കോടികള്‍ വാരാന്‍ 'പേട്രിയറ്റ്' ! മോഹൻലാൽ-മമ്മൂട്ടി കോമ്പോ ഒന്നിച്ച 25 സിനിമകൾ

Published : Feb 14, 2026, 01:39 PM IST
Mammootty

Synopsis

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച 25 സിനിമകളുടെ ലിസ്റ്റ്. പേട്രിയറ്റ് 2026 ഏപ്രിൽ 23ന് റിലീസ് ചെയ്യും. 

റിലീസിനായി സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള ചിത്രമാണ് പേട്രിയറ്റ്. 18 വർഷത്തിന് ശേഷം മോളിവുഡിന്റെ സ്ട്രോങ് പില്ലേർസ് ആയ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ് അതിന് പ്രധാന കാരണം. മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23ന് തിയറ്ററുകളിൽ എത്തും. കാത്തിരിപ്പുകൾ വിഫലമാകില്ലെന്ന സൂചനകൾ നൽകിയാണ് പടത്തിന്റെ ഓരോ അപ്ഡേറ്റുകളും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലും ആവേശത്തിലുമാണ് സിനിമാസ്വാദകർ. പേട്രിയറ്റ് ചർച്ചകൾ സജീവമാകുമ്പോൾ ഇതിന് മുൻപ് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം. ഇരുവരും അതിഥി റോളിൽ എത്തിയ സിനിമകൾ അടക്കം ഇക്കൂട്ടത്തിൽപ്പെടുന്നുണ്ട്.

അഹിംസ (1981)

ഐ.വി ശശി സംവിധാനത്തിൽ 1981ൽ റിലീസ് ചെയ്ത ചിത്രമാണ് അംഹിംസ. ടി. ദാമോദര്‍ ആയിരുന്നു രചന. പൂര്‍ണിമ ജയറാം, സീമ, മേനക എന്നിവര്‍ അഭിനയിച്ച ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് വെള്ളിത്തിരയിൽ എത്തി.

പടയോട്ടം (1982)

പ്രേംനസീര്‍, മധു അടക്കമുള്ള പഴയതലമുറ താരങ്ങൾക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച ചിത്രമാണ് പടയോട്ടം. അന്ന് ഇരുവരും പുതുമുഖ താരങ്ങളായിരുന്നു. നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രം ജിജോ പുന്നൂസ് ആയിരുന്നു സംവിധാനം ചെയ്തത്.

വിസ (1983)

ബാലു കിരിയത്തിന്റെ സംവിധാനത്തിൽ 1983ൽ റിലീസ് ചെയ്ത ചിത്രമാണ് വിസ. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ടി.ആര്‍ ഓമന, സത്താര്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അസ്ത്രം (1983)

പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് അസ്ത്രം. 1983ലായിരുന്നു റിലീസ്. മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ നെടുമുടി വേണു, ഭരത് ഗോപി, സുകുമാരി, ജഗതി ശ്രീകുമാര്‍ ശങ്കരാടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി.

നാണയം (1983)

ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് നാണയം. മോഹന്‍ ലാല്‍, മമ്മൂട്ടി, പൂര്‍ണിമ ജയറാം, സീമ, മധു എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ.

ശേഷം കാഴ്ച്ചയില്‍ (1983)

ബാലചന്ദ്രമേനോന്‍റെ സംവിധാനത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് ശേഷം കാഴ്ചയിൽ. മേനകയും, ബാലചന്ദ്രമോനോനും മുഖ്യ വേഷങ്ങളിലെത്തിയിരുന്നു.

ഇനിയെങ്കിലും (1983)

ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ഇനിയെങ്കിലും. ലാലിനും മമ്മൂട്ടിക്കുമൊപ്പം രതീഷ്, ലാലു അലക്‌സ്, സീമ റാണി പത്മിനി എന്നിവര്‍ മുഖ്യ വേഷത്തിലെത്തി.

ചങ്ങാത്തം (1983)

ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചങ്ങാത്തം. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം മാധവിയും ക്യാപ്റ്റന്‍ രാജുവും ചിത്രത്തില്‍ അഭിനയിച്ചു.

അതിരാത്രം (1984)

ഐ.വി ശശി സംവിധാനം ചെയ്ത ചിത്രമാണ് അതിരാത്രം.. മോഹന്‍ലാലും മമ്മൂട്ടിയും സീമയും മുഖ്യ വേഷങ്ങളില്‍ എത്തിയ ഈ ചിത്രം മോഹൻലാൽ- മമ്മൂട്ടി കൂട്ടുകെട്ടിലെ വലിയ വിജയ സിനിമകളിൽ ഒന്നായിരുന്നു.

ആള്‍കൂട്ടത്തില്‍ തനിയെ (1984)

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടിയും മോഹന്‍ലാലും സീമയും മുഖ്യവേഷത്തില്‍ എത്തി.

അടിയൊഴുക്കുകള്‍ (1984)

ഐവി ശശിയാണ് അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിന്റെ സംവിധാനം. എംടി വാസുദേവന്‍ നായരാണ് തിരക്കഥ. സീമ, ബാലന്‍ കെ നായര്‍, വിന്‍സന്റ്, റഹ്മാന്‍ എന്നിവരും മുഖ്യവേഷത്തിലെത്തി.

അറിയാത്ത വീഥികള്‍ (1984)

കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറിയാത്തവിഥികള്‍. മോഹലാലിനും മമ്മൂട്ടിക്കുമൊപ്പം മധുവും റഹ്മാനും മുഖ്യവേഷങ്ങളിലെത്തി.

കണ്ടു കണ്ടറിഞ്ഞു (1985)

പ്രഭാകരന്‍ പുതൂര്‍, എസ്.എന്‍ സ്വാമി എന്നിവരെഴുതി സാജന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ റഹ്മാന്‍, നദിയ മൊയ്തു. മേനക, ലാലു അലക്‌സ് ജലജ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി.

അവിടത്തെപ്പോലെ ഇവിടെയും (1985)

കെഎസ് സേതുമാധവന്‍ നിര്‍മ്മിച്ച ചിത്രം. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ശോഭനയും അടൂര്‍ഭാസി, സോമന്‍, സുകുമാരി, ഇന്നസെന്റ് എന്നിവരും കഥാപാത്രങ്ങളായെത്തി.

കരിമ്പിന്‍ പൂവിനക്കരെ (1985)

പി പത്മനാഭന്‍ എഴുതി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് കരിമ്പിൻ പൂവിനക്കരെ. മമ്മൂട്ടിയാണ് പ്രധാന വേഷത്തില്‍ എത്തിയത്. ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു മോഹന്‍ലാലിന് ഈ ചിത്രത്തില്‍. സീമയായിരുന്നു നായിക.

കരിയിലക്കാറ്റു പോലെ (1986)

സുധാകര്‍ മംഗളോധയത്തിന്റെ ശിശിരത്തില്‍ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആധാരമാക്കി പി. പത്മരാജന്‍ എഴുതി, സംവിധാനം ചെയ്ത ചിത്രമാണിത്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം റഹ്മാന്‍, ശ്രീപ്രിയ, കാര്‍ത്തിക, ജലജ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തി.

കാവേരി (1986)

രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാല്‍, മമ്മൂട്ടി, അടൂര്‍ ഭാസി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തി. ദക്ഷിണാ മൂര്‍ത്തിയും ഇളയരാജയുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത്.

പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് (1986)

ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്. മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ശ്രീവിദ്യ റഹ്മാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. പ്രതിനായക വേഷത്തിലായിരുന്നു മോഹന്‍ലാൽ. ഇളയരാജ ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു.

ഗാന്ധി നഗര്‍ സെക്കന്റ് സട്രീറ്റ് (1986)

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണിത്. മമ്മൂട്ടി അതിഥി വേഷത്തിലായിരുന്നു. സീമ, കാര്‍ത്തിക, ഇന്നസെന്റ് ശ്രീനിവാസന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.

അടിമകള്‍ ഉടമകള്‍ (1987)

ഐവി ശശി തന്നെ സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് അടിമകള്‍ ഉടമകള്‍. മോഹൻലാല്‍ മമ്മൂട്ടി കൂട്ടുകെട്ടിലെ മറ്റൊരു ഹിറ്റായിരുന്നു ഇത്. സീമ ആയിരുന്നു നായിക.

നമ്പര്‍ 20 മദ്രാസ് മെയില്‍ (1990)

മോഹന്‍ലാല്‍- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണിത്. ജോഷി ആയിരുന്നു സംവിധാനം. സിനിമാ താരമായ മമ്മൂട്ടിയായി തന്നെയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. സോമന്‍, ജഗദീഷ്, മണിയന്‍ പിള്ള രാജു, സുചിത്ര, സുചിത്ര, ജയഭാരതി എന്നിവരും മുഖ്യ വേഷത്തിലെത്തി.

ഹരികൃഷ്ണന്‍സ് (1998)

വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും മുഴുനീള കഥാപാത്രങ്ങളായി എത്തിയ ചിത്രം. ഫാസിലാണ് സംവിധായകന്‍. ബോളിവുഡ് നടി ജൂഹി ചവ്‌ലയായിരുന്നു നായിക. ഇന്നസെന്റ്, നെടുമുടിവേണു, ശാമിലി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി.

നരസിംഹം (2000)

രഞ്ജിതിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് നരസിംഹം. മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നാണിത്. മമ്മൂട്ടി അതിഥി താരമായാണ് എത്തിയത്. തിലകന്‍, കനക, ജഗതി, തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തി.

ട്വന്റി ട്വന്റി (2008)

ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവര്‍ എഴുതി ജോഷി സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമാണ് ട്വന്റി ട്വന്റി. നടന്‍ ദിലീപ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും. താര നായകന്മാരായ മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ മലയാള സിനിമയിലെ മിക്കതാരങ്ങളും ചെറുതും വലുതുമായ വേഷങ്ങള്‍ ഈ ചിത്രത്തില്‍ ചെയ്തു.

കടല്‍ കടന്നൊരു മാത്തുക്കുട്ടി (2013)

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി. ഇതില്‍ അതിഥി വേഷത്തിലായിരുന്നു മോഹൻലാല്‍ എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

'വൃത്തികേടും മോശവും പറയാന്‍ ആളുകളുണ്ടാകും, ഇഷ്ടം സെക്സ് എഡ്യൂക്കേഷൻ വീഡിയോകള്‍ ചെയ്യാന്‍'; അസ്ല മാർലി
'ഉറങ്ങുമ്പോൾ കാലിനു മുകളില്‍ കയറി നില്‍ക്കും, കഞ്ഞിക്കലത്തില്‍ മൂത്രം ഒഴിക്കും'; അച്ഛന്‍റെ ക്രൂരമായ ഉപദ്രവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ഗ്ലാമി ഗംഗ