
മലയാളത്തിലെ നടൻമാരിൽ ഏറ്റവും നന്നായി നൃത്തം ചെയ്യുന്നത് ആര് എന്ന ചോദ്യത്തിന് കഴിഞ്ഞ കുറേ കാലമായി ഉത്തരം ഒന്നുതന്നെയാണ്. കുഞ്ചാക്കോ ബോബൻ (Kunchacko Boban). ഇന്ത്യൻ സിനിമയിലെ മൈക്കൽ ജാക്സൺ ആയ പ്രഭുദേവ തന്നെ സാക്ഷ്യപ്പെടുത്തിയതാണ് കുഞ്ചാക്കോ ബോബൻ നന്നായി ഡാൻസ് ചെയ്യുമെന്ന്. ആ കുഞ്ചാക്കോ ബോബൻ വീണ്ടുമൊരിക്കൽ കൂടി നൃത്തരംഗത്തിന്റെ പേരിൽ തരംഗമായിരിക്കുന്നു. ഇക്കുറി അതിനൊരു പ്രത്യേകത, നല്ല താളബോധമുള്ള ചങ്ങായി തീരെ താളബോധമില്ലാത്ത മദ്യപാനിയുടെ ചുവടുകളാണ് വെച്ചത് എന്നാണ്. എന്നത്തേയും ഹിറ്റായ ദേവദൂതർ പാടി എന്ന പാട്ടിന് കുഞ്ചാക്കോയുടെ പാമ്പ് ഡാൻസ് 2.0 വേർഷൻ നൽകിയിരിക്കുന്നു. നിർമാണത്തിലും കയ്യൊപ്പ് വെച്ചെത്തുന്ന എന്നാ താൻ കേസ് കൊട് കുഞ്ചാക്കോ ബോബന്റെ അടുത്ത ഞെട്ടിക്കലാണെന്ന് പ്രേക്ഷകർ ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ഉത്സവപ്പറമ്പിലെ ലോക്കൽ ജാക്സൺ അടുത്തമാസമാണ് തീയേറ്ററുകളിലെത്തുന്നത്.
കുഞ്ചാക്കോ ബോബൻ ഞെട്ടിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചുകാലമായി. ഏതൊരു സഹോദരനും ആഗ്രഹിക്കുന്ന അളിയൻ, ഏതൊരു പെൺകുട്ടിയും ഇഷ്ടപ്പെടുന്ന കാമുകൻ, ഏതൊരു അമ്മയും തന്റേതെങ്കിൽ എന്ന് വിചാരിച്ച മകൻ... നല്ല കുട്ടിയായിരുന്നു കുഞ്ചാക്കോ ബോബൻ. ആ നല്ല കുട്ടിയാണ് ഭീമന്റെ വഴിയിൽ ഉത്തരവാദിത്തമേറ്റെടുക്കാത്ത പ്രണയങ്ങളിലെ നായകനായത്. നല്ല ഒന്നാന്തരം ലിപ് ലോക്ക് രംഗത്തിൽ അഭിനയിച്ചത്. ശരീര രസത്തിലൂന്നിയുള്ള ബന്ധങ്ങൾ മാത്രം ആഗ്രഹിക്കുന്ന നായകനായത്. അനിയത്തിപ്രാവിന്റെ ചിറകിലേറി സുധിയെത്തി 25 വർഷം പിന്നിടുമ്പോൾ താരത്തിന്റെ മാസ്റ്റർ സ്ട്രോക്ക്. രണ്ടാംവരവ്, പുതുവരവ്, പുതിയ മുഖം ഇത്യാദികൾക്കൊക്കെ കുഞ്ചാക്കോ ബോബൻ തീർത്തത് അപ്രതീക്ഷിത നിർവചന തിരുത്തുകൾ.
മഞ്ജു വാര്യർ തിരിച്ചെത്തുന്ന ചിത്രത്തിൽ അൽപം നെഗറ്റീവ് ടച്ചുള്ള ഭർത്താവ് ആകാനോ (ഹൗ ഓൾഡ് ആർ യു, നിരഞ്ജൻ), പാർവതിക്ക് പ്രാധാന്യം കൂടുതലുള്ള സിനിമയിൽ നായകനാകാനോ (ടേക്ക് ഓഫ്, ഷഹീദ്) സ്വയംതിരിച്ചറിവിൻറെ ഊർജം കണ്ടെത്തുന്ന അനു സിതാരയുടെ നായികാകഥാപാത്രത്തിന് പിന്തുണ നൽകുന്ന സ്നേഹിതനാകാനോ (രാമൻറെ ഏദൻതോട്ടം, രാമൻ) കുഞ്ചാക്കോ ബോബൻ മടികാണിച്ചില്ല. സിനിമാരംഗത്തെ സമ്മർദശക്തികൾക്കോ നായകനെ കുറിച്ചുള്ള സാമാന്യസങ്കൽപങ്ങളുടെ വിശദീകരണങ്ങൾക്കോ കുഞ്ചാക്കോ ബോബനെ സ്വാധീനിക്കാൻ ആയില്ല എന്നുകൂടിയാണ് ഈ മൂന്ന് സിനിമകൾ തെളിയിക്കുന്നത്. വലിയ ഗ്വാ ഗ്വാ വിളികളോ സാമൂഹികമാധ്യമങ്ങളിലെ പ്രഖ്യാപനങ്ങളോ ഇല്ലാതെയാണ് കുഞ്ചാക്കോ ബോബൻ നായികാപ്രാധാന്യമുള്ള സിനിമകൾക്കൊപ്പം നടന്നത്. ചില സിനിമകളിൽ നിന്ന് പിൻമാറാനുള്ള സമ്മർദങ്ങളെ നേരിട്ടത്. നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാതെ നിന്നത്.
കഥാപാത്രങ്ങളുടെ പരീക്ഷണങ്ങളും അങ്ങനെ തന്നെയാണ് കുഞ്ചാക്കോ ബോബൻ ചെയ്തത്. ഗൗരവമുള്ള കഥാപാത്രങ്ങളുടെ അവതരണത്തിന് തന്നേക്കാളും തലപ്പൊക്കം കൽപിക്കപ്പെട്ടവരുടെ സിനിമയിൽ കൂട്ടത്തിൽ ചേരാൻ കുഞ്ചാക്കോ ബോബൻ മടികാണിച്ചില്ല. വിജയചേരുവ എന്ന് ഉറപ്പില്ലാത്ത പ്രമേയങ്ങളുടെ ഭാഗമായി. നായാട്ടിലും പടയിലും വേട്ടയിലും കുഞ്ചാക്കോ ബോബൻ പരിചിതമല്ലാത്ത കഥാപരിസരത്തിൽ അത്ര ശീലമില്ലാത്ത പാത്രസൃഷ്ടിയിൽ മികവ് കാട്ടി. ആശയപോരാട്ടത്തിന് ഇറങ്ങിത്തിരിക്കുന്ന രാജേഷും സാമൂഹികപാത്രപ്രതിസന്ധി നേരിടുന്ന പോലീസ് ഓഫീസർ പ്രവീണും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഡോ. ബിജുവിന്റെ സിനിമയിലും അഭിനയിച്ച് കുഞ്ചാക്കോ ബോബൻ (വലിയ ചിറകുള്ള പക്ഷി) വാണിജ്യസിനിമയുടെ അതിരുകൾക്ക് പുറത്തേക്ക് കാലെടുത്ത് വെച്ചതും രണ്ടാംവരവിൽ തന്നെ.
വിളിച്ചുപറയലുകളോ ആഘോഷങ്ങളോ ഒന്നുമില്ലാതെ അദ്ദേഹം ജോലി ചെയ്തു. കഥാപാത്രങ്ങളും സിനിമകളും മാറിമാറി ചെയ്തു. സ്വയം നവീകരണത്തിന്റെയും സ്വയം പരീക്ഷണത്തിന്റേയും പരിശീലനക്കളരിയിൽ മികവ് കാട്ടിയ കുഞ്ചാക്കോ ബോബനെ പ്രേക്ഷകർ സ്വീകരിച്ചു. അവർ പറഞ്ഞുതുടങ്ങി, കാത്തിരിക്കാൻ തുടങ്ങി. ചോക്കളേറ്റ് നായകനിൽ നിന്ന് നല്ല നടനിലേക്ക്, പരീക്ഷണനടനിലേക്കുള്ള മാറ്റം, ഉഷാറാകൽ എല്ലാം പ്രേക്ഷകർ ചർച്ചയാക്കി. പുതിയ പ്രമേയങ്ങളും പുതിയ വേഷവും പുതിയ മാനറിസങ്ങളുമായി കുഞ്ചാക്കോ ബോബൻ ഓരോ സിനിമയിലും ഉഷാറായി. അടുത്തത് എന്താകും എന്ന ചോദ്യത്തിൻറെ സസ്പെൻസ് ഓരോ പുതിയ ചിത്രത്തിലും നിലനിർത്തി പതിവ് ജോലിയുടെ നിയന്ത്രിതവട്ടം കുഞ്ചാക്കോ ബോബൻ മറികടന്നു. ഇതാണ് രണ്ടാംവരവ്, ഇതാണ് സ്വയംനവീകരണം എന്ന് ഓരോരുത്തരേയും കൊണ്ട് പറയിച്ചു. കുഞ്ചാക്കോ ബോബൻ പറഞ്ഞല്ല കുഞ്ചാക്കോ ബോബനെ കുറിച്ച് പ്രേക്ഷകരും നിരൂപകരും പറഞ്ഞാണ് അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ചർച്ചയായത് എന്നത് ആ നടന്റെ ആത്മവിശ്വാസത്തിനും അധ്വാനത്തിനുമുള്ള പ്രതിഫലമാണ്. ഏറ്റവും നല്ല അംഗീകാരവും.