Latest Videos

'ഒരു നന്ദി പോലും വച്ചില്ല': ദ കേരള സ്റ്റോറിയുടെ തിരക്കഥ തന്‍റേതെന്ന് മലയാളി ചലച്ചിത്ര പ്രവര്‍ത്തകന്‍

By Web TeamFirst Published May 6, 2023, 6:49 PM IST
Highlights

 'ദ കേരള സ്റ്റോറി'  സംവിധായകന്‍  സുദീപ്‌തോ സെന്‍  2017 ല്‍ 'ലൌ ജിഹാദുമായി' ബന്ധപ്പെട്ട് ഒരു ഡോക്യുമെന്‍ററി ചെയ്തിരുന്നു. അതില്‍ സഹകരിച്ചതോടെയാണ് താന്‍ സംവിധായകനുമായി പരിചയപ്പെട്ടത്. 

തിരുവനന്തപുരം:  വിവാദങ്ങള്‍ സൃഷ്ടിച്ച 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്‍റെ തിരക്കഥ തന്‍റെതാണെന്നും. എന്നാല്‍ അണിയറക്കാര്‍ ഒരു നന്ദി പോലും നല്‍കിയില്ലെന്നും മലയാളിയായ യുവ ചലച്ചിത്ര പ്രവര്‍ത്തകന്‍. യദു വിജയകൃഷ്ണനനാണ് ഈ പരാതിയുമായി രംഗത്ത് എത്തിയത്. താന്‍ ചിത്രത്തിനെതിരെ പറയുകയല്ല. താന്‍ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്, എന്നാല്‍ ചിത്രം കണ്ടപ്പോള്‍ ഒരു നന്ദി പോലും വയ്ക്കാത്ത വിഷമത്തിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് എന്നാണ് യദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

 'ദ കേരള സ്റ്റോറി'  സംവിധായകന്‍  സുദീപ്‌തോ സെന്‍  2017 ല്‍ 'ലൌ ജിഹാദുമായി' ബന്ധപ്പെട്ട് ഒരു ഡോക്യുമെന്‍ററി ചെയ്തിരുന്നു. അതില്‍ സഹകരിച്ചതോടെയാണ് താന്‍ സംവിധായകനുമായി പരിചയപ്പെട്ടത്. പിന്നീട് 2021 ല്‍ സംവിധായകന്‍  'ലൌ ജിഹാദുമായി' ബന്ധപ്പെട്ട്  ഒരു ഹിന്ദി കോമേഷ്യല്‍ ചിത്രം ചെയ്യാന്‍ സ്ക്രിപ്റ്റ് ഉണ്ടോ എന്ന് ചോദിച്ചു. ഇതിന്‍റെ വണ്‍ ലൈന്‍ എഴുതി സംവിധായകന് നല്‍കി. അതിന് അംഗീകാരം ലഭിച്ചു. പിന്നീട് ഡ്രാഫ്റ്റ് തയ്യാറാക്കി, ഒരു വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തിയാണ് ഫൈനല്‍ സ്ക്രിപ്റ്റ് രൂപപ്പെടുത്തിയത്. 

പിന്നീട് സ്ക്രിപ്റ്റ് കൈമാറിയതിന് ശേഷമാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കമ്പനി ഞാനുമായി സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയിലുള്ള കരാര്‍ റദ്ദാക്കിയത്. എന്നാല്‍ തുടര്‍ന്ന് പുതിയ കരാര്‍ വരുമെന്ന് എന്നെ അറിയിച്ചു. അതിനാല്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ഹണ്ടിനും, പ്രൊഡക്ഷന്‍ സൈഡിലും ഞാന്‍ സഹകരിച്ചു. എന്നാല്‍ പുതിയ കരാര്‍ വന്നപ്പോള്‍ എനിക്ക് 'കണ്‍സള്‍ട്ടന്‍റ്' എന്ന സ്ഥാനമാണ് നല്‍കിയത്. ആദ്യ കരാറില്‍ നിന്ന് എന്നെ കണ്‍സള്‍ട്ടന്‍റ് ആക്കിയുള്ള രണ്ടാമത്തെ എഗ്രിമെന്‍റിലേക്ക് വന്നപ്പോള്‍ ആദ്യം പറഞ്ഞ പ്രതിഫലത്തില്‍ നിന്ന് പകുതിയില്‍ അധികം കുറച്ചിരുന്നു. അത് ബാക്കി തരണമെങ്കില്‍ സിനിമ ഇറങ്ങുന്നത് വരെ വര്‍ക്ക് ചെയ്യണം എന്നും കരാറില്‍ പറഞ്ഞിരുന്നു. 

ഇതോടെയാണ് ഞാന്‍ അതില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ ഞാന്‍ അടങ്ങുന്ന സമൂഹം അറിഞ്ഞിരിക്കേണ്ട, വലിയ ഉദ്ദേശമുള്ള ഒരു പ്രൊജക്ട് ആയതിനാല്‍ ഞാന്‍ എതിര്‍പ്പൊന്നും ഉയര്‍ത്തിയില്ല. ചിത്രം ഇറങ്ങുമ്പോള്‍ താങ്ക്സ് കാര്‍ഡില്‍ എങ്കിലും പേര് കാണുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രം കണ്ടപ്പോള്‍ അതില്‍ ഒരു നന്ദി പോലും വച്ചതായി കണ്ടില്ല. അവസാന ക്രഡിറ്റ് വരെ ഞാന്‍ നോക്കിയിരുന്നു. ഇത് ഉണ്ടാക്കിയ സങ്കടത്തിലാണ് ഈ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

ദ കേരള സ്റ്റോറി വലിയ ഉദ്ദേശമുള്ള ചിത്രമാണ് അതിനാല്‍ തന്നെ നിയമനടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ല. ഞാന്‍ ചിത്രത്തിന് എതിരല്ല,  പക്ഷെ ഇത്തരം ഒരു കാര്യം കണ്ട് ചിത്രത്തിന്‍റെ അണിയറക്കാര്‍ എന്തെങ്കിലും ചെയ്യുമെന്നാണ് കരുതുന്നത് - യദു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.  

കേരളത്തിൽ സംഭവിക്കുന്നതെന്ത് എന്ന് കൃത്യമായി പറയുന്ന സിനിമ: ജി സുരേഷ് കുമാർ

വിവാദങ്ങൾക്കിടെ റിലീസ്; 'ദി കേരള സ്റ്റോറി' ആദ്യദിനം നേടിയത്

click me!