
വില്ലൻ എന്ന് പറഞ്ഞാൻ പ്രേക്ഷകന് ഉൾക്കിടിലമുണ്ടാക്കുന്ന വില്ലൻ. ഇൻസ്പെക്ടർ നാച്ചിയപ്പ സുപ്രിമസിയിലാണ് പ്രേക്ഷകർ ലോക കണ്ടിറങ്ങുന്നത്. അധികം ചിരിക്കില്ല, ദേഷ്യപ്പെടില്ല, നോക്കുന്ന നോട്ടത്തിൽ പോലും വന്യത. ഫോക്ലോർ കഥയെ ഡൊമനിക് അരുൺ ലോകയെന്ന വലിയ ലോകമാക്കിയപ്പോൾ നാച്ചിയപ്പ ഗൗഡയാവാൻ വില്ലനാകാൻ സാൻഡിയെ തെരഞ്ഞെടുത്തു. ഇതുപോലെ സാൻഡി മാസ്റ്ററെ മുമ്പ് കണ്ടത് ലോകേഷ് കനഗരാജ്-ദളപതി ചിത്രം ലിയോയിലാണ്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സാൻഡി മാസ്റ്ററിൽ നിന്ന് പ്രതീക്ഷിക്കാത്ത ട്രാൻസ്ഫോർമേഷൻ.
ടെലിവിഷൻ വേദികളിലും റിയാലിറ്റി ഷോകളിലും ജോളിയായി ഇരിക്കുന്ന സാൻഡിയെയാണ് എല്ലാവരും കണ്ടിരിക്കുക. സിനിമ സെറ്റിൽ കൊറിയോഗ്രഫി തിരക്കിലായിരിക്കുമ്പോഴും കുൾ ആണ് സാൻഡി. എന്നാൽ ലോകേഷ് ആണ് സാൻഡി മാസ്റ്ററുടെ ടഫ് ഫേസ് പ്രേക്ഷകർക്കും അയാൾക്ക് മുന്നിൽ തന്നെയും തുറന്നു കൊടുത്തത്. ലിയോയിലെ വില്ലൻ കഥാപാത്രത്തിലേയ്ക്ക് സാൻഡിയെ കൊണ്ടുവരുന്നത് അങ്ങനെയാണ്. ജോളിയായ തന്നെ ഇതുപോലെ ഒരു കഥാപാത്രത്തിലേയ്ക്ക് പ്ലേസ് ചെയ്തത് ലോകേഷിൻ്റെ വിഷനാണെന്നാണ് സാൻഡിയും പറഞ്ഞത്. അയാൾക്കുള്ളിൽ ഭയങ്കരമായ ഒരു ആക്ടർ ഉണ്ടെന്ന് ലോകേഷും അഭിമുഖങ്ങളിൽ ആവർത്തിച്ചിട്ടുണ്ട്. തന്നേക്കൊണ്ട് ഇത് പറ്റുമോ എന്ന് ചോദിച്ചപ്പോൾ ഈസിയായി പറ്റുമെന്ന് ലോക്കി കോൺഫിഡൻസ് കൊടുത്തു. അങ്ങനെ ലിയോയിലെ കഥാപാത്രം പിറന്നു. സാൻഡി ലോകയിൽ നിറഞ്ഞ് നിൽക്കുമ്പോൾ പോലും 'ചോക്കലേറ്റ് കോഫി' എന്ന് വിളിച്ചുപറഞ്ഞ പ്രേക്ഷകർ ഉണ്ടായതാണ് ആ കഥാപാത്രത്തിൻ്റെ ഇംപാക്റ്റ്.
ചെന്നൈയിൽ സ്കൂൾ- കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ സാൻഡി നൃത്തത്തെ കരിയറാക്കാൻ തീരുമാനിച്ചു. കലാമാസ്റ്ററുടെ ഡാൻസ് സ്കൂളിൽ അസിസ്റ്റൻഡ് ആയി ചേർന്നതോടെ സാൻഡിയുടെ പഠനം കൂടുതൽ പ്രൊഫഷണലായി. തമിഴ് ഫോക് നൃത്തത്തിൻ്റെ ഡിഎൻഎയാണ് സാൻഡി മാസ്റ്ററുടെ കൊറിയോഗ്രാഫികളിൽ. തമിഴ്‌നാട്ടിൽ ആരെങ്കിലും മരിച്ചാൽ നടത്തുന്ന സാവ് കുത്തിൻ്റെ ഡിഎൻഎയുള്ള ഹൈ എനർജി ഡാൻസ്സ്റ്റൈൽ. 2005ൽ തമിഴ്‌നാട്ടിൽ തരംഗം തീർത്ത മാനാട് മയിലാട് എന്ന റിയാലിറ്റി ഷോയിൽ സാൻഡി കൊറിയോഗ്രാഫറായി. സാൻഡിക്ക് അവിടെയും ഒരു തനി സ്റ്റൈൽ ഉണ്ടായിരുന്നു. ഡാൻസിനെ ഡാൻസ് ആയി മാത്രം അവതരിപ്പിക്കാതെ, ഒരല്പം കോമഡിയൊക്കെ ചേർത്തുള്ള പെർഫോമൻസ് ആയിരുന്നു സാൻഡി മാസ്റ്ററുടെ കൊറിയോഗ്രഫി സ്റ്റൈൽ. ഒരു ഡാൻസ് വേദിയിൽ എത്തിയാൽ അത് സാൻഡിയാണ് ചെയ്തതെന്ന് ആർക്കും മനസിലാകും വിധം പേഴ്സണൽ ടച്ച് ഉള്ള യുണിക് ആയ കൊറിയോഗ്രഫർ. സിനിമയായിരുന്നു എന്നും അയാളുടെ സ്വപ്നം. കലാ മാസ്റ്റർക്കൊപ്പം സിനിമയിൽ അസിസ്റ്റ് ചെയ്യുകയും ചെറിയ ചില സിനിമകളിൽ കോറിയോഗ്രാഫറാവുകയും ചെയ്യുന്നുണ്ടെങ്കിലും ആ കാലങ്ങളിൽ സാൻഡിക്ക് പേരും പ്രശസ്തിയും കൊടുത്തത് തമിഴ് ടെലിവിഷൻ റിയാലിറ്റി ഷോകളാണ്.
ഡാൻസറായും കൊറിയോഗ്രാഫർ ആയും ജഡ്ജായുമെല്ലാം ടെലിവിഷനിൽ നിറഞ്ഞു നിന്ന സാൻഡി തമിഴ് ബിഗ് ബോസ് സീസൺ 3യിൽ കണ്ടസ്റ്റെൻഡ് ആയി. തമിഴ് ബിഗ്ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും എൻ്റർടെയ്നറായ മത്സരാർഥികളിൽ ഒരാളായി സാൻഡി മാസ്റ്റർ. ബിഗ് ബോസ് റണ്ണറപ്പായി വന്ന സാൻഡിയെ അദ്ദേഹം ആഗ്രഹിച്ച തരം അവസരം പുറത്ത് കാത്തിരിപ്പുണ്ടായിരുന്നു. ലോകേഷിൻ്റെ പാഷൻ പ്രൊജക്റ്റ്- വിക്രമിലേയ്ക്കുള്ള ക്ഷണം. ചിത്രത്തിലെ 'പത്തല പത്തല' എന്ന ഹിറ്റ് ഗാനത്തിൻ്റെ കൊറിയോഗ്രഫിക്കിടെയാണ് സാൻഡിയുടെ മാനറിസങ്ങളും മറ്റും ലോകേഷ് ശ്രദ്ധിക്കുന്നത്. ലിയോയിൽ എന്ത് കണ്ടിട്ടാണ് കാസ്റ്റ് ചെയ്തതെന്ന് ചോദിച്ചപ്പോൾ നിങ്ങളുടെ കണ്ണിൽ ചിലതുണ്ട് എന്നായിരുന്നു ലോകേഷ് കനഗരാജിൻ്റെ മറുപടി. ലോകേഷിൻ്റെ പ്രൊഡക്ട് ആണ് താനെന്ന് അഭിമാനം കൊള്ളുന്നുണ്ട് സാൻഡി മാസ്റ്റർ. ലിയോയ്ക്ക് ശേഷവും കൊറിയോഗ്രഫി തിരക്കുകളിൽ ആയിരുന്നു അദ്ദേഹം. ലിയോയിലെ നാ റെഡി, 'തങ്കലാൻ', മലയാളത്തിൽ 'ആവേശം, കൂലിയിലെ മോണിക്ക അങ്ങനെ ഹിറ്റ് ഡാൻസ് നമ്പറുകളിൽ പലതും സാൻഡിയുടേതാണ്. ലിയോ തന്ന റീച്ച് ആണ് സാൻഡിയെ ലോകയിലും എത്തിച്ചത്.
ലിയോയ്ക്കും ലോകയ്ക്കും ശേഷം 'കിഷ്കിന്ദാപുരി' എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സാൻഡി മാസ്റ്റർ. ഹൊറർ ത്രില്ലറായി എത്തിയ ഈ ചിത്രത്തിലെ ഏതാനും സീനുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പീക്ക് ലെവൽ പെർഫോമൻസാണിതെന്നും ഇനിയും സാൻഡിക്ക് ഇത്തരം വേഷങ്ങൾ നൽകണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. അനുപമ പരമേശ്വരൻ ആണ് കിഷ്കിന്ദാപുരിയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്തായാലും സിനിമാ അഭിനയത്തിൽ ചെറുതല്ലാത്ത മുന്നേറ്റം സൃഷ്ടിക്കാൻ മൂന്ന് സിനിമകളിലൂടെ സാൻഡി മാസ്റ്റർക്ക് സാധിച്ചിട്ടുണ്ട്.
മലയാളം തെലുങ്ക് ഡെബ്യൂകൾ 2025ൽ നടത്തിക്കഴിഞ്ഞെങ്കിൽ അണിയറയിലുള്ള റോസി സാൻഡി മാസ്റ്ററുടെ കന്നഡ അരങ്ങേറ്റമാണ്. മലയാളത്തിൽ കത്തനാരിലും ഭ ഭ ബയിലും സാൻഡിയുണ്ട്. ഏതുതരം കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഇൻ്റൻസ് ആയ എക്സ്ട്രീം വില്ലൻ, അല്ലെങ്കിൽ ജോളിയായി കോമഡി ചെയ്യണം. മിഡിൽ ഗ്രൗണ്ട് തനിക്ക് വേണ്ടെന്നാണ് സാൻഡി മാസ്റ്ററുടെ തീരുമാനം.