'രാജാവി'ന്റെ മകനിൽ നിന്ന് ഡീയസ് ഈറേ ഹീറോ വരെ; ഒരു പ്രണവ് 'യാത്ര'

Published : Nov 16, 2025, 06:02 PM IST
pranav mohanlal

Synopsis

സിനിമകളെക്കാൾ യാത്രകളെ സ്നേഹിക്കുന്ന പ്രണവ് മോഹൻലാൽ, ലളിതമായ ജീവിതശൈലിയിലൂടെ ശ്രദ്ധേയനാണ്. ബാലതാരമായി അരങ്ങേറി, ‘ആദി’യിലൂടെ നായകനായി തിളങ്ങി. 'ഡീയസ് ഈറേ' എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.

'കാണുന്നവരോട് സ്നേഹത്തിൻ പെരുമാറാനും ഉള്ളതുകൊണ്ട് ജീവിക്കാനും അഹങ്കരിക്കാൻ മനുഷ്യന് ഒന്നുമില്ലെന്നും അയാളിൽ നിന്നും രണ്ടുദിവസം കൊണ്ട് പഠിച്ചു', ഒരിക്കൽ ആൽവിൻ ആന്റണി എന്ന യുവാവ് പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഈ വാക്കുകൾ അന്വർത്ഥമാക്കുന്നത് തന്നെയാണ് പ്രണവ് മോഹൻലാൽ എന്ന താരപുത്രന്റെ, നടന്റെ ഇതുവരെയുള്ള ജീവിതവും. സാധാരണക്കാരൻ മുതൽ വലിയ സെലിബ്രിറ്റികൾ വരെ ആ​ഗ്രഹിക്കുന്ന, സ്വപ്നം കാണുന്ന ജീവിതം ആസ്വദിക്കുന്ന പ്രണവ്. സിനിമകളെക്കാൾ ഏറെ യാത്രകളെ പ്രണയിച്ച മലയാള സിനിമയുടെ താരരാജാവിന്റെ മകൻ.

മോഹൻലാൽ എന്ന താരത്തിന്റെ മകനായാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മോളിവുഡിൽ തന്റേതായ ഇരിപ്പിടം ഊട്ടി ഉറപ്പിക്കാൻ പ്രണവിന് കഴിഞ്ഞു. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു 'ഡീയസ് ഈറേ' എന്ന രാ​ഹുൽ സദാശിവൻ ചിത്രം. കരിയറിലെ തന്നെ ദി ബെസ്റ്റ് പെർഫോമൻസ് കാഴ്ചവച്ച് മലയാള സിനിമാസ്വാദകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് പ്രണവിലെ നടൻ.

അച്ഛൻ ആ​ഗ്രഹിച്ച വഴിയേ മകന്‍..

ഇന്ത്യയെ കാണുക എന്നതാണ് ഏറ്റവും വലിയ വിദ്യാഭ്യാസമെന്ന അച്ഛന്റെ വാക്കുകൾക്ക് ജീവൻ പകർന്ന മകനാണ് പ്രണവ്. പ്രണവിന് യാത്രകളോട് പ്രണയം തോന്നുന്നത് പ്ലസ് ടു മുതലാണ്. ഒടുവിൽ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിധിയായി യാത്രകൾ മാറി. ഒരു ബാക്ക് പാക്കും തൂക്കി ഇഷ്ടപ്പെട്ട ജീവിതം നയിക്കുന്ന പ്രണവ് വ്ലോ​ഗർമാരുടെ ക്യാമറാ കണ്ണുകളിൽ പലപ്പോഴും അകപ്പെട്ടിരുന്നു. കടലിൽ അകപ്പെട്ട നായയെ കരയിലെത്തിക്കുന്ന, മലകൾ കയറുന്ന, സാഹസികതകൾ നിറഞ്ഞ പ്രവർത്തികൾ ചെയ്യുന്ന പ്രണവിനെ അത്ഭുതത്തോടെ മലയാളികൾ നോക്കിക്കണ്ടു. ഒടുവിൽ റിയൽ ലൈഫ് ചാർളി, മല്ലു സ്പൈഡർമാൻ എന്നീ ഓമനപ്പേരുകളും മലയാളി പ്രണവിന് നൽകി.

30-ാം വയസിൽ മോഹൻലാൽ എന്ന അച്ഛൻ മോളിവുഡിന്റെ താരരാജാവായി വിളങ്ങിയപ്പോൾ, പ്രണവ് തന്റെ ഇഷ്ട ജീവിതവുമായി, യാതൊരു വിലക്കുകളുമില്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കുന്നു. താൻ ആ​ഗ്രഹിച്ച ജീവിതമാണ് പ്രണവ് ഇപ്പോൾ ജീവിക്കുന്നതെന്ന് മോഹൻലാൽ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. "നടനായില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാനും ഇത്തരത്തിൽ പോയേനെ. അയാളെ കാണുമ്പോൾ സന്തോഷം തോന്നുണ്ട്. നമ്മൾ ആ​ഗ്രഹിച്ചതും നമുക്ക് ചെയ്യാൻ പറ്റാത്തതുമായ ഒരുപാട് കാര്യങ്ങൾ അയാൾ ചെയ്യുന്നു. ഒരുപാട് യാത്രകൾ ചെയ്യുന്നു, സ്വതന്ത്രനായി നടക്കുന്നു, ഇടയ്ക്ക് സിനിമകൾ ചെയ്യുന്നു. ഇതൊക്കെ ഞങ്ങളും ആ​ഗ്രഹിച്ച കാര്യമാണ്", എന്നായിരുന്നു മകനെ കുറിച്ച് അഭിമാനത്തോടെ മോഹൻലാൽ എന്ന അച്ഛൻ പറഞ്ഞത്.

ബാലതാരമായി വെള്ളിത്തിരയിൽ..

കാൽനൂറ്റാണ്ട് അടുക്കുന്ന സിനിമാ യാത്രയിൽ അതിഥിതാരം ഉൾപ്പടെ 11 സിനിമകളിലായിരുന്നു പ്രണവ് അഭിനയിച്ചത്. നായകനായി എത്തിയതാകട്ടെ അഞ്ച് സിനിമകളിൽ മാത്രം. 2002ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. അതേവർഷം തന്നെ പുനർജനി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ പടത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും കുട്ടി പ്രണവ് സ്വന്തമാക്കി. പിന്നീട് കുറേക്കാലം പ്രണവിനെ ആരും ബി​ഗ് സ്ക്രീനിൽ കണ്ടില്ല. പഠനത്തിനായി ഊട്ടിയിലെ സ്കൂളിലേക്ക്. ഏറെ നാളുകൾക്ക് ശേഷം സാ​ഗർ ഏലിയാസ് ജാക്കിയിലൂടെയാണ് പ്രണവ് വീണ്ടും ബി​ഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ അതിഥി വേഷത്തിൽ ആയിരുന്നു പ്രണവ്. ഇരുവരും തമ്മിലുള്ള ജസ്റ്റ് പാസിം​ഗ് സീൻ മാത്രമായിരുന്നു പടത്തിൽ ഉണ്ടായിരുന്നതെങ്കിലും ആ ഫോട്ടോ അന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. എന്നാൽ അപ്പോഴും അഭിനയത്തിൽ പ്രണവ് സജീവമായില്ല. അഭിനയത്തേക്കാളേറെ സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ അയാളെ സ്വാധീനിച്ചു. ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയുടെ തമിഴ് പതിപ്പായ പാപനാശത്തിൽ സഹസംവിധായകനായി ഒപ്പം കൂടി. തുടർന്ന് ജീത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസുകുട്ടിയിലും സഹ സംവിധായകനായി പ്രവർത്തിച്ചു.

നായകനായി മടങ്ങിവരവ്..

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ 2018ൽ പ്രണവ് മോഹൻലാൽ അഭിനയത്തിലേക്ക് മടങ്ങി എത്തി. അതും നായകനായി. ആദി എന്ന ചിത്രത്തിലൂടെ. ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിൽ പാർക്കർ അഭ്യാസിയായി പ്രണവ് തകർത്താടി. കെട്ടിടങ്ങളിൽ വേ​ഗത്തിൽ കുതിച്ചുകയറുന്ന, മതിലുകൾക്ക് മേലെ അനായാസും ചാടിക്കയറുന്ന പ്രണവിനെ മലയാളികൾ കൗതുകത്തോടെ നോക്കിയിരുന്നു. ഒടുവിൽ സിനിമ കണ്ടിറങ്ങിയവർക്ക് പറയാൻ ഒന്നുമാത്രം, 'ചെക്കന്റെ ആക്ഷൻ പൊളി'. ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ് പ്രണവിന്റെ രണ്ടാമത്തെ ചിത്രം. മാസും ആക്ഷനും നിറച്ച ഈ സിനിമയും മലയാളികൾ ഏറ്റെടുത്തു. പിന്നാലെ മരക്കാർ: അറബിക്കടലിന്റെ സിംഹം. കുഞ്ഞ് കുഞ്ഞാലിയെ അവതരിപ്പിച്ച് പ്രിയദർശൻ ചിത്രത്തിലും പ്രണവ് തിളങ്ങി. ശേഷം മലയാളികൾ കണ്ടത് പ്രണവിലെ പ്രണയ നായകനെ. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത 'ഹൃദയം' പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 100 ദിവസം പൂർത്തിയാക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും നായികമാരായി. പ്രണവിന്റെ കരിയറിൽ വൻ വിജയം സ്വന്തമാക്കിയ ആദ്യ സിനിമയും ഇതുതന്നെ.

ഹൃദയം കഴിഞ്ഞ് ഒരു വർഷത്തെ ​ഗ്യാപ്പിനിപ്പുറം 2024ൽ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് പ്രണവ് അഭിനയിച്ചത്. സിനിമ മോഹവുമായി നടക്കുന്ന ചെറുപ്പാക്കാരുടെ വിവിധ കാലഘട്ടത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ ഏറെ വ്യത്യസ്തമായ വേഷത്തിലായിരുന്നു പ്രണവ് എത്തിയത്. വിനീത് ശ്രീനിവാസൻ ആയിരുന്നു സംവിധാനം. ഇതേ വർഷം തന്നെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിലും എമ്പുരാനിലും അതിഥി വേഷത്തിലെത്തിയും പ്രണവ് തിളങ്ങി.

പ്രണവിന് വേണ്ടി എഴുതിയ ‘ഡീയസ് ഈറേ’

"പ്രണവിന് വേണ്ടി തന്നെ എഴുതിയ കഥയാണ് ഡീയസ് ഈറെ. ഭ്രമയുഗത്തിനു മുൻപ് എഴുതിയതാണ്. ക്യാരക്ടറും പ്രണവിന്റെ സ്റ്റൈലും എല്ലാം ഇതിലെ കഥാപാത്രത്തിന് ആപ്റ്റ് ആയിട്ട് തോന്നി", എന്നാണ് രാഹുൽ സദാശിവൻ മുൻപ് പറഞ്ഞത്. ഇക്കാര്യം ഉറപ്പിക്കുന്നതായിരുന്നു ഡീയസ് ഈറേയിലെ പ്രണവിന്റെ പ്രകടനം. പ്രണവിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായി ചിത്രത്തിലെ രോഹൻ വിലയിരുത്തപ്പെട്ടു. പ്രണവിലെ നടനെ സ്വതന്ത്രനാക്കി വിട്ടാൽ എന്ത് സംഭവിക്കുമെന്ന് അത്ഭുതത്തോടെ ഓരോ പ്രേക്ഷകനും കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഓരോ മൈന്യൂട്ടായുള്ള അഭിനയവും അവർ എടുത്ത് പറഞ്ഞ് പ്രശംസിച്ചു. തനിക്ക് വലിയൊരു കരിയർ ബ്രേക്കായി മാറിയ ചിത്രം ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടുമ്പോൾ, അഭിമുഖങ്ങൾക്കോ അവകാശവാദങ്ങൾക്കോ ഒന്നും നിൽക്കാതെ പ്രണവ് യാത്രപുറപ്പെട്ടു. ആൾക്കൂട്ടത്തിലൊരാളായി, ആരും കാണാത്ത ഇടങ്ങളിലേക്ക്, ചെന്നെത്താത്ത ദൂരങ്ങളിലേക്ക് തന്റെ ബാക്ക് പാക്കും തൂക്കി അയാൾ പാറിനടക്കുകയാണ്. മോഹൻലാലിന്റെ മകൻ എന്നതല്ല പ്രണവ് എന്ന മേൽവിലാസത്തിൽ.

PREV
Read more Articles on
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്