Latest Videos

ആമസോണ്‍ പ്രൈമില്‍ ഇനി ഹോളിവുഡ് ഫിലിം ഫെസ്റ്റിവല്‍; എംജിഎമ്മിനെ ആമസോണ്‍ ഏറ്റെടുക്കുമ്പോള്‍

By Web TeamFirst Published May 25, 2021, 10:12 PM IST
Highlights

ജെയിംസ് ബോണ്ട്, പിങ്ക് പാന്തർ, റോക്കി, ഡോക്ടർ ഷിവാഗോ, 2001 സ്പേസ് ഒഡീസ്സി, ലീഗലി ബ്ലോണ്ട് ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് ചലച്ചിത്ര പരമ്പരകൾ എംജിഎമ്മിന് അവകാശപ്പെട്ടതാണ്

ഗർജ്ജിക്കുന്ന സിംഹം. അങ്ങനെയാണ് ഹോളിവുഡിലെ വിഖ്യാത സ്റ്റുഡിയോ ആയ മെട്രോ ഗോൾഡ്‌വിൻ മെയർ - എം ജി എം - അറിയപ്പെടുന്നത്. ഹോളിവുഡിന്‍റെ സുവർണ്ണ കാലത്തെ അടയാളപ്പെടുത്തിയ എംജിഎം, ഇനി ആമസോണിന്‍റെ കൈകളിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിലൂടെ ലഭിക്കാൻ പോകുന്നത് നാലായിരത്തിലധികം സിനിമകളും പതിനേഴായിരത്തിലധികം ടെലിവിഷൻ എപ്പിസോഡുകളുമാണ്. ഒൻപത് ബില്യൺ ഡോളറിന് (65,000 കോടി രൂപയ്ക്ക് മുകളില്‍) ആമസോൺ പ്രൈം 'സിംഹ'ത്തെ ഏറ്റെടുക്കുന്നത് അമൂല്യമായ ഈ കണ്ടന്‍റ് ലൈബ്രറി നോട്ടമിട്ടു തന്നെയാണ്.  നെറ്റ്ഫ്ലിക്സ്, ഡിസ്‍നി പ്ലസ് തുടങ്ങിയ സ്ട്രീമിങ് സർവീസുകളുമായുള്ള മത്സരത്തിൽ ആമസോണിന് ഇനി എംജിഎം പുതിയ കരുത്ത് പകരും. 

നിലവിൽ ആമസോൺ പ്രൈമിന് ലോകമെമ്പാടും 200 മില്യൻ വരിക്കാരാണ് ഉള്ളത്. അമേരിക്കയിൽ മാത്രം 147 മില്യൻ. അമേരിക്കയ്ക്ക് പുറത്ത് പ്രൈം അംഗസംഖ്യ വർധിപ്പിക്കാൻ കൂടുതൽ ഹോളിവുഡ് സിനിമകളും ടെലിവിഷൻ പരമ്പരകളും പ്രേക്ഷരിലേക്ക് എത്തിക്കാൻ കൂടി ലക്ഷ്യമിട്ടാണ് എംജിഎമ്മിനെ ഏറ്റെടുക്കുന്നത്.  ‘കണ്ടന്‍റ് ഈസ് കിംഗ്’ എന്ന ബിസിനസ്സ് തന്ത്രത്തെ അടിവരയിടുന്ന നീക്കമാണ് ജെഫ് ബെസോസും സംഘവും നടത്തിയിരിക്കുന്നത്. 

 

തൊണ്ണൂറ്റിയേഴ് വർഷങ്ങൾക്കു മുൻപ് 'സ്വർഗ്ഗത്തേക്കാൾ താരങ്ങൾ ഇവിടെയാണെ'ന്ന (More stars than there are in heaven)പരസ്യവാചകവുമായി തുടക്കമിട്ട എംജിഎം പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തിച്ച സിനിമകളും ടെലിവിഷൻ പരിപാടികളും തുടങ്ങുന്നത്  ഗർജിക്കുന്ന സിംഹത്തിന്‍റെ ദൃശ്യവും ലോഗോയിലൂടെയുമായിരുന്നു. നമ്മുടെയെല്ലാം മനസ്സിൽ മായാതെ കിടക്കുന്നു എംജിഎം സിനിമകളുടെ ആ തുടക്കം. 1924ൽ മാർക്കസ് ലോ, ലൂയി മേയർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച എംജിഎം, ആദ്യ രണ്ടു വർഷത്തിൽ തന്നെ നൂറ് സിനിമകൾ നിർമ്മിച്ച് ശ്രദ്ധ നേടി. ഇതിൽ നിരവധി ഓസ്കറുകൾ വാരിക്കൂട്ടിയ 'ബെൻ ഹർ' സൂപ്പർ ഹിറ്റായി. പിന്നെ ഹോളിവുഡിന്‍റെ സുവർണ കാലം എംജിഎമ്മിന് കൂടി അവകാശപെട്ടതായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട ജൈത്രയാത്ര. 

ജെയിംസ് ബോണ്ട്, പിങ്ക് പാന്തർ, റോക്കി, ഡോക്ടർ ഷിവാഗോ, 2001 സ്പേസ് ഒഡീസ്സി, ലീഗലി ബ്ലോണ്ട് ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് ചലച്ചിത്ര പരമ്പരകൾ എംജിഎമ്മിന് അവകാശപ്പെട്ടതാണ്. 1956ലാണ് എംജിഎം ടെലിവിഷൻ രംഗത്തേക്ക് കടന്നത്. സ്വയം നിർമ്മിച്ചതും മറ്റ് കമ്പനികളുമായി ചേർന്ന് ഒരുക്കിയതുമടക്കം ആയിരക്കണക്കിന് ടെലിവിഷൻ പരമ്പരകൾ - ഷാർക്ക് ടാങ്ക്, സർവൈവർ, ദി വോയ്‌സ് തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളും എംജിഎം കൊണ്ടുവന്നത് തന്നെ. എന്തിന്, ടോം ആൻഡ് ജെറി കാർട്ടൂൺ പരമ്പരയും ഈ ലൈബ്രറിക്ക് സ്വന്തം. എംജിഎമ്മിന് സ്വന്തമായി നാല് ടെലിവിഷൻ ചാനലുകളുമുണ്ട് - ഇതും ഇനി ആമസോണിന്‍റെ കൈകളിലെത്തും. 

 

ഹോളിവുഡിൽ ജൈത്രയാത്ര തുടരുമ്പോഴും വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട് ഇവര്‍ക്ക്. എംജിഎംനെ പല തവണ വിവിധ കമ്പനികൾ ഏറ്റെടുത്തു. ഉടമസ്ഥതയും മാനേജ്മെന്റും മാറി മറിഞ്ഞു. എന്നിരുന്നാലും മികച്ച സിനിമകളും ടെലിവിഷൻ പരമ്പരകളും എംജിഎമ്മിന്‍റെ പേരിൽ പുറത്തിറങ്ങി. വിനോദ വ്യവസായത്തിലെ കടുത്ത മത്സരം എംജിഎമ്മിനെയും ബാധിച്ചിരിക്കുന്നു. സ്ട്രീമിംഗ് സെർവീസുകളുടെ കുതിച്ചുകയറ്റം ഹോളിവുഡിലെ പ്രധാന സ്റ്റുഡിയോകൾക്ക് ഒരു വെല്ലുവിളിയാണ്. അത് പോലെ കോവിഡ് മൂലം സിനിമ- ടെലിവിഷൻ വ്യവസായം തളർന്നത്  സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി. അതുകൊണ്ടു തന്നെ വിൽക്കാൻ ഒരുങ്ങുകയായിരുന്നു എംജിഎം. ലോകത്തിലെ തന്നെ ഏറ്റവും ലാഭമുള്ള കമ്പനിയായ ആമസോൺ ഏറ്റെടുക്കാൻ ഒരുങ്ങിയപ്പോൾ ആശ്വാസമായി. 

 

ഒൻപത് ബില്യൺ ഡോളർ ന്യായമായ വിലയാണോ, വളരെ കൂടി പോയില്ലേ എന്ന ചോദ്യം ഹോളിവുഡ് നിരീക്ഷകർ ഉയർത്തുന്നുണ്ട്‌. പ്രസക്തമായ ചോദ്യം തന്നെയാണ്. പുതിയ സബ്സ്ക്രൈബർമാരെ ലക്ഷ്യമിടാൻ, ജനപ്രിയവും വ്യത്യസ്തവുമായ കൂടുതല്‍ കണ്ടന്‍റ് ആമസോണിന്‌ അനിവാര്യമാണ്. അതുപോലെ, ഒറിജിനൽ പരിപാടികൾക്കാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിലും, പ്രൈമിലും ഏറ്റവും അധികം ഡിമാൻഡ് . ഇവിടെ എംജിഎമ്മിന്‍റെ വൈദഗ്ധ്യം ആമസോണിന് ഏറെ പ്രയോജനകരമാകും. ഗർജിക്കുന്ന സിംഹം ഇനി പ്രൈമിന്റെ കൂട്ടിലേക്ക്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!