യാഥാര്‍ഥ്യത്തിന്റെ അവഗണിക്കാനാവാത്ത സൗന്ദര്യം

By Web TeamFirst Published Jul 12, 2019, 9:54 PM IST
Highlights

ഫിലിം യുഗത്തില്‍ നിന്ന് സിനിമ ഡിജിറ്റലില്‍ എത്തിയപ്പോഴും താന്‍ വളര്‍ത്തിയെടുത്ത 'തനിമ' വിടാതെ കാക്കാനായി എന്നതാണ് എംജെആറിന്റെ സവിശേഷത. എത്രകാലവും ഓര്‍മ്മിക്കപ്പെടാനുള്ളത്രയും ഫ്രെയ്മുകള്‍ ഫിലിമിലും ഡിജിറ്റലിലുമായി ആലേഖനം ചെയ്തുവച്ചിട്ടുണ്ട് അദ്ദേഹം. പുതുതലമുറ ഛായാഗ്രാഹകര്‍ക്ക് എക്കാലവും വഴികാട്ടികളാവും ആ വര്‍ക്കുകള്‍.

ഛായാഗ്രഹണത്തിലെ വെല്ലുവിളികളില്‍ എന്നും ആവേശം കൊണ്ടിരുന്നു എം ജെ രാധാകൃഷ്ണന്‍. പ്രമേയത്തിന്റെ തനിമ ചോരാതെ സ്‌ക്രീനിലെത്തിക്കുന്നതിലും 'കടുംപിടുത്തം' കാട്ടിയിരുന്ന എം ജെ രാധാകൃഷ്ണന്‍ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയത് ഏഴു തവണയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റവുമധികം നേടിയ ഛായാഗ്രാഹകന്‍ എന്ന നേട്ടത്തില്‍ അദ്ദേഹത്തിനൊപ്പമുള്ളത് മങ്കട രവി വര്‍മ മാത്രമാണ്. മങ്കടയുടെ മരണശേഷം അടൂര്‍ ക്യാമറ വിശ്വാസത്തോടെ ഏല്‍പ്പിച്ചതും എംജെആര്‍ എന്ന് സിനിമാസുഹൃത്തുക്കള്‍ വിളിച്ചിരുന്ന എം ജെ രാധാകൃഷ്ണനെ ആയിരുന്നു. 

യാഥാര്‍ഥ്യത്തെ കലര്‍പ്പുകളൊന്നും കൂടാതെ ഒപ്പിയെടുക്കുന്നതില്‍ എപ്പോഴും തല്‍പരനായിരുന്ന, ഛായാഗ്രഹണത്തിലെ വെല്ലുവിളികളില്‍ ആവേശം കൊണ്ടിരുന്ന എംജെആറിനെ പക്ഷേ മുഖ്യധാരാ സിനിമകളില്‍ അധികം കണ്ടില്ല. കമേഴ്‌സ്യല്‍ സിനിമക്കാര്‍ തന്നെ വിളിക്കാത്തതാണ് അതിന് കാരണമെന്നായിരുന്നു ഇതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ സമാന്തര സിനിമകള്‍ ചെയ്യാനാണ് കൂടുതല്‍ താല്‍പര്യമെന്നും ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ കൂടുതല്‍ വെല്ലുവിളിക്കപ്പെടുക അവിടെയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അരവിന്ദനും പത്മരാജനും ഭരതനുമുള്‍പ്പെടെ മലയാളത്തിന്റെ സുവര്‍ണ തലമുറയുടെ ഒപ്പം നടന്ന, അവരുടെ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന എന്‍ എല്‍ ബാലകൃഷ്ണന്റെ സഹായി ആയിട്ടായിരുന്നു എം ജെ രാധാകൃഷ്ണന്റെ സിനിമാപ്രവേശം. പിന്നീട് ഷാജി എന്‍ കരുണിന്റെ സഹായിയായി സിനിമാറ്റോഗ്രഫിയിലേക്കുള്ള സ്ഥാനക്കയറ്റം. രാജീവ് അഞ്ചലിന്റെ കുട്ടികളുടെ ചിത്രം 'അമ്മാനം കിളി'യിലൂടെയാണ് എംജെആര്‍ സ്വതന്ത്ര ഛായാഗ്രാഹകനായി രംഗത്തെത്തുന്നത്.

അദ്ദേഹത്തിന് ഒരു കരിയര്‍ ബ്രേക്ക് ലഭിക്കുന്നത് ജയരാജിന്റെ 'ദേശാടന'ത്തിലൂടെയാണ്. ആദ്യ സംസ്ഥാന അവാര്‍ഡും (1996) അതേ ചിത്രത്തിലൂടെ. ഒരു സംവിധായകന്റെ കണ്ണായി മാറുക എന്നതാണ് ഒരു ഛായാഗ്രാഹകന്റെ ധര്‍മ്മം. സംവിധായകനും ഛായാഗ്രാഹകനുമിടയില്‍ അത്രയും ഇഴയടുപ്പം രൂപപ്പെടുമ്പോഴാണ് അവര്‍ക്കിടയില്‍ ദീര്‍ഘകാല വര്‍ക്കിംഗ് കൊളാബറേഷനുകള്‍ രൂപപ്പെടുക. ദേശാടനത്തിലൂടെ അത്തരമൊരു ദീര്‍ഘകാല ബന്ധം രൂപപ്പെടുകയായിരുന്നു. കളിയാട്ടം, കരുണം, കണ്ണകി, ഗുല്‍മോഹര്‍, ഒറ്റാല്‍ തുടങ്ങിയ ജയരാജ് ചിത്രങ്ങളുടെയൊക്കെ ഛായാഗ്രഹണം എം ജെ രാധാകൃഷ്ണന്‍ ആയിരുന്നു.

ഷാജി എന്‍ കരുണിന്റെയും രഞ്ജിത്തിന്റെയും ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എംജെആറിന്റെ മറ്റൊരു ദീര്‍ഘകാല കൊളാബറേഷന്‍ ഡോ. ബിജുവുമായിട്ടായിരുന്നു. അദ്ദേഹത്തിന് ഏറ്റവുമധികം സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തതും (മൂന്ന്) ബിജുവിന്റെ ചിത്രങ്ങളായിരുന്നു. വീട്ടിലേക്കുള്ള വഴിയും ആകാശത്തിന്റെ നിറവും പേരറിയാത്തവരും വലിയ ചിറകുള്ള പക്ഷികളും തുടങ്ങി ബിജുവിന്റെ ഏറ്റവും പുതിയ സിനിമയായ 'വെയില്‍ മരങ്ങള്‍' വരെ ആ കോമ്പിനേഷന്‍ നീണ്ടു. യാഥാര്‍ഥ്യത്തെ മിക്കപ്പോഴും അതേപടി പ്രതിനിധീകരിയ്ക്കുന്ന ഡോ. ബിജുവിന്റെ ചിത്രങ്ങള്‍ക്ക് ഫ്രെയ്മുകള്‍ ഒരുക്കുന്നതിന്റെ സന്തോഷത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കഥ പറഞ്ഞ 'വലിയ ചിറകുള്ള പക്ഷികള്‍' ചിത്രീകരിച്ച അനുഭവത്തെക്കുറിച്ച് എംജെആര്‍ പറഞ്ഞത് ഇങ്ങനെയാണ്, 'നമ്മള്‍ ഒരിക്കലും കാണാനാഗ്രഹിക്കുന്ന ദൃശ്യങ്ങള്‍ അല്ലത്. എന്നാല്‍ അവ യാഥാര്‍ഥ്യങ്ങളാണ്. നമുക്കതില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ല'

പ്രകൃതിയിലെ വര്‍ണപ്രപഞ്ചത്തെ എപ്പോഴും അത്ഭുതത്തോടെയും ആദരവോടെയും കണ്ട, യാഥാര്‍ഥ്യത്തെ അതിന്റെ ആത്മാവ് നഷ്ടപ്പെടാതെ ഒപ്പിയെടുക്കാന്‍ യത്‌നിച്ച, അതില്‍ വിജയിച്ച ഛായാഗ്രാഹകനായിരുന്നു എം ജെ രാധാകൃഷ്ണന്‍. ഫിലിം യുഗത്തില്‍ നിന്ന് സിനിമ ഡിജിറ്റലില്‍ എത്തിയപ്പോഴും താന്‍ വളര്‍ത്തിയെടുത്ത 'തനിമ' വിടാതെ കാക്കാനായി എന്നതാണ് എംജെആറിന്റെ സവിശേഷത. എത്രകാലവും ഓര്‍മ്മിക്കപ്പെടാനുള്ളത്രയും ഫ്രെയ്മുകള്‍ ഫിലിമിലും ഡിജിറ്റലിലുമായി ആലേഖനം ചെയ്തുവച്ചിട്ടുണ്ട് അദ്ദേഹം. പുതുതലമുറ ഛായാഗ്രാഹകര്‍ക്ക് എക്കാലവും വഴികാട്ടികളാവും ആ വര്‍ക്കുകള്‍.


(എം ജെ രാധാകൃഷ്ണനുമായുള്ള അഭിമുഖത്തിന് കടപ്പാട്: അഴിമുഖം)

click me!