40 വര്‍ഷത്തെ ഇടവേള, ഇത് 'മെറിലാന്‍ഡി'ന്റെയും തിരിച്ചുവരവ്

By Web TeamFirst Published Sep 7, 2019, 9:57 PM IST
Highlights

സുബ്രഹ്മണ്യത്തിന്റെ മരണത്തോടെയാണ് ഈ ബാനര്‍ പതിയെ മലയാളത്തിന്റെ തിരശ്ശീലയില്‍ നിന്ന് പിന്മാറിത്തുടങ്ങിയത്. എന്നാല്‍ പില്‍ക്കാലത്ത് ജനപ്രിയ ടെലിവിഷന്‍ സീരിയലുകളിലൂടെ ഭാഗികമായി ഒരു തിരിച്ചുവരവ് നടത്തി മെറിലാന്‍ഡ്.
 

തിരിയുന്ന ഭൂഗോളത്തിനു മുകളിലായി മയിലിനൊപ്പം വേല്‍ ഏന്തിനില്‍ക്കുന്ന മുരുകന്‍. ഒരു കാലത്ത് മലയാളത്തിന്റെ വെള്ളിത്തിരയില്‍ തിളങ്ങിനിന്ന ലോഗോ ആണത്. 1952 മുതല്‍ 79 വരെ മലയാളി പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ച നിരവധി സിനിമകള്‍ നിര്‍മ്മിച്ച മെറിലാന്‍ഡ് സ്റ്റുഡിയോയുടെ ചിഹ്നം. നാല്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും സിനിമാനിര്‍മ്മാണത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് അവര്‍. ആദ്യചിത്രം ഇതിനകം തീയേറ്ററുകളിലെത്തിക്കഴിഞ്ഞു. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത 'ലവ് ആക്ഷന്‍ ഡ്രാമ'യാണ് ആ സിനിമ. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ നിര്‍മ്മാതാക്കളായി നടന്‍ അജു വര്‍ഗീസിനൊപ്പമുള്ള വിശാഖ് സുബ്രഹ്മണ്യം മെറിലാന്‍ഡ് കുടുംബത്തിലെ പുതുതലമുറയിലേതാണ്. കൃത്യമായി പറഞ്ഞാല്‍ 'സുബ്രഹ്മണ്യം മുതലാളി' എന്ന് വിളിക്കപ്പെട്ട പി സുബ്രഹ്മണ്യത്തിന്റെ ചെറുമകന്‍. എന്നാല്‍ ഇരുവരും ചേര്‍ന്നുള്ള നിര്‍മ്മാണ സംരംഭത്തിന്റെ പേര് 'ഫണ്‍ടാസ്റ്റിക് ഫിലിംസ്' എന്നാണ്.

ഉദയാ സ്റ്റുഡിയോയുടെ അപ്രമാദിത്വം നിറഞ്ഞ കാലത്ത്, 1951-ലാണ് കേരളത്തിലെ രണ്ടാമത്തെ പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയി മെറിലാന്‍ഡ് പിറന്നത്. മെറിലാന്‍ഡിന്റെ 69 ചിത്രങ്ങളില്‍ 59 എണ്ണവും സംവിധാനം ചെയ്തത് പി.സുബ്രഹ്മണ്യം തന്നെയായിരുന്നു. 1978-ല്‍ പുറത്തിറങ്ങിയ, മധു നായകനായ  'ഹൃദയത്തിന്റെ നിറങ്ങള്‍' എന്ന ചിത്രമാണ് മെറിലാന്‍ഡിന്റെ ബാനറില്‍ പുറത്തുവന്ന അവസാന ചിത്രം. പാടാത്ത പൈങ്കിളി, ഭക്തകുചേല, സ്വാമി അയ്യപ്പന്‍, ശ്രീഗുരുവായൂരപ്പന്‍, തുടങ്ങി ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തെ നിരവധി ഹിറ്റ് സിനിമയുടെ അണിയറയില്‍ മെറിലാന്‍ഡ് ആയിരുന്നു.

സുബ്രഹ്മണ്യത്തിന്റെ മരണത്തോടെയാണ് ഈ ബാനര്‍ പതിയെ മലയാളത്തിന്റെ തിരശ്ശീലയില്‍ നിന്ന് പിന്മാറിത്തുടങ്ങിയത്. എന്നാല്‍ പില്‍ക്കാലത്ത് ജനപ്രിയ ടെലിവിഷന്‍ സീരിയലുകളിലൂടെ ഭാഗികമായി ഒരു തിരിച്ചുവരവ് നടത്തി മെറിലാന്‍ഡ്. സ്വാമി അയ്യപ്പന്‍, അമ്മ തുടങ്ങി ഇരുപതോളം സീരിയലുകള്‍ അവര്‍ നിര്‍മ്മിച്ചു. തിരുവനന്തപുരം നഗരത്തിലെ പ്രധാന തീയേറ്ററുകളായ ന്യൂ, ശ്രീകുമാര്‍, ശ്രീവിശാഖ്, ശ്രീ പത്മനാഭ ഇവയൊക്കെ ഇപ്പോഴും മെറിലാന്‍ഡ് ഗ്രൂപ്പിന്റേത് തന്നെയാണ്. 

click me!