യൂട്യൂബ് ചാനലിന് ഇതിനോടകം 61 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. വിവേകും വീണയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ യൂട്യൂബ് കപ്പിളാണ് വിവേകും വീണയും. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ വീണയും വിവേകും പ്രവാസജീവിതം അവസാനിപ്പിച്ചിറങ്ങുമ്പോൾ എല്ലാം ഒന്നേന്ന് തുടങ്ങണമെന്ന് മാത്രമേ ഉണ്ടായിരുന്നോള്ളൂ. ഇവരുടെ യൂട്യൂബ് ചാനലിന് ഇതിനോടകം 61 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ബികോമിന് ഒരുമിച്ച് പഠിച്ച ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവേകും വീണയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
യൂട്യൂബിലേയ്ക്ക് എത്തിയത്
2019ല്‍ ടിക് ടോക്കിലൂടെയാണ് തങ്ങള്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങുന്നതെന്ന് വിവേക്. അന്ന് ഞങ്ങള്‍ യുഎഇയിലായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ചെയ്ത് ഓൺ വോയിസ് വീഡിയോയ്ക്ക് 3000 ലൈക്കുകള്‍ ലഭിച്ചു. അത് ഒരു പ്രചോദനമായി. ആ സമയത്ത് ഒരുപാട് പേരുടെ ചോദ്യമായിരുന്നു ഞങ്ങളുടേത് ലവ് മാര്യേജ് ആയിരുന്നോ, അതേ കുറിച്ച് പറയാമോ എന്നൊക്കെ. അങ്ങനെ അതിനെ കുറിച്ച് ദൈര്‍ഘ്യമേറിയ ഒരു വീഡിയോ ചെയ്യാന്‍ വേണ്ടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. 2020- ലായിരുന്നു അത്.
അഭിനയം
അഭിനയത്തിനോട് തങ്ങള്‍ക്ക് അങ്ങനെ ഒരു താല്പര്യവും തുടക്കത്തില്‍ ഇല്ലായിരുന്നുവെന്ന് വിവേക് പറയുന്നു. ഞാന്‍ ഭയങ്കര അപകർഷതാബോധമുള്ള ഒരാളായിരുന്നു. ഒരു കഴിവുമില്ല, കറുത്തിട്ടാ തുടങ്ങിയ ചിന്തികളായിരുന്നു മനസില്‍. അങ്ങനെയുള്ള കുറെ കാര്യങ്ങൾ ഉള്ളതുകൊണ്ട് ഫോട്ടോ എടുക്കാൻ പോലും എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നീട് എല്ലാവരും ചെയ്യുന്നത് കണ്ടിട്ടാണ് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്.
ക്രെഡിറ്റ് വീണയ്ക്ക് !
വീണക്ക് ആണെങ്കിൽ കോമഡി ഇഷ്ടമേ അല്ലായിരുന്നു. വീണയെ നിർബന്ധിച്ച് ഇതിലോട്ട് കൊണ്ടുവന്നതാണ്. ഇപ്പോള്‍ ഫുൾ വീണയാണ്, വീണയ്ക്ക് തന്നെയാണ് ക്രെഡിറ്റ് കൊടുക്കുന്നതും.
കണ്ടെന്‍റും സ്ക്രിപ്റ്റുമെല്ലാം വീണയുടേത്
കണ്ടെന്‍റും സ്ക്രിപ്റ്റുമെല്ലാം വീണയുടെ ക്രിയേഷനാണ്. എന്തെങ്കിലും ത്രെഡുകളൊക്കെ കിട്ടുമ്പോള്‍ അവളാണ് വന്നു പറയുന്നത്. അതിനെ വികസിപ്പിച്ചെടുത്ത് സ്ക്രിപ്റ്റാക്കും. പലപ്പോഴും സ്ക്രിപ്റ്റ് വരെ റെഡിയാക്കി കഴിഞ്ഞതിന് ശേഷം ഞാന്‍ പോയി വായിച്ചു നോക്കുക മാത്രമാണ് ചെയ്യുന്നത്. ക്യാമറയും എഡിറ്റിങ്ങും, തമ്പ്, ടൈറ്റിൽ എല്ലാം ഞങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. അതിനായി പ്രത്യേകം ടീം ഒന്നുമില്ല. ക്യാമറയിലും ഐഫോണിലും ഷൂട്ട് ചെയ്യാറുണ്ട്. ഷോർട്സ് ആണ് ഇപ്പോള്‍ കൂടുതലും ചെയ്യുന്നത്.
അത് വീണയുടെ അമ്മായിയമ്മ അല്ല അമ്മയാണ്!
പലരും എന്‍റെ അമ്മയാണെന്നാണ് വിചാരിച്ചത്. ശരിക്കും അത് വീണയുടെ അമ്മയാണ്. അമ്മയ്ക്ക് ആദ്യം വീഡിയോയിലൊക്കെ വരാന്‍ ഭയങ്കര ചമ്മലായിരുന്നു. പിന്നെ ഓരോന്ന് ഇങ്ങനെ ചെറുതായിട്ട് ചെയ്ത് വന്നപ്പോഴെക്കും ആ ട്രാക്കിലായി. ഇപ്പോള്‍ അമ്മയ്ക്ക് അഭിനയിക്കാനൊക്കെ ഇഷ്ടമാണ്.
അമ്മയെ നെഗറ്റീവാക്കിയാല്‍ വീഡിയോ വൈറൽ
അമ്മായിയമ്മ - മരുമകൾ തീമ്മിലുള്ള വീഡിയോകളാണ് ഇപ്പോള്‍ കൂടുതലും വര്‍ക്ക് ആകുന്നത്. ഒരുപാട് പേര് പറയാറുണ്ട് അമ്മയെ ഇങ്ങനെ നെഗറ്റീവ് ആക്കരുത്, പോസിറ്റീവ് കണ്ടെന്റുകളും ചെയ്യണം എന്ന്. പക്ഷേ പോസിറ്റീവ് കണ്ടെന്റുകൾ അങ്ങനെ വർക്ക് ആകാറില്ല. ആളുകള്‍ക്ക് എപ്പോഴും കാണാൻ താല്‍പര്യം നെഗറ്റീവ് ആണ്. അമ്മയെ നെഗറ്റീവ് ആക്കുന്ന വീഡിയോകളാണ് കൂടുതൽ വൈറൽ ആകുന്നത്. വീണയും അമ്മയും അഭിനയിക്കുന്നത് കണ്ടാല്‍ ശരിക്കും അമ്മായിയമ്മ- മരുകമള്‍ ആണെന്നേ തോന്നൂ. വീണയ്ക്ക് പിന്നെ സ്വന്തം അമ്മയുടെ അടുത്തല്ലേ ഇങ്ങനെയൊക്കെ സംസാരിക്കാൻ പറ്റുകയുള്ളൂ.
മകനെ കുറിച്ച് വരുന്ന കമന്‍റുകള്‍ വേദനിപ്പിക്കാറുണ്ട്
കമന്‍റുകള്‍ നോക്കാതിരിക്കുന്നതാണ് നല്ലത്. കമന്‍റുകള്‍ വായിച്ചാല്‍ മൂഡ് ഓഫ് ആകും, ദേഷ്യം വരും. മകനെ കുറിച്ച് വരുന്ന കമന്‍റുകളാണ് കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളത്. മകന്‍ ജനിച്ച് 28 ദിവസം കഴിഞ്ഞപ്പോഴേക്കും അവനെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അപ്പോള്‍ മോന്‍റെ ഓരോ വളര്‍ച്ചയും ആളുകള്‍ കാണുന്നുണ്ടായിരുന്നു. രണ്ട് മാസം ഒക്കെ കഴിഞ്ഞപ്പോഴെക്കും മോന് കണ്ണിന് പ്രശ്നമുണ്ടെന്നും കോകണ്ണ് ആണെന്നുള്ള രീതിയിൽ ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്. അവന് കുഴപ്പമൊന്നുമില്ല എന്ന് നമുക്കറിയാലോ. ഓരോരോ ഓൺലൈൻ ഡോക്ടർമാർ വന്നിട്ട് അവർക്കെല്ലാം അറിയാം എന്നുള്ള രീതിയിൽ മോന് ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്, മോനെ ഇങ്ങനെ ചികിത്സിക്കണം എന്നുള്ള രീതിയിൽ പറയാറുണ്ടായിരുന്നു. വളർന്നു വന്നപ്പോഴെക്കും അവന്റെ കണ്ണിന് കുഴപ്പമൊന്നുമില്ലെന്ന് ആളുകള്‍ക്കും മനസിലായി. അതുകഴിഞ്ഞ് പിന്നീട് കാലിന് വളവുണ്ടെന്ന് പറഞ്ഞു. പിന്നീട് മോന്‍റെ സംസാരത്തില്‍ പ്രശ്നമുണ്ടെന്നായി കമന്‍റുകള്‍. സ്പീച്ച് തെറാപ്പി ചെയ്യണം എന്നു വരെ കമന്‍റുകളില്‍ വരാന്‍ തുടങ്ങി. അത്തരം കമന്‍റുകള്‍ കാണുമ്പോള്‍ ചില സമയങ്ങളിൽ ദേഷ്യം വരാറുണ്ട്, ചിലപ്പോള്‍ വിഷമം തോന്നും. പിന്നീട് ഞങ്ങള്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെയായി. ഇപ്പോള്‍ മകനു അഞ്ച് വയസായി. ആളുകള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതൽ ഇഷ്ടം മോന്റെ സംസാരമാണ്.
യൂട്യൂബ് വരുമാനം
ഞാൻ പുറത്തായിരുന്നപ്പോഴെക്കും എനിക്ക് കിട്ടിയിരുന്ന ശമ്പളത്തിനെക്കാലും ബെറ്റർ ആയിട്ടുള്ള വരുമാനം ഇപ്പോഴുണ്ട്. ഓരോ മാസവും ചെയ്യുന്ന വീഡിയോകളുടെ എണ്ണം അനുസരിച്ചാണ് റീച്ചും യൂട്യൂബില്‍ നിന്നും വരുമാനം കിട്ടുന്നതും. ചില വീഡിയോകള്‍ നമ്മള്‍ വിചാരിക്കുന്ന പോലെ റീച്ച് കിട്ടണമെന്നില്ല, ചിലത് വിചാരിക്കാതെ വൈറലാവുകയും ചെയ്യും.
എവിടെ പോയാലും പരിഗണന കിട്ടാറുണ്ട്
ആളുകള്‍ നമ്മളെ തിരിച്ചറിയാന്‍ തുടങ്ങി എന്നതാണ് യൂട്യൂബര്‍മാര്‍ ആയതിന്‍റെ ഒരു പ്രധാന നേട്ടം. എവിടെ പോയാലും ഒരു പരിഗണന കിട്ടാറുണ്ട്. എവിടെ ചെന്നാലും ആളുകള്‍ നമ്മളെ തിരിച്ചറിയുന്നു. നമ്മുടെ അടുത്ത് വന്ന് സ്നേഹത്തോടെ സംസാരിക്കുന്നു. അതൊക്കെ കാണുമ്പോള്‍ വളരെ സന്തോഷം തോന്നും.
സിനിമ മോഹമുണ്ട്‍
തുടക്കത്തിൽ അങ്ങനെ സിനിമ ആഗ്രഹമൊന്നുമില്ലായിരുന്നു. പക്ഷേ ഇപ്പോൾ നമ്മുടെ കൂടെയുള്ള ഒരുപാട് പേര് സിനിമയിലൊക്കെ പോകുന്ന കണ്ടപ്പോഴേക്കും നമുക്കൊരു മോഹം. ഒരു തവണയെങ്കിലും ബിഗ് സ്ക്രീനിൽ വരണം എന്ന്.
വീണയുടെ പോസ്റ്റ്പാർട്ടം ഡിപ്രഷനും ആത്മഹത്യ പ്രവണതയും
അത് എന്റെ ഭാഗത്തുനിന്നും വന്ന തെറ്റാണ്. ഞാനത് സമ്മതിക്കുന്നു. അവള്‍ ഗര്‍ഭിണി ആയിരുന്ന സമയത്ത് ഞാന്‍ അവളെ അത്രയും കെയര്‍ ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം എന്‍റെ കരുതലും ശ്രദ്ധയും സ്നേഹവുമൊക്കെ കുഞ്ഞിനോടായി. അത്രയും നാള്‍ വീണയ്ക്ക് കിട്ടിക്കൊണ്ടിരുന്ന സ്നേഹവും കരുതലും കുറഞ്ഞപ്പോഴെക്കും അത് അവളില്‍ ദേഷ്യവും സങ്കടവുമൊക്കെ ഉണ്ടാക്കി. അവളുടെ സ്വാഭാവത്തിലെ മാറ്റത്തിന്‍റെ കാരണം എനിക്ക് മനസിലാകാതെ ഞാനും പെരുമാറി. ഡെലിവറി കഴിയുമ്പോഴെക്കും ഒരുപാട് ഹെൽത്ത് ഇഷ്യൂസ്, ഹോർമോൺ വ്യത്യാസങ്ങളൊക്കെ വരുമല്ലോ. എല്ലാം കൂടിയായപ്പോള്‍ അവള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാതെയായി. അത് പിന്നെ ആത്മഹത്യ പ്രവണതകളിലേയ്ക്ക് വരെയെത്തി.
ആ ദിവസങ്ങളെ കുറിച്ച് വീണ പറയുന്നത്
മരിക്കാനൊക്കെ തോന്നിയ ദിവസങ്ങളായിരുന്നു അത്. മരിക്കാന്‍ പോവുകയാണെന്ന് ഫോണിലെ നോട്ട്സില്‍ എഴുതി വച്ചു. അന്ന് റൂമിന്റെ അടുത്ത് ബീച്ച് ഉണ്ടായിരുന്നു. അവിടെ പോയി ചാടി മരിച്ചാലോ എന്നാണ് ആദ്യം ആലോചിച്ചത്. പിന്നീട് എനിക്ക് തോന്നി ഇക്കാര്യങ്ങള്‍ ആരോടെങ്കിലും തുറന്നു പറയാമെന്ന്. അങ്ങനെ ഡോക്ടറിന്റെ അടുത്ത് തന്നെ പോയി സംസാരിച്ചു. ഫസ്റ്റ് സ്റ്റേജ് ആയതുകൊണ്ട് ട്രീറ്റ്മെന്‍റ് ഒക്കെ എടുത്ത് ഓക്കെ ആയി. ഇപ്പോള്‍ ലൈഫ് ഹാപ്പിയാണ്.
