അയാള്‍ സംഗീതത്തിന്‍റെ രാജാവാണ്... ആ രാജാവ് തന്ന വെളിച്ചമിതാ ഓസ്കറില്‍ തിളങ്ങുന്നു, ഹൃദയം തൊട്ട കീരവാണി മാജിക്

By Web TeamFirst Published Mar 13, 2023, 9:16 AM IST
Highlights

തെലുങ്ക് സംഗീത സംവിധായകന്‍ കെ ചക്രവര്‍ത്തി, മലയാളത്തിലെ രാജാമണി എന്നിവരുടെ സഹായിയായി 1987 കാലഘട്ടത്തിൽ കീരവാണിയുടെ സിനിമാജീവിതം ആരംഭിക്കുന്നത്.

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ പാട്ട് 95-ാമത് ഓസ്കർ നിശയിൽ തിളങ്ങി നിൽക്കുമ്പോൾ ആ ഈണത്തിനു പിന്നിലെ മാന്ത്രികനെ, എം എം കീരവാണിയെ ആദരവോടെ നോക്കിക്കാണുകയാണ് രാജ്യം. ഒന്നര പതിറ്റാണ്ടിന് ഇപ്പുറം ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിൽ എത്തിച്ച കീരവാണി വീണ്ടും വീണ്ടും ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ കൊണ്ടെത്തിച്ചിരിക്കുന്നു.

ആരാണ് ഇന്ത്യൻ സിനിമയെ ഓസ്കറിലേക്ക് എത്തിച്ച കീരവാണി?

1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് കൊഡൂരി മരകതമണി കീരവാണിയെന്ന എം എം കീരവാണിയുടെ ജനനം. തെലുങ്ക് സംഗീത സംവിധായകന്‍ കെ ചക്രവര്‍ത്തി, മലയാളത്തിലെ രാജാമണി എന്നിവരുടെ സഹായിയായി 1987 കാലഘട്ടത്തിൽ കീരവാണിയുടെ സിനിമാജീവിതം ആരംഭിക്കുന്നത്. 1990ല്‍ കൽകി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. നിർഭാഗ്യമെന്ന് പറയട്ടെ സിനിമ, തിയറ്റർ കാണാതെ പെട്ടിയിലൊതുങ്ങി. ഇതോടെ തന്റെ സംഗീത ജീവിതം അവസാനിച്ചുവെന്ന് ഒരുപക്ഷേ കീരവാണിയും ചിന്തിച്ചിരിക്കാം. പക്ഷേ സിനിമാ സ്റ്റൈലിൽ പറഞ്ഞാൽ കഥ അവിടെ തുടങ്ങുക ആയിരുന്നു.

അതേ വർഷം തന്നെ ഇറങ്ങിയ മനസ്സു മമത എന്ന ചിത്രം കീരവാണിയെ ശ്രദ്ധേയനാക്കി. തൊട്ടടുത്ത വർഷം ക്ഷണാ ക്ഷണം എന്ന ചിത്രത്തിലെ ഗാനങ്ങളുടെ ജനപ്രീതി കീരവാണിയ്ക്ക് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു മേല്‍വിലാസം നേടിക്കൊടുത്തു. വൈകാതെ തമിഴില്‍ നിന്നും കന്നടത്തില്‍ നിന്നും മലയാളത്തില്‍ നിന്നും അദ്ദേഹത്തിന് ക്ഷണമെത്തി.

1991ല്‍ ഐവി ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ കീരവാണിയുടെ സംഗീതം ആദ്യമായി മുഴങ്ങിയത്. പി കെ ഗോപിയെഴുതിയ ഗാനങ്ങള്‍ ശ്രദ്ധേയമായി. 1992ല്‍ സൂര്യമാനസം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിലെ ഗാനങ്ങള്‍ ആണ് കീരവാണി മലയാളത്തിന് നല്‍കിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം.

എം ഡി രാജേന്ദ്രന്‍ എഴുതിയ ഗാനങ്ങള്‍ എല്ലാം തന്നെ മധുരമാര്‍ന്ന ഈണം കൊണ്ട്  ആസ്വാദകര്‍ക്ക് നവ്യാനുഭൂതിയാണ് നല്‍കിയത്. ഗുരുതുല്യനായി കീരവാണി കാണുന്ന രാജാമണിയുടെ ഈണത്തില്‍ മലയാളത്തില്‍ മാണിക്യചെമ്പഴുക്ക എന്ന ചിത്രത്തിന് വേണ്ടി സുജാതയ്ക്കൊപ്പം 'മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ മാണിക്ക്യച്ചെമ്പഴുക്ക..' എന്ന ഗാനവും കീരവാണി ആലപിച്ചിട്ടുണ്ട്. ദേവരാഗത്തിന് ശേഷം കീരവാണി മലയാളത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്നത് വലിയൊരു നഷ്ടമാണ് ഗാനാസ്വാദകര്‍ക്ക്.

ഭാഷയ്ക്ക് അധീതമായി കീരവാണിയുടെ സംഗീതത്തെ ഇന്ത്യൻ ജനത ഏറ്റുപാടി. പ്രണയവും രതിയും വിരഹവുമെല്ലാം ആ അതുല്യ പ്രതിഭയുടെ വിരൽ തുമ്പിൽ നിന്നും പിറന്നു. പഴയ തലമുറ മാത്രമല്ല പുതിയ തലമുറയും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഏറ്റുപാടി. ബാഹുബലി മുതൽ ആർആർആർ വരെ നീളുന്ന സിനിമയിലെ പാട്ടുകളിലൂടെ പുതിയ തലമുറയ്ക്കും അദ്ദേഹം ഹരം പകർന്നു.

ഒടുവിൽ ഒന്നര പതിറ്റാണ്ടിനിപ്പുറം ഇന്ത്യൻ മണ്ണിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും അദ്ദേഹം എത്തിച്ചു. ലോക സംഗീതത്തിന് മുന്നിൽ ഇന്ത്യയെ വാനോളം ഉയർത്തി അദ്ദേഹം. ഒടുവിൽ ഏതൊരു സിനിമാ പ്രവർത്തകനും സ്വപ്നം കാണുന്ന ഓസ്കർ പുരസ്കാരവും കീരവാണിയിലൂടെ രാജ്യത്തേക്ക് എത്തി. മലയാളത്തിലോ തെലുങ്കിലോ തമിഴിലോ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല കീരവാണി മാജിക്. ഭാഷയ്ക്ക് അതീതമായി, മനുഷ്യ മനസിനെ കീഴടക്കി അത് യാത്ര ചെയ്തു കൊണ്ടേയിരിക്കും.

'ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു ഗാനത്തിന് ഓസ്‍കര്‍, ഇന്ത്യയുടെ അഭിമാനമായി കീരവാണി

click me!