവപരിചയമുള്ള പരിചയസമ്പന്നയായ യാത്രികയാണ്. അവരെ ഈ ദൗത്യത്തിൽ നിന്നൊഴിവാക്കാൻ നാസ തീരുമാനിച്ചു.

ചിത്രം- ആദ്യം നിശ്ചയിച്ച ക്രൂ-9 സംഘം

ഒരാളെ  കൂടി ഒഴിവാക്കണം, പക്ഷേ ആരെ? 49-കാരന്‍ നിക് ഹേഗ് ഇതിന് മുമ്പ് ഒരു വട്ടം ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. ദൗത്യത്തിന്‍റെ കമാൻഡറായി തെരഞ്ഞെടുത്തിരുന്നെങ്കിലും സെന കാ‌ർഡ്മാൻ എന്ന മുപ്പത്തിയേഴുകാരിക്ക് ഇത് കന്നി ബഹിരാകാശ യാത്രയായിരുന്നു. സെനയെ തന്നെ കമാൻഡറാക്കി ദൗത്യം നടപ്പാക്കാൻ ആലോചിച്ചുവെങ്കിലും പരിചയസമ്പന്നായ ഒരാളെങ്കിലും വിക്ഷേപണ സമയത്തും പേടകത്തിലും വേണമെന്ന നാസ നേതൃത്വത്തിലെ ചിലരുടെ നിലപാട് നി‌ർണായകമായി. അങ്ങനെ നിക് ഹേഗിനെ ക്രൂ-9 കമാൻഡറായി നിയമിച്ചു. അതോടെയാണ് ക്രൂ-9 ദൗത്യത്തില്‍ അലക്സാണ്ട‍ർ ഗോർബുനോവ്- നിക് ഹേഗ് സഖ്യം ബഹിരാകാശ നിലയത്തിലേക്ക് പോയത്. 

സെനയ്ക്ക് ബഹിരാകാശത്തേക്ക് പോകാനുള്ള അവസരം താൽക്കാലികമായി നഷ്ടമായി. അവരെ ഇനി ഏത് ദൗത്യത്തിന്‍റെ ഭാഗമാക്കുമെന്ന് നാസ പ്രഖ്യാപിച്ചിട്ടില്ല. കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നാലും അവർക്കതിന് അവസരം ലഭിക്കാതിരിക്കില്ല. 

എന്തുകൊണ്ട് നിക് ഹേഗ്, കാരണം മറ്റൊന്നും!

ചിത്രം- നിക്ക് ഹേഗ് ബഹിരാകാശ നിലയത്തില്‍

ക്രൂ-9 ദൗത്യത്തിന് നിക് ഹേഗിനെ തന്നെ തെരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വിക്ഷേപണത്തിനു ശേഷം റോക്കറ്റ് അപകടത്തിലായ ഒരു ദൗത്യത്തിൽ നിന്ന് രക്ഷപ്പെട്ട മനുഷ്യനാണ് അയാൾ. 2018 ഒക്ടോബറിൽ നടന്ന സൊയൂസ് എം എസ് 10 ദൗത്യത്തിന്‍റെ ഭാഗമായിരുന്നു നിക് ഹേഗും അലക്സി ഒവ്ചിനിൻ എന്ന റഷ്യൻ യാത്രികനും. വിക്ഷേപണ ശേഷം റോക്കറ്റിന്‍റെ ഒരു ബൂസ്റ്റർ പ്രവ‍‌ർത്തനരഹിതമായതായിരുന്നു പ്രശ്നം. കുതിച്ചുകൊണ്ടിരുന്ന റോക്കറ്റ് ഗതിമാറി പോകുന്ന അവസ്ഥ. ഉടൻ ക്രൂ എസ്കേപ്പ് സിസ്റ്റം പ്രവർത്തിപ്പിച്ച് യാത്രാ പേടകത്തെ റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി. രണ്ട് യാത്രികരുടെയും ജീവൻ രക്ഷപ്പെട്ടു.  

അന്ന് നിക് ഹേഗിനൊപ്പം രക്ഷപ്പെട്ട അലക്സി ഒവ്ചിനിനാണ് സുനിത വില്യംസ് മടങ്ങും മുമ്പ് ബഹിരാകാശ നിലയത്തിന്‍റെ കമാൻഡർ സ്ഥാനം കൈമാറിയത് എന്നതും ഒരു യാദൃശ്ചികത. 

Read more: 9 മാസം 8 ദിവസമായി ആസ്വദിച്ച സുനിത വില്യംസ്, ബുച്ച്; 2024 ജൂണ്‍ 5 മുതല്‍ 2025 മാര്‍ച്ച് 19 വരെ സംഭവിച്ചതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും