ഇത് ട്രെയിലര്‍, ഇനി കളിച്ചാല്‍..; 31 കാരന്‍ ഗ്യാങ്‌സ്റ്ററിന് സല്‍മാന്‍ ഖാനോട് എന്താണ് ഇത്ര പക.!

By Web TeamFirst Published Apr 15, 2024, 4:15 PM IST
Highlights

ഞായറാഴ്ച സൽമാൻ ഖാൻ്റെ വീട്ടിന് നേരെ വെടിവെച്ചതിന് തൊട്ടുപിന്നാലെ ബിഷ്‌ണോയ് ഒരു ഓൺലൈൻ പോസ്റ്റിൽ സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ബാന്ദ്രയിലെ വീട്ടിന് നേരെ ഞായറാഴ്ചയുണ്ടായ വെടിവയ്പ്പ് ആദ്യത്തെയും അവസാനത്തെതുമായ താക്കീതാണെന്ന് വെടിവയ്പ്പിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌നോയ്.

ഞായറാഴ്ച സൽമാൻ ഖാൻ്റെ വീട്ടിന് നേരെ വെടിവെച്ചതിന് തൊട്ടുപിന്നാലെ ബിഷ്‌ണോയ് ഒരു ഓൺലൈൻ പോസ്റ്റിൽ സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സല്‍മാന്‍റെ വീട്ടിലെ വെടിവയ്പ്പ് നേരിട്ട് പരാമര്‍ശിക്കാതെയാണ് പോസ്റ്റ്. എന്നാല്‍ സല്‍മാന്‍റെ പേര് പോസ്റ്റിലുണ്ട്. 

“ഞങ്ങൾ നിങ്ങൾക്ക് ഈ സംഭവത്തിലൂടെ ഒരു ട്രെയിലർ കാണിച്ചുതന്നിരിക്കുകയാണ് ഞങ്ങളുടെ ശക്തിയുടെ വ്യാപ്തി നിങ്ങൾ മനസ്സിലാക്കുകയും ഞങ്ങളോട് കളിക്കാതെയും ഇരിക്കുക. ഇതാണ് ആദ്യത്തെയും അവസാനത്തെയും താക്കീത്" അൻമോൽ ബിഷ്‌നോയ് പറയുന്നു.

അതിനിടെ മുംബൈയിലെ സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് വെടിയുതിർത്തതായി പറയപ്പെടുന്ന സിസിടിവി ദൃശ്യങ്ങളിൽ കണ്ട രണ്ട് വ്യക്തികളിൽ ഒരാൾ ഗുരുഗ്രാമിൽ നിന്നുള്ളയാളാണെന്ന്  സംശയിക്കുന്നതായി ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ഹരിയാനയിൽ ഒന്നിലധികം കൊലപാതകങ്ങളിലും കവർച്ചകളിലും ഉൾപ്പെട്ടിരുന്ന ഗുരുഗ്രാമിൽ നിന്നുള്ള ക്രിമിനലുകളാണ് സിസിടിവിയില്‍ കാണുന്നവരെന്നാണ് ഡല്‍ഹി പൊലീസ് സംശയിക്കുന്നത്. രണ്ടുപേരിൽ ഒരാൾ മാർച്ചിൽ ഗുരുഗ്രാം ആസ്ഥാനമായുള്ള വ്യവസായി സച്ചിൻ മുഞ്ജാലിനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് പറയുന്നു.

വിദേശത്ത് താമസിക്കുന്ന ഗുണ്ടാനേതാവ് രോഹിത് ഗോദാര ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുഞ്ജലിൻ്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഗുണ്ടാതലവന്‍ ലോറൻസ് ബിഷ്‌ണോയി, സഹോദരൻ അൻമോൾ, ഗോൾഡി ബ്രാർ എന്നിവരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.

നടൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ രണ്ട് പേർ നാല് റൗണ്ട് വെടി ഉതിര്‍ത്തത്. ഈ സമയത്ത് സല്‍മാന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.  ബാന്ദ്ര പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം) ആയുധ നിയമം എന്നിവ പ്രകാരം അജ്ഞാതരായ വ്യക്തികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആരാണ് ലോറന്‍സ് ബിഷ്ണോയി

31 കാരനായ ലോറന്‍സ് ബിഷ്‌ണോയി കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ടയാളാണ്. തങ്ങൾ ഒരുമിച്ച് ആസൂത്രണം ചെയ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയെന്ന് ഇയാളുടെ സുഹൃത്ത് ഗോൾഡി ബ്രാർ അവകാശപ്പെട്ടതിനെ തുടർന്നാണ് ലോറന്‍സ് ബിഷ്‌ണോയി കുപ്രശസ്തനായത്. ലോറന്‍സ് ബിഷ്ണോയി ഇപ്പോള്‍ ജയിലലിലാണ്. 

എന്താണ് സല്‍മാനോട് ഇത്ര ദേഷ്യം

1998-ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സൽമാൻ ഖാന്‍ പ്രതിയാണ്. ബിഷ്‌ണോയി സമുദായത്തിന് ഏറെ അതൃപ്തിയുണ്ടാക്കിയ സംഭവമാണിത്. ബിഷ്‌ണോയി സമൂഹം വിശുദ്ധമായി കണക്കാക്കുന്നവയാണ് കൃഷ്ണമൃഗങ്ങള്‍. ഞങ്ങൾ സൽമാൻ ഖാനെ ജോധ്പൂരിൽ വച്ച് കൊല്ലും എന്നാണ് 2018-ൽ കോടതിയിൽ ഹാജരായപ്പോൾ ലോറൻസ് ബിഷ്‌ണോയ് പറഞ്ഞത്.

ഇതിന് മുമ്പെ ലോറൻസ് ബിഷ്‌ണോയി ഓൺലൈനിൽ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗായിക ജിപ്പി ഗ്രേവാളിനെ ഭീഷണിപ്പെടുത്തുകയും സൽമാനെ ആർക്കും രക്ഷിക്കാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 

2023-ൽ, ഖാൻ്റെ മാനേജർക്ക് ഭീഷണിപ്പെടുത്തുന്ന ഒരു ഇമെയിൽ ലഭിച്ചു, അതിൽ ബിഷ്‌ണോയ് ജയിലിൽ വെച്ച് നടത്തിയ അഭിമുഖത്തെക്കുറിച്ച് പരാമർശിച്ചു. സൽമാനെ കൊല്ലുകയാണ് തൻ്റെ ലക്ഷ്യമെന്ന് 2023ൽ ജയിലിൽ നിന്ന് നൽകിയ അഭിമുഖത്തിൽ ബിഷ്‌ണോയ് പറഞ്ഞു. അയാൾക്ക് പണം ആവശ്യമില്ല, ഒരു ക്ഷമാപണം മാത്രം. 

“ഞങ്ങൾക്ക് പണം വേണ്ട. അവൻ ഞങ്ങളുടെ കമ്മ്യൂണിറ്റി ക്ഷേത്രം സന്ദർശിച്ച് ഞങ്ങളോട് മാപ്പ് പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി എൻ്റെ സമൂഹത്തെയാകെ അയാള്‍ അപമാനിച്ചു. ആയാള്‍ക്കെതിരെ അതിന്  കേസുണ്ട്, പക്ഷേ സല്‍മാന്‍ മാപ്പ് പറയാൻ വിസമ്മതിച്ചു ” ബിഷ്‌ണോയ് പറഞ്ഞു.

സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിവയ്പ്പ്; അഞ്ച് റൗണ്ട് വെടിവച്ച് അജ്ഞാത അക്രമികൾ

ഇത് അസ്വസ്ഥതയല്ല, നാണക്കേടും കുറ്റബോധവുമാണ്: തുറന്നടിച്ച് സിദ്ധാര്‍ത്ഥ്

click me!