
"രാഹുൽ... നാം തോ സുനാ ഹോഗാ?" ബോളിവുഡിൻ്റെ കിംഗ് ഖാൻ്റെ ഈ ചോദ്യം ഇന്നും പ്രണയം എന്ന വികാരത്തിന് നൽകുന്ന ആഴം ചെറുതല്ല. ഇന്നത്തെ ഡേറ്റിംഗ് ആപ്പുകളുടെയും ഇൻസ്റ്റൻ്റ് മെസ്സേജിംഗിൻ്റെയും ലോകത്ത്, പഴമയുടെ പ്രണയകഥകൾക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്ന് ആരെങ്കിലും കരുതിയാൽ അത് തെറ്റിദ്ധാരണയാണ്. കാരണം, ഡിജിറ്റൽ ലോകത്ത് വളർന്ന തലമുറയായ ജെൻ സി, ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാന്‍റെ ക്ലാസിക് പ്രണയചിത്രങ്ങളെ വീണ്ടും ഏറ്റെടുക്കുകയാണ്. ഷാറൂഖ് ഖാൻ അദ്ദേഹത്തിൻ്റെ 60-ാം പിറന്നാൾ ആഘോഷിക്കുമ്പോഴും, അദ്ദേഹത്തിൻ്റെ പ്രണയ സിനിമകൾക്ക് ജെൻ സി പ്രേക്ഷകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത ബോളിവുഡിന് പുതിയ സാധ്യതകൾ തുറന്നിടുന്നു.
'ദിൽവാലെ ദുൽഹനിയാ ലേ ജായേംഗേ' പോലുള്ള ചിത്രങ്ങൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ വീണ്ടും കാണുന്നതിനും, 'കുച്ച് കുച്ച് ഹോതാ ഹേ', 'വീർ-സാര', 'മൊഹബത്തേൻ' തുടങ്ങിയ സിനിമകളുടെ തിയേറ്റർ റീ-റിലീസുകൾക്ക് ക്യൂ നിൽക്കുന്നതിനും ജെൻ സികളാണ് മുന്നിൽ. സൂപ്പർഹീറോ ബ്ലോക്ക്ബസ്റ്ററുകൾ കണ്ട് വളർന്ന ഈ യുവതയ്ക്ക് പ്രണയവും വിരഹവും നിറഞ്ഞ ഷാറൂഖ് ചിത്രങ്ങളിലെ ആത്മാർത്ഥമായ പ്രണയം ഒരു നവ്യാനുഭവമാണ് നൽകുന്നത്. ക്ലീഷേ അല്ലെങ്കിൽ ക്രിഞ്ച് എന്ന് പറഞ്ഞ് പലരും തള്ളി കളയുന്ന എസ്ആർകെ ലവ് സീനുകൾക്ക് ഇൻസ്റ്റയിൽ റീപോസ്റ്റ് അടിക്കുന്ന ജെൻ സികൾ ഏറെയാണ്.
'കുച്ച് കുച്ച് ഹോതാ ഹേ', 'കൽ ഹോ ന ഹോ' തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങൾ ഇൻസ്റ്റാഗ്രാം റീൽസുകളിലും ടിക് ടോക്കിലും പുതിയ ട്രെൻഡായി മാറുന്നുണ്ട്. പ്രണയം ഒരു തമാശയാണെന്ന് പറയുന്ന അതേ യുവതലമുറ തന്നെയാണ്, രാജിന്‍റെ മനോഹാരിതയിലും രാഹുലിൻ്റെ നിഷ്കളങ്കതയിലും ഇപ്പോഴും മയങ്ങുന്നത്. ജെൻ സിയുടെ ഈ താൽപര്യം തിരിച്ചറിഞ്ഞ യാഷ് രാജ് ഫിലിംസ് പോലുള്ള പ്രൊഡക്ഷൻ കമ്പനികൾ, ക്ലാസിക് സിനിമകളുടെ പരിമിതമായ റീ-റിലീസുകൾ നടത്താറുണ്ട്.
ഇത് വാണിജ്യപരമായ ലാഭത്തേക്കാൾ, ഷാറൂഖിൻ്റെ ജനപ്രീതി പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നാതണ് ലക്ഷ്യം. പ്രണയ നായകനെന്ന ഐക്കോണിക് ഇമേജ് നിലനിർത്തുന്നതിനോടൊപ്പം, 'പഠാൻ', 'ജവാൻ' തുടങ്ങിയ സിനിമകളിലൂടെ പുതിയ കാലത്തിന്‍റെ കോടി ക്ലബ്ബുകളിലും അനായാസം ഷാരുഖ് ഇടം നേടുന്നു. അതുകൊണ്ട് തന്നെ, പ്രണയം അൽഗോരിതങ്ങളിലേക്കും സ്വാപ്പുകളിലേക്കും ചുരുങ്ങുന്ന ഈ കാലത്ത്, ഷാറൂഖ് ഖാന്‍റെ സിനിമകൾ യുവതലമുറയ്ക്ക് പ്രണയം എത്രത്തോളം നാടകീയവും പ്രതീക്ഷ നൽകുന്നതുമാണെന്ന് ഓർമ്മിപ്പിക്കുന്നു.