തെന്നിന്ത്യയുടെ ശബ്ദ വിസ്മയം എസ് ജാനകി 85ന്‍റെ നിറവിൽ

By Web TeamFirst Published Apr 23, 2023, 9:46 AM IST
Highlights

ദൈവത്തിന്റെ കൈതൊട്ട കുട്ടിയെന്ന് പറഞ്ഞ് വാദ്യാർ തിരിച്ചയച്ച കുഞ്ഞുജാനകി, പിന്നീട് ഇന്ത്യൻ സംഗീതത്തിന്റെ മുഖമായി. തെന്നിന്ത്യയുടെ അഭിമാനമായി.
 

ഹൈദരാബാദ്: തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകി 85ന്‍റെ നിറവിൽ. ഹൈദരാബാദിൽ വിശ്രമജീവിതത്തിലാണ് പ്രിയ ഗായിക. തിരക്കുകളിൽ നിന്ന് സ്വയം പിൻവാങ്ങിയെങ്കിലും, ജാനകിയുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമില്ല സംഗീതപ്രേമികൾക്ക്. എസ് ജാനകിയെന്ന പേരില്ലാതെ ഇന്ത്യൻ സിനിമാസംഗീത ചരിത്രം പൂർണമാകില്ല. 18 ഓളം ഭാഷകളിൽ പാടിയ ജാനകി, ഓരോ ദേശക്കാർക്കും സ്വന്തം നാട്ടുകാരി.

ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച എസ് ജാനകി സംഗീതത്തിന്റെ കൊടുമുടികളേറിയത് ശാസ്ത്രീയ പഠനത്തിന്റെ പിൻബലമില്ലാതെ. ദൈവത്തിന്റെ കൈതൊട്ട കുട്ടിയെന്ന് പറഞ്ഞ് വാദ്യാർ തിരിച്ചയച്ച കുഞ്ഞുജാനകി, പിന്നീട് ഇന്ത്യൻ സംഗീതത്തിന്റെ മുഖമായി. തെന്നിന്ത്യയുടെ അഭിമാനമായി.

വിധിയിൻ വിളയാട്ടെന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തുന്പോൾ 19 വയസ്. ചുരുങ്ങിയ സമയം കൊണ്ട് സംഗീതലോകത്തെ പുത്തൻ താരോദയമായി മാറിയ ജാനകിയെ മലയാളത്തിലേക്ക് ക്ഷണിച്ചത് എംഎസ് ബാബുരാജും പി ഭാസ്കരനും. പിന്നീടുള്ളത് ചരിത്രം. നിത്യഹരിതഗാനങ്ങളുടെ വസന്തം തീർത്ത ക്ലാസിക് കൂട്ടുകെട്ട്.

പ്രണയം, വിരഹം , ഭക്തി, വാത്സല്യം, കുട്ടിത്തം. ജാനകിക്ക് വഴങ്ങാത്ത ഭാവങ്ങളുണ്ടായിരുന്നില്ല. മൗനം പോലും മധുരമാക്കിയ ശബ്ദം
മുൻഗാമികളെയും പിൻഗാമികളെയും ഒരു പോലെ വിസ്മയിപ്പിച്ചു ജാനകിയുടെ നാദപ്രപഞ്ചം. പ്രായം തൊടാത്ത നാദത്തെ പുതിയ തലമുറയും ആഘോഷിച്ചു സ്വരം നന്നാകുമ്പോള്‍ പാട്ടുനിർത്താനുളള തീരുമാനം ധൈര്യത്തോടെ പ്രഖ്യാപിച്ചത് 78ആം വയസ്സിൽ. 
നാല് ദേശീയ അവാർഡുകളും 41 സംസ്ഥാന ചലച്ചിത്ര ബഹുമതികളും നേടിയ ജാനകി , ഏറെ വൈകിയെത്തിയ പദ്മഭൂഷൺ നിരസിച്ചുകൊണ്ട് പറഞ്ഞു. ബഹുമതികൾ എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. അല്ലെങ്കിലും ജനമനസ്സുകളിലെ നാദ ദേവതക്ക് അവാർഡുകൾ ഇനിയെന്തിന് ഏറെ?.

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു..; കെ എസ് ചിത്രയുടെ ശബ്ദമാധുരിയിൽ 'നീലവെളിച്ചം' ഗാനം

click me!