ലൈന്‍ കട്ട്! വിവാഹം ഉടനില്ല, സ്വപ്നം മറ്റൊന്ന്; വ്യക്തത വരുത്തി രേണു സുധി

Published : Dec 16, 2025, 02:20 PM IST
renu sudhi

Synopsis

ജീവിതത്തില്‍ അനുഭവിച്ച മോശം അവസ്ഥകളെ കുറിച്ചും, ഇപ്പോഴത്തെ നല്ല ദിനങ്ങളെ കുറിച്ചും ഇനിയുള്ള സ്വപ്നങ്ങളെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് രേണു സുധി. രേണുവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ജീവിതം പഠിപ്പിച്ച കരുത്തില്‍ മുന്നോട്ട് പോകുന്ന രേണുവിനെ വിവാദങ്ങളും വിമർശനങ്ങളുമൊന്നും ബാധിക്കാറില്ല. ജീവിതത്തില്‍ അനുഭവിച്ച മോശം അവസ്ഥകളെ കുറിച്ചും, ഇപ്പോഴത്തെ നല്ല ദിനങ്ങളെ കുറിച്ചും ഇനിയുള്ള സ്വപ്നങ്ങളെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് രേണു സുധി. രേണുവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

കൊല്ലം സുധി മരിച്ചതിന് ശേഷമുള്ള ആ ദിനങ്ങള്‍

എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നിരുന്ന സമയമായിരുന്നു അത്. വരുമാനമില്ല, കുട്ടികളെ നോക്കാന്‍ ഒരു വഴിയുമില്ല. അന്ന് സുധി ചേട്ടന്‍റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും, സുധി ചേട്ടനെ സ്നേഹിക്കുന്ന മലയാളികളും, നമ്മുക്ക് നേരിട്ട് അറിയാത്ത പലരും സഹായിച്ചിട്ടുണ്ട്. അവരോടൊക്കെ നന്ദി മാത്രമേ പറയാനുള്ളൂ. ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ദിനങ്ങളായിരുന്നു അതൊക്കെ, ഒരിക്കലും അതൊന്നും മറക്കില്ല. അന്ന് പുറമേ നിന്ന് ആശ്വാസിപ്പിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു, പക്ഷേ നമ്മുടെ ഉള്ളിലെ വേദന മറ്റുള്ളവര്‍ക്ക് അറിയില്ലല്ലോ.

അഭിനയത്തിലേക്ക് തിരിയാന്‍ കാരണം

സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ ഒരിക്കല്‍ പോലും ഇതിലേയ്ക്ക് വരണമെന്ന് ആഗ്രഹിച്ചതല്ല. സാഹചര്യങ്ങള്‍ കൊണ്ടാണ് ഇങ്ങനെയൊരു അവസരം ലഭിച്ചപ്പോള്‍ വേണ്ട എന്ന വെയ്ക്കാത്തത്. ഒരു വരുമാനം ആകുമല്ലോ എന്ന് കരുതി മാത്രമാണ് ഇതിലേയ്ക്ക് എത്തിയത്. മറ്റുള്ളവരെ എത്ര നാള്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കും എന്നു കരുതിയും സ്വന്തം കാലില്‍ നില്‍ക്കണം എന്ന ആഗ്രഹവും ഉള്ളതു കൊണ്ട് മാത്രമാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്. പക്ഷേ ഇപ്പോള്‍ ഇതന്‍റെ പാഷന്‍ കൂടിയായി മാറി.

തുടക്കം 2000-3000 രൂപയില്‍ നിന്ന്!

തുടക്കത്തില്‍ ആല്‍ബമൊക്കെ ചെയ്യുന്ന സമയത്ത് കിട്ടിയിരുന്നത് വെറും 2000- 3000 രൂപയാണ്. അന്ന് ഈ റീലുകള്‍ കണ്ടിട്ട് അടുത്ത സുഹൃത്തുക്കള്‍ പോലും പറഞ്ഞത് അവരുടെ വീട്ടുക്കാര്‍ക്ക് പോലും ഇതൊന്നും ഇഷ്ടപ്പെടുന്നില്ല, ഇതൊക്കെ നിര്‍ത്തൂ എന്നാണ്. പക്ഷേ അന്ന് ഞാന്‍ വീട്ടില്‍ തന്നെ ഇരുന്നിരുന്നെങ്കില്‍ ഇന്നത്തെ രേണു സുധിയായി മാറാന്‍ കഴിയില്ലായിരുന്നു.

ബിഗ് ബോസ് താരമായതിന്‍റെ നേട്ടങ്ങള്‍

ബിഗ് ബോസ് പോലെയുള്ള ഒരു വലിയ പ്ലാറ്റ്ഫോമില്‍ പലരും അങ്ങോട്ട് ശ്രമിച്ചിട്ടാണ്, അതും വര്‍ഷങ്ങളുടെ കഠിന ശ്രമം കൊണ്ടാണ് എത്തിയത്. എന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. ലാലേട്ടന്‍റെയൊപ്പം വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞു, ലാലേട്ടന്‍റെ കൈ പിടിച്ചാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയതും. ഇതൊക്കെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളായിരുന്നു. 35 ദിവസം വരെ ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുമെന്ന് ഒരിക്കലും കരുതിയതല്ല. പിന്നെ ഇറങ്ങി വന്നതില്‍ നിരാശയുമില്ല. കൃത്യ സമയത്താണ് ഞാന്‍ പുറത്തിറങ്ങിയത് എന്നാണ് എനിക്ക് തോന്നുന്നത്. കുറച്ച് കൂടി നിന്നിരുന്നെങ്കില്‍ മാനസികമായി പ്രശ്നമായേനേ. കാരണം എനിക്ക് എന്‍റെ മക്കളെ കാണാതിരിക്കാന്‍ കഴിയില്ലായിരുന്നു. പിന്നെ ബിഗ് ബോസ് ഹൗസ് കൊണ്ട് എനിക്ക് നേട്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ.

വിദേശ യാത്രകള്‍

ജീവിതത്തില്‍ ദുബൈ കാണാന്‍ കഴിയുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ദുബൈ, ബഹ്റിനിലൊക്കെ പല പരിപാടികളുടെ പ്രെമോഷനും ഉദ്ഘാടനങ്ങള്‍ക്കും പോകാന്‍ കഴിഞ്ഞത് ബിഗ് ബോസ് താരം എന്ന നിലയില്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കളിയാക്കിയവര്‍ മാറ്റി പറഞ്ഞു തുടങ്ങി

തുടക്കത്തില്‍ എന്‍റെ റീല്‍ വീഡിയോകളും മറ്റും കണ്ട് എന്നെ കളിയാക്കിയവര്‍ ഇന്ന് മാറ്റി പറഞ്ഞു തുടങ്ങി. തളരാതെ പിടിച്ചുനില്‍ക്കുന്ന ഞാന്‍ പലര്‍ക്കും ഒരു മാത്യകയാണെന്ന് പോലും സന്ദേശങ്ങള്‍ കിട്ടാറുണ്ട്. അതൊക്കെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും. പരിഹസിച്ചവര്‍ക്ക് ജീവിതത്തില്‍ ഒരു ഉയര്‍ച്ചയും ഉണ്ടായിട്ടില്ല. ആര് എന്ത് എന്നെ പറഞ്ഞാലും എന്നെ അതൊന്നും ബാധിക്കില്ല. കാരണം ഞാന്‍ അതിലും വലുത് അനുഭവിച്ചിട്ട് വന്നവളാണ്. അത് തന്നെയാണ് എന്‍റെ വിജയവും.

ഉദ്ഘാടന സ്റ്റാർ!

ഉദ്ഘാടനങ്ങളില്‍ അതിഥിയായി ക്ഷണിക്കപ്പെടുമെന്നോ, ഒരു നാട മുറിക്കാനുള്ള അവസരം ലഭിക്കുമെന്നോ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ബഹ്റിനിലെ ഒരു റെസ്റ്റോറെന്‍റാണ് ആദ്യമായി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷമാണ് നാട്ടില്‍ പോലും ഉദ്ഘാടന പരിപാടികള്‍ കിട്ടിയത്. എല്ലാവരോടും നന്ദി മാത്രമേയുള്ളൂ. വന്ന വഴി ഞാന്‍ മറക്കാറില്ല, എന്നെ ചേര്‍ത്തു നിര്‍ത്തയവരെയും ഒരിക്കലും മറക്കില്ല. ഉദ്ഘാടനങ്ങളില്‍ പാടാന്‍ ആവശ്യപ്പെടുമ്പോള്‍ പാടുന്നു എന്നേയുള്ളൂ. പാട്ട് പഠിച്ചിട്ടില്ല, പക്ഷേ പാടാന്‍ ഇഷ്ടമാണ്. ചുറ്റുമുള്ളവരുടെ പ്രോത്സാഹനം കൊണ്ട് പാടുന്നൂ എന്ന് മാത്രം.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു

കോടികളൊന്നും സാമ്പത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 500 രൂപ വരെ കടം ചോദിച്ചിരുന്ന അവസ്ഥ എനിക്ക് ഉണ്ടായിരുന്നു. അത്തരമൊരു സാഹചര്യം നിലവില്‍ ഇല്ല. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനും കുടുംബം നോക്കാനും കഴിയുന്നുണ്ട്. മാനേജര്‍ ഒരു പെണ്‍കുട്ടിയുണ്ട്, കരീഷ്മ. അവളാണ് കാര്യങ്ങളൊക്കെ നോക്കുന്നത്.

സിനിമാ സ്വപ്നങ്ങള്‍

മൂന്ന് സിനിമകളാണ് ഇതുവരെ ചെയ്തത്. ഒരെണ്ണം ഒടിടി റീലീസാണ്. മറ്റൊന്നിന്‍റെ ഡബിംഗ് കഴിഞ്ഞ ദിവസം കഴിഞ്ഞു. നല്ല ഓഫറുകള്‍ വന്നാല്‍ ഉറപ്പായും ചെയ്യും.

മേക്കോവറിനെ കുറിച്ച്

പല്ലി, എലി, പാറ്റ എന്നൊക്കെ വിളിച്ചവര്‍ തന്നെ രേണു മാറി പോയെന്നും സുന്ദരിയായെന്നും പറയുമ്പോള്‍ ഒരു സന്തോഷമുണ്ട്. പല്ലി ഇപ്പോള്‍ സുന്ദരിയായെന്ന് കഴിഞ്ഞ ദിവസം കൂടി ഒരു കമന്‍റ് കണ്ടു. എനിക്ക് അത് കണ്ടപ്പോള്‍ ചിരി വന്നു. ബോഡി ഷെയിമിങ് ഒന്നും പണ്ടും എന്നെ ബാധിച്ചിട്ടില്ല. കാരണം അതിലും വലിയ വിഷമങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അപ്പോള്‍ ഇത്തരം കമന്‍റുകള്‍ക്കൊന്നും എന്‍റെ മനസിനെ മുറിവേല്‍പ്പിക്കാന്‍ കഴിയില്ല.

വിമര്‍ശിക്കുന്നവരോട്

ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഒരു ക്യാമറയുടെ മുമ്പിലിരുന്ന് എന്നെ വിമര്‍ശിക്കുന്നു. എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണ്. അവര്‍ അവരുടെ ജോലി നോക്കട്ടെ, ഞാന്‍ എന്‍റെ ജോലിയും.

മധുര പ്രതികാരം!

ചങ്ങനാശ്ശേരിയിൽ ഒരു ഉദ്ഘാടനത്തിന് കഴിഞ്ഞ ദിവസം പോയിരുന്നു. ഈ സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള പൊലീസ് സ്റ്റേഷന് മുന്നിൽ ഞാൻ കരഞ്ഞുകൊണ്ട് നിന്ന ഒരു സമയമുണ്ടായിരുന്നു. ഇപ്പോൾ അതേ പൊലീസ് സ്റ്റേഷന്റെ എതിർവശത്തുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കുമ്പോൾ എനിക്ക് അത് മധുര പ്രതികാരം തന്നെയാണ്. ആ ഉദ്യോഗസ്ഥന്മാരൊന്നും ഇപ്പോള്‍ അവിടെയില്ല. അപവാദ പ്രചാരണം നടത്തിയ യുട്യൂബ് വ്ലോഗര്‍ക്കെതിരെ പരാതി നല്‍കാനാണ് ഞാന്‍ അന്ന് ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാൽ, പരാതി നൽകാനെത്തിയ എന്നോട് പൊലീസ് ഉദ്യോഗസ്ഥര്‍ ദേഷ്യപ്പെടുകയായിരുന്നു. ഇന്ന് ആ പൊലീസ് സ്റ്റേഷനെതിരെ എന്നെ കാണാന്‍ ആളുകള്‍ എത്തി, അതൊക്കെ മധുര പ്രതികാരം എന്ന് മാത്രമേ പറയാനുള്ളൂ.

വിവാഹത്തെ കുറിച്ചും മറ്റൊരു സ്വപ്നത്തെ കുറിച്ചും!

വിവാഹം തല്‍ക്കാലം ലൈന്‍ കട്ടാണ്. അത് ഉടന്‍ ഉണ്ടാകില്ല. ഭാവിയില്‍ ഉണ്ടാകുമോ എന്നും ഇപ്പോള്‍ ഉറപ്പില്ല. ഇനി ഒരു വീട് വെയ്ക്കണം എന്നതാണ് ലക്ഷ്യം. അതാണ് സ്വപ്നവും.

 

PREV
Read more Articles on
click me!

Recommended Stories

'കടല വെള്ളത്തിലിട്ട് വീർത്തത് പോലെ ആയി പോയല്ലോ'; ബോഡി ഷെയിമിങ് നേരിട്ടതിനെ കുറിച്ച് സഞ്ജുവും ലക്ഷ്മിയും
1988-ലെ ഫിലിമോത്സവ് മുതല്‍ 'ഗൊദാര്‍ദ്- പല യാത്രകള്‍' വരെ