തിങ്കളാഴ്ച നല്ല ദിവസവും നായാട്ടും; ഒരു ദളിത് വായന

By Web TeamFirst Published May 15, 2021, 4:39 PM IST
Highlights

 ഇന്നലെകളിലെ മലയാള സിനിമയില്‍ കീഴ്ത്തട്ട് മനുഷ്യര്‍ പ്രത്യക്ഷപ്പെട്ടിരുന്നത് സവര്‍ണ ജാതി ജീവിതങ്ങളെ താളം തെറ്റിക്കാന്‍ വരുന്ന 'കുഞ്ഞനെ'പ്പോലുള്ള കഥാപാത്രങ്ങളാണ്. വില്‍ക്കാന്‍ തീരുമാനിച്ച പുരയിടം കൈയിലുള്ള പൈസ കൊടുത്ത് വാങ്ങാം എന്ന് തീരുമാനിക്കുന്നു എന്നതാണ് കുഞ്ഞനെ സിനിമയില്‍ പ്രതിയാക്കുന്നതും സിനിമയില്‍ ഉടനീളം  ഒരു വില്ലനാക്കി മാറ്റുന്നതും.

'നായാട്ട്' എന്ന സിനിമയുടെ പ്രമേയത്തെയല്ല, മറിച്ച് സിനിമ ഉണ്ടാവുന്ന രാഷ്ട്രീയ പരിസരത്തെയാണ് ഇവിടെ പ്രധാനമായും പരിശോധിക്കുന്നത്. നായാട്ടിന്‍റെ രാഷ്ട്രീയം അറിയണമെങ്കില്‍ 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമയില്‍ പത്മരാജന്‍ കാണിക്കുന്ന 'ജാതി ബ്രില്യന്‍സ്' കൂടി മനസിലാക്കണം. മലയാളത്തിലെ ക്ളാസിക്ക് സംവിധായകനായ പത്മരാജന്‍ 1982 ല്‍ ചെയ്യുന്ന  സിനിമയാണ്  തിങ്കളാഴ്ച നല്ല ദിവസം. ആ സിനിമ ഉണ്ടായ സാമൂഹിക രാഷ്ട്രീയ പരിസരം തിരിച്ചറിയുമ്പോള്‍ മാത്രമെ നായാട്ട് പോലെ ഒരു സിനിമയുണ്ടാക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യം മനസിലാക്കാനാവൂ. പ്രമോദ് ശങ്കരന്‍ എഴുതുന്നു..

പ്രമേയപരമായി നായാട്ടും തിങ്കളാഴ്ച നല്ല ദിവസവും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ രണ്ട് സിനിമകളും ഉണ്ടാവുന്നതിന് പൊതുവായ രാഷ്ട്രിയ താല്‍പര്യമുണ്ട്. പത്മരാജന്‍റെ സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം, ആധുനികമായ നാഗരിക ജീവിതമോഹങ്ങള്‍ എങ്ങനെയാണ് സവര്‍ണ്ണ തറവാടിന്‍റെ ജാതി ക്രമത്തെയും കുടുംബങ്ങളുടെ ആത്മബന്ധങ്ങളെയും തകര്‍ക്കുന്നതെന്നും വഴിയാധാരാമാക്കുന്നതെന്നുമാണ്. ഒറ്റക്കാഴ്ച്ചയില്‍ ഒരു കുടുംബകഥയായി മാത്രമേ കാണിക്ക് അനുഭവപ്പെടുകയെുള്ളുവെങ്കിലും കൃത്യമായ സവര്‍ണ ജാതി രാഷ്ട്രിയതാല്പര്യം പ്രമേയപരമായ് കൈകാര്യം ചെയ്യുന്ന സിനിമയാണിത്. (കുടുംബ കഥയെന്നത് മലയാള സിനിമയ്ക്ക് സവര്‍ണ്ണ തറവാടുകളിലെ ജീവിതം മാത്രമാണ് അന്നും, ഇന്നും).

ഗ്രാമത്തില്‍ ജീവിക്കുന്ന അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ദുബൈയിലും ബോംബെയിലും ജീവിക്കുന്ന ആണ്‍മക്കളും കുടുംബവും വരുന്നതും ഈ വരവില്‍  തറവാട് വിറ്റ് അമ്മയെ ശരണാലയത്തിലാക്കാന്‍ തീരുമാനിക്കുന്നതിലൂടെയുമാണ് സിനിമ പുരോഗമികുന്നത്. ഇതോടെ അമ്മയ്ക്കും മക്കള്‍ക്കുമിടയില്‍ ഉണ്ടാവുന്ന  ആത്മസംഘര്‍ഷങ്ങളിലൂടെയാണ് സിനിമ ഒരു കുടുംബകഥയാക്കി മാറ്റുന്ന, പത്മരാജന്‍റെ 'ജാതി ബ്രില്യന്‍സ്' തെളിഞ്ഞു നില്‍ക്കുന്നത്. ഈ കുടുംബകഥയുടെ പശ്ചാത്തലത്തില്‍ മറ്റൊരു കാര്യം സവര്‍ണ്ണ സമൂഹത്തെ ഓര്‍മ്മപ്പെടുത്താനാണ് പത്മരാജന്‍ ശ്രമിക്കുന്നത്. വില്‍ക്കാന്‍ തീരുമാനിക്കുന്ന  തറവാട് വാങ്ങാന്‍ വരുന്നത് കുഞ്ഞന്‍ എന്നൊരു കഥാപാത്രമാണ്‌. പത്മരാജനെ സംബന്ധിച്ച് കുഞ്ഞന്‍ ഒരു വസ്തു വാങ്ങുന്ന കച്ചവടക്കാരന്‍ മാത്രമല്ല. അയാള്‍ കീഴ് ജാതി സമൂഹത്തിന്‍റെ പ്രതിനിധാനമാണ്. (തറവാട്ടിലെ കന്നിനെ നോക്കി നടന്നിരുന്ന കുഞ്ഞന്‍ ഈഴവ സമൂഹത്തിന്‍റെയോ ദളിത്/പരിവര്‍ത്തിത ക്രിസ്ത്യന്‍ സമൂഹത്തിന്‍റെയൊ പ്രതിനിധാനമായാണ് സിനിമയില്‍ ആവിഷ്‍കരിച്ചിരിക്കുന്നത്). തറവാട് വില്‍ക്കുന്നതല്ല, കീഴ് ജാതിക്കാരനായ കുഞ്ഞന്‍ വാങ്ങുന്നതാണ് പ്രശ്നമായിത്തീരുന്നത്. വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വസ്തു വാങ്ങാന്‍ വരുന്നയാള്‍ക്ക്  ഒട്ടും പ്രാധാന്യം ലഭിക്കേണ്ട ആവശ്യം സിനിമയ്ക്ക് ഇല്ലാതിരുന്നിട്ടും കുഞ്ഞന്‍ എന്ന കീഴ് ജാതിക്കാരനെ   കൊണ്ടുവന്ന് സിനിമയുടെ ഗതി പത്മരാജന്‍  മാറ്റിമറിക്കുകയാണ്‌. സവര്‍ണ്ണ തറവാട് വാങ്ങാന്‍ ഒരാള്‍ സിനിമയില്‍ വേണമെങ്കില്‍ ഏതെങ്കിലും സവര്‍ണനെ തന്നെ കണ്ടെത്താം. അല്ലങ്കില്‍ കാശുള്ള  സുറിയാനി കൃസ്ത്യാനിയാവാം. എന്നാല്‍ അത് തറവാട്ടിലെ കന്നിനെ നോക്കി നടന്നിരുന്ന ഈഴവരുടെയൊ ദളിതരുടെയൊ പ്രതിനിധിയാവണം എന്ന് തീരുമാനിക്കുന്നതോടെയാണ് സിനിമയുടെ സവര്‍ണ്ണ താല്പര്യം മറനീക്കുന്നത്. (പത്മരാജനില്‍ നിന്ന്  രഞ്ജിത്തിലേക്ക് എത്തുമ്പോള്‍ വസ്തുവാങ്ങുന്നയാള്‍ മുസ്‍ലിം ആവുന്നുണ്ട്).

 

വസ്‍തു വാങ്ങുന്നയാള്‍ ജാതി/ മത രഹിതനോ സവര്‍ണ്ണരോ ആയാല്‍പ്പോരാ, ജാതിയില്‍ സാമൂഹ്യ പദവി കുറഞ്ഞവര്‍ തന്നെ ആവണമെന്ന് പത്മരാജനെക്കൊണ്ട് തീരുമാനിപ്പിക്കുന്ന ഒരു രാഷ്ട്രിയ/ സാമൂഹിക സാഹചര്യം 80-കളോടെ കേരളത്തില്‍ സംഭവിക്കുന്നുണ്ട്.  ഭൂപരിഷ്ക്കരണത്തിലൂടെ കൃഷിഭൂമി ലഭ്യമാകുന്ന ഈഴവര്‍ക്കിടയിലും സംവരണത്തിന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ദളിതര്‍ക്കിടയിലും സാമൂഹ്യമായ ചലനശേഷിയും സാമ്പത്തിക വികാസവും സംഭവിക്കുന്നുണ്ട്. കീഴ്ത്തട്ട് മനുഷ്യര്‍  കൈവരിക്കുന്ന സാമൂഹിക/ സാമ്പത്തിക ചലനശേഷി സവര്‍ണ ജാതി ജീവിതക്രമത്തിന് ഭീഷണിയായി തീരുന്നതാണെന്ന ഓര്‍മ്മപ്പെടുത്തലാണ് പത്മരാജന്‍ തിങ്കളാഴ്ച്ച നല്ല ദിവസം എന്ന സിനിമയിലൂടെ നിര്‍വ്വഹിക്കുന്നത്. ആധുനികമായ നാഗരിക ജീവിതത്തില്‍ ഭ്രമിച്ച് സവര്‍ണ്ണരിലെ പുതിയ തലമുറ തറവാടും കാവും കുളങ്ങളുമുള്ള ജാതി ജീവിതക്രമത്തെ ഉപേഷിച്ചാല്‍ സംഭവിക്കുന്നത്, ഇന്നലെവരെ ഉമ്മറത്ത് കയറാന്‍ അനുവദിക്കാതിരുന്ന ചില മനുഷ്യര്‍ പുത്തന്‍ പണക്കാരായി വന്ന് അകുത്ത് കയറിയിരിക്കുമെന്ന് സവര്‍ണ്ണ സമൂഹത്തെ പത്മരാജന്‍ തന്‍റെ സിനിമയിലൂടെ ഓര്‍മ്മപ്പെടുത്തുന്നു. 

80-കളില്‍  ഈഴവ/ പിന്നോക്ക/ ദളിത് സമൂഹങ്ങളില്‍ സംഭവിക്കുന്ന സാമൂഹിക/ സാമ്പത്തിക വികാസമാണ് പത്മരാജനെ പ്രകോപിപ്പിക്കുന്നതെങ്കില്‍, 2021 ആവുമ്പോള്‍ ദളിത് സാമൂഹത്തില്‍ ഉണ്ടാവുന്ന രാഷ്ട്രീയ ഉണര്‍വുകളും മുന്നേറ്റങ്ങളുമാണ് നായാട്ട് പോലൊരു സിനിമയുണ്ടാക്കാന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെയും സുഹൃത്തുക്കളെയും നിര്‍ബന്ധിതരാക്കുന്നത്. മലയാള സിനിമയില്‍ സംഭവിച്ചിരിക്കുന്ന നറേറ്റീവിലെ മാറ്റവും  തിരിച്ചറിയപ്പെടേണ്ടതാണ്. ഇന്നലെകളിലെ മലയാള സിനിമയില്‍ കീഴ്ത്തട്ട് മനുഷ്യര്‍ പ്രത്യക്ഷപ്പെട്ടിരുന്നത് സവര്‍ണ ജാതി ജീവിതങ്ങളെ താളം തെറ്റിക്കാന്‍ വരുന്ന 'കുഞ്ഞനെ'പ്പോലുള്ള കഥാപാത്രങ്ങളാണ്. വില്‍ക്കാന്‍ തീരുമാനിച്ച പുരയിടം കൈയിലുള്ള പൈസ കൊടുത്ത് വാങ്ങാം എന്ന് തീരുമാനിക്കുന്നു എന്നതാണ് കുഞ്ഞനെ സിനിമയില്‍ പ്രതിയാക്കുന്നതും സിനിമയില്‍ ഉടനീളം  ഒരു വില്ലനാക്കി മാറ്റുന്നതും. 'കാട്ടുകുതിര'യിലും നല്ലവരായ സവര്‍ണ്ണരെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ബുദ്ധിശൂന്യനും പ്രതികാര ദാഹിയുമായ  ഈഴവനെ കാണം. ഈ നറേറ്റീവിന് മലയാള സിനിമയില്‍ മാറ്റം വരുന്നുണ്ട്. നല്ലവരായ മുസ്‍ലിങ്ങളും അവര്‍ക്കെതിരെ നില്‍ക്കുന്ന തീവ്രവാദിയായ മുസ്‍ലിമും ആയി കാര്യങ്ങള്‍ മാറുന്നു. പഴയ മലയാള സിനിമയില്‍ സവര്‍ണ്ണരെ തകര്‍ക്കാന്‍ വരുന്ന ദളിതരില്‍ നിന്നും വ്യത്യസ്തമായി ദളിതരുടെ ശത്രുക്കളായി ദളിതരെ തന്നെ മുഖാമുഖം നിര്‍ത്തുന്ന കൗശലമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് നായാട്ടിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. 

നായാട്ട് പോലൊരു സിനിമ ഉണ്ടാവുന്ന സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയെ മനസിലാക്കിയാലെ സിനിമയുടെ രാഷ്ട്രീയത്തെ മനസിലാക്കാനാവൂ. കേരളത്തിലെ ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് വലിയ വിസിബിലിറ്റി ഉണ്ടായിക്കൊണ്ടിരികുന്ന കാലമാണിത്. വലിയ ഭൂ സമരങ്ങള്‍ നടക്കുന്നുണ്ട്. വടയമ്പാടി ജാതി മതിലും  അവസാനമായ് ജാതി ഗെയിറ്റ് പൊളിച്ചു കളയുന്നത് മുതല്‍ വലിയ സമരങ്ങള്‍ നടക്കുന്നുണ്ട്. എഴുത്തും പറച്ചിലും പാട്ടുമായ്  ദളിത് രാഷ്ട്രീയത്തിന്‍റെ പ്രതിരോധ, സ്വത്വ ഉണര്‍വ്വുകള്‍ അക്കാദമിക് സമൂഹത്തിലും ബഹുജനങ്ങള്‍ക്കിടയിലും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. സംവരണത്തെ സംബന്ധിച്ച ചര്‍ച്ചകള്‍, അധികാര ഉദ്യോഗങ്ങളിലെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്നത് മുതല്‍ ചെറുതും വലുതുമായ രാഷ്ട്രീയ സമരങ്ങള്‍ ദളിതരുടെ മുന്‍കൈയില്‍ കേരളത്തില്‍ സംഭവിക്കുന്നുണ്ട്. ഈ രാഷ്ട്രീയ കാലാവസ്ഥയിലാണ് നായാട്ട് പോലുള്ള ദളിത് രാഷ്ട്രീയ വിരുദ്ധ സിനിമ  ഉണ്ടാവുന്നത്. നായാട്ട് കൃത്യമായി ലക്ഷ്യം വെക്കുന്നത് കേരളത്തിലെ സാമൂഹ്യ/ സംസ്‍കാരിക / രാഷ്ട്രീയ ബോധത്തെ മാറ്റിമറിക്കുന്ന ദളിത് രാഷ്ട്രീയത്തെയാണ്. നീതിയെ മുന്‍നിര്‍ത്തി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ദളിത് സമരങ്ങളുടെ ഇടപെടലുകളെ, അതിന്‍റെ  രാഷ്ട്രീയ സന്ദര്‍ഭങ്ങളെ അടര്‍ത്തി മാറ്റിയും വസ്തുതാ വിരുദ്ധതയോടെയുമാണ് ചിത്രം അവതരിപ്പിക്കുന്നത്. കാര്യകാരണങ്ങള്‍ അന്വേഷിക്കാതെ ബഹളം വെക്കുന്നവരുടെ കൂട്ടമായി ദളിത് രാഷ്ട്രീയത്തിന്‍റെ വര്‍ത്തമാന പശ്ചാത്തലത്തെ മാറ്റി പ്രതിഷ്ഠിക്കുകയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടും സുഹൃത്തുക്കളും ചെയതിരിക്കുന്നത്.

 

അഭിനേതാക്കളുടെ പ്രകടനവും മേക്കിംഗിന്‍റെ മികവും കൊണ്ട് നായാട്ട് ആസ്വാദന നിലവാരം പുലര്‍ത്തുമ്പോള്‍, അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ദളിത് മുന്നേറ്റങ്ങളെ മൊത്തത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതാണ്. രോഹിത്ത് വെമുലയുടെ സ്ഥാപനവല്‍കൃത കൊലപാതകം, മണിയനിലും സംഭവിക്കുന്നുണ്ട്. എന്നാല്‍ മണിയന്‍റെ മരണ കാരണം അനേഷിച്ചു ചെന്നാല്‍ കുറ്റവാളികള്‍ ആവുന്നത് ദളിതര്‍ തന്നെ ആയിരിക്കും. സ്വന്തം ചെറിയച്ഛനെയും സുഹൃത്തുക്കളെയും അപകട ഘട്ടത്തില്‍ കൈയൊഴിയുന്ന അനന്തരവന്‍ സ്വാര്‍ത്ഥ താല്പര്യങ്ങളുടെ, പരസ്പര വിശ്വാസം കാണിക്കാത്ത ഒറ്റുകാരനായാണ്  സിനിമ കാണിച്ചു തരുന്നത്. ദളിതരെ തന്നെ ദളിതരുടെ ശത്രുക്കളായി മുഖാമുഖം നിര്‍ത്തി നടത്തുന്ന നായാട്ടില്‍ കഞ്ചാവും കള്ളും ഉപയോഗിക്കുന്ന, പൊതുശല്യവുമായ ദളിത് കഥാപാത്രത്തെക്കൊണ്ട് പഞ്ച് ഡയലോഗ് ഡെലിവറി നടത്തിക്കുന്നുണ്ട്. ''എന്നെ തൊട്ടാല്‍ നിയമം വേറെയാണെന്ന്'' പൊതുശല്യമായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കപ്പെട്ട പ്രതിയെക്കൊണ്ട് പറയിപ്പിക്കുന്ന സംവിധായകന്‍, എസ്‍സി/എസ്‍റ്റി അട്രോസിറ്റി കേസുകള്‍ അടിസ്ഥാനരഹിതമായ കാര്യമാണെന്ന പൊതുബോധ വിശ്വാസത്തെ ഉറപ്പിച്ചെടുക്കുകയാണ്. 

എസ്‍സി/എസ്‍റ്റി അട്രോസിറ്റി വകുപ്പ് പുഃന പരിശോധിക്കണമെന്ന സുപ്രിം കോടതി ഉത്തരവിന് എതിരെയാണ് കേരളത്തില്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ബസ് ഓടിക്കുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷന്‍ വെല്ലുവിളിക്കുമ്പോള്‍, ഹര്‍ത്താല്‍ കോഡിനേറ്ററായ ഗീതാനന്ദന്‍ പത്രസമ്മേളനം നടത്തി പറയുന്നതില്‍ ഒരു വാചകം ഇങ്ങനെയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ബസുകള്‍ റോഡിലിറക്കിയാല്‍ ആ ബസുകള്‍ കത്തിച്ചു കൊണ്ടായിരിക്കും ഹര്‍ത്താല്‍ അതിനോട് പ്രതികരിക്കുകയെന്നതാണ്. അത്തരം ഒരു വാചകം പറയാന്‍ നിര്‍ബന്ധിക്കപ്പെട്ട രാഷ്ട്രീയ സാഹചര്യത്തിലാണ് ആ വാക്കുകള്‍ നീതികരിക്കപ്പെടുന്നതും പൊതുസമൂഹം ന്യായത്തിന്‍റെ പക്ഷമായി ശരിവെക്കുന്നതും. സാമൂഹ്യ ശല്യമായ ദളിത് കഥാപാത്രം ''കുനിഞ്ഞ് നില്‍ക്കേണ്ട കാലം കഴിഞ്ഞെന്നും എന്നെ തൊട്ടാല്‍ നിയമം വേറെയാണെന്നും ''പറയുന്നതിലൂടെ സാമൂഹ്യ വിരുദ്ധമായ സന്ദേശമാണ് പൊതുസമൂഹത്തില്‍ എത്തിക്കുന്നത്. 
സംവരണ സാധ്യതകളിലൂടേയോ ഭൂ ഉടമസ്ഥതയിലൂടേയൊ സാമ്പത്തിക വികാസവും സാമൂഹ്യ ചലനാത്മകതയും  കൈവരിക്കുന്ന കീഴ്ത്തട്ട്  ജീവിതങ്ങളോടുള്ള സഹിക്കാനാവാത്ത  അസഹിഷ്ണുതയാണ് പത്മരാജന് 80 കളുടെ തുടക്കത്തില്‍ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയുണ്ടാക്കാന്‍  പ്രേരണയാവുന്നതെങ്കില്‍ വിഭവ/ അധികാര പങ്കാളിത്തമെന്ന നീതിയുടെ ചോദ്യങ്ങളുയര്‍ത്തി കേരളത്തില്‍ ദളിതര്‍ നടത്തുന്ന ബഹുമുഖമായ രാഷ്ട്രീയ മുന്നേറ്റങ്ങളോടുള്ള അസഹിഷ്‍ണുതയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെയും സുഹൃത്തുക്കളുടെയും പ്രചോദനം.  ഇത് മനസിലാക്കുമ്പോഴേ നായാട്ട്  ഉന്നംവെക്കുന്ന ദളിത് വിരുദ്ധത ബോധ്യപ്പെടൂ.

click me!