തമിഴ് സിനിമയും പെട്ടിരിക്കുന്നു : മൂന്ന് മാസത്തില്‍ 64 പടം ഇറങ്ങി, വിജയിച്ച പടം വെറും 4 !

Published : Apr 04, 2025, 09:55 PM IST
തമിഴ് സിനിമയും പെട്ടിരിക്കുന്നു : മൂന്ന് മാസത്തില്‍ 64 പടം ഇറങ്ങി, വിജയിച്ച പടം വെറും 4 !

Synopsis

2025-ലെ ആദ്യപാദത്തിൽ കോളിവുഡിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. സൂപ്പർതാര ചിത്രങ്ങൾ ഉണ്ടായിട്ടും, ഹിറ്റുകളുടെ എണ്ണം വളരെ കുറവാണ്.

ചെന്നൈ: 2025 ലെ ആദ്യപാദത്തില്‍ കോളിവുഡില്‍ നഷ്ടക്കണക്ക് മാത്രമാണ് പറയാനുള്ളത്. പൊങ്കല്‍ പോലെ ഒരു ഉത്സവ സീസണ്‍ ഉണ്ടായിട്ടും, ഒപ്പം അജിത്തിന്‍റെ അടക്കം ഒരു സൂപ്പര്‍താര ചിത്രം വന്നിട്ടും ഒരു തമിഴ് ചിത്രവും കോളിവുഡില്‍ നിന്നും ഈവര്‍ഷം ഇതുവരെ 200 കോടി എന്ന നേട്ടത്തില്‍ എത്തിയിട്ടില്ല. ആകെ ഇറങ്ങിയ 64 ചിത്രങ്ങളില്‍ ഹിറ്റായത് വെറും 4 ചിത്രങ്ങളാണ്. 

പൊങ്കല്‍ അവധി ഉള്‍പ്പെടുന്ന ജനുവരിയില്‍ തമിഴില്‍ 26 പടങ്ങളാണ് റിലീസായത്, അതില്‍ വെറും രണ്ട് ചിത്രമാണ് വിജയിച്ചത്. 12 വർഷത്തിന് ശേഷം റിലീസ് ചെയ്ത വിശാല്‍ സുന്ദര്‍ സി ചിത്രം മധഗജ രാജ (50 കോടി)യും മണികണ്ഠൻ അഭിനയിച്ച കുടുംബസ്ഥൻ (25 കോടി) എന്നീ ചിത്രങ്ങള്‍ മാത്രമാണ് വിജയിച്ചത്. മറ്റ് പടങ്ങൾ ബജറ്റിന്റെ പകുതി പോലും തിരിച്ചുപിടിക്കാൻ കഷ്ടപ്പെടുന്ന കാഴ്ചയാണ് ബോക്സോഫീസില്‍ കണ്ടത്. കോളിവുഡിന് വര്‍ഷ ആദ്യത്തില്‍ തണുത്ത തുടക്കം എന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തിയത്. 

ഫെബ്രുവരി മാസം വളരെ പ്രതീക്ഷയോടെയാണ് കോളിവുഡ് കണ്ടത്. പ്രധാന കാരണം അജിത്ത് ചിത്രമായ വിഡാമുയര്‍ച്ചിയുടെ റിലീസ് ആയിരുന്നു. എന്നാല്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്ത ഈ റോഡ് ആക്ഷന്‍ മൂവി അജിത്തിന്‍റെ കരിയറിലെ വലിയ പരാജയങ്ങളില്‍ ഒന്നായി എന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തിയത്. കോളിവുഡിനെ ഞെട്ടിച്ച പരാജയമായിരുന്നു അത്. പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയ എജിഎസ് നിര്‍മ്മിച്ച ഡ്രാഗണ്‍ മാത്രമാണ് തീയറ്ററില്‍ വിജയിച്ച ചിത്രം. ചിത്രം 150 കോടിയാണ് നേടിയത്. 

ഏറെ പ്രതീക്ഷയോടെ എത്തിയ ധനുഷ് സംവിധാനം ചെയ്ത നീക്ക് എന്ന ചിത്രം എട്ടുനിലയിലാണ് പൊട്ടിയത്. ഒപ്പം തന്നെ പ്രണയദിനത്തില്‍ തമിഴില്‍ 9 ചിത്രങ്ങളാണ് എത്തിയത്. ഒരു പടവും നിലം തൊട്ടില്ല എന്നതാണ് ബോക്സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

അതേ സമയം മാര്‍ച്ചില്‍ വീര ധീര സൂരന്‍ എന്ന ഒരു ചിത്രം മാത്രമാണ് ബോക്സോഫീസില്‍ എന്തെങ്കിലും ചലനം ഉണ്ടാക്കിയത് എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. വന്‍ പ്രതീക്ഷയില്‍ വന്ന കിംങ്സ്റ്റണ്‍ അടക്കം പരാജയം രുചിച്ചു. 

കണ്ടന്‍റാണ് വിഷയം, അവിടെയാണ് വിജയം

സൂപ്പര്‍താരമായ അജിത്തിന്‍റെ ചിത്രം പോലും പ്രേക്ഷകര്‍ നല്ല കണ്ടന്‍റ് അല്ല എന്ന ഗണത്തില്‍പ്പെടുത്തി തള്ളികളയുന്ന കാഴ്ചയാണ് കാണുന്നത്. അതേ സമയം കോമഡി കണ്ടന്‍റുമായി എത്തിയ മധ ഗജ രാജ 12 കൊല്ലത്തിന് ഇപ്പുറവും വിജയവും നേടുന്നുണ്ട്. ഇത് തമിഴ് കാണികളുടെ കാഴ്ച ശീലത്തിന്‍റെ മാറ്റമാണ് എന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. 

അതേ സമയം ആളുകള്‍ തീയറ്ററിലേക്ക് എത്തുന്നത് കുറഞ്ഞുവെന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്. പലരും മിഡ് ബജറ്റ് പടങ്ങള്‍, അല്ലെങ്കില്‍ ആദ്യദിനത്തില്‍ തന്നെ നെഗറ്റീവ് അഭിപ്രായം കിട്ടിയ ചിത്രമൊക്കെ ഒടിടിയില്‍ കാണാം എന്ന രീതിയില്‍ മാറ്റിവയ്ക്കുന്ന രീതിയാണ് ഇപ്പോഴെന്ന് ട്രാക്കര്‍മാര്‍ പറയുന്നു. അതിനാല്‍ തന്നെ മികച്ച അഭിപ്രായം ലഭിക്കുന്ന ചിത്രങ്ങള്‍ മാത്രമാണ് വിജയം നേടുന്നത്. വിജയമാണെങ്കില്‍ വന്‍ വിജയം, പരാജയമാണെങ്കില്‍ വന്‍ പരാജയം എന്നതാണ് ഇപ്പോഴത്തെ ബോക്സോഫീസ് പതിവെന്ന് ട്രാക്കര്‍മാര്‍ പറയുന്നു. 

പ്രതീക്ഷ ബിഗ് ടിക്കറ്റ് ചിത്രങ്ങളില്‍

ഇതുവരെ 1000 കോടി പടം ഇല്ല എന്നത് കോളിവുഡില്‍ എന്നും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ എത്തുന്ന ചിത്രങ്ങളിലാണ് ഇപ്പോള്‍ തമിഴ് സിനിമയുടെ പ്രതീക്ഷ. അജിത്തിന്‍റെ ഗുഡ് ബാഡ് അഗ്ലി, കമല്‍ഹാസന്‍ മണിരത്നം ചിത്രം തഗ്ഗ് ലൈഫ്, രജനികാന്തിന്‍റെ കൂലി എന്നിവയെല്ലാം ആളുകളെ തീയറ്ററിലേക്ക് എത്തിക്കാന്‍ ശേഷിയുള്ള ചിത്രങ്ങളായിരിക്കും എന്നാണ് തമിഴ് സിനിമ ലോകത്തിന്‍റെ പ്രതീക്ഷ. അതേ സമയം വന്‍ ടിക്കറ്റ് ചിത്രങ്ങളാണെങ്കില്‍ അസ്വാദകരെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ ബോക്സോഫീസില്‍ വീഴും എന്നാണ് ട്രാക്കര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

അജിത്തിനെയും വീഴ്ത്തി മോഹന്‍ലാൽ, ആദ്യ പാദത്തിൽ തോൽവി സമ്മതിച്ച് തമിഴ് സിനിമ, 'എമ്പുരാനി'ൽ കുതിച്ച് മോളിവുഡ്

'ഇവര് തമ്മില്‍ ബന്ധമുണ്ടല്ലെ': പുതിയ 'ആന്‍റണിയും', ആന്‍റണിയുടെ റോളും തമ്മിലുള്ള ബന്ധം പറഞ്ഞ് സോഷ്യല്‍ മീഡിയ


 

PREV
Read more Articles on
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്