89കിലോയിൽ നിന്നും 78ലേക്ക്, 20ദിവസത്തെ ട്രെയിനിം​ഗ്,നടപ്പും ഇരിപ്പും മമ്മൂട്ടിയെ പോലെ:ട്വിങ്കിൾ സൂര്യ പറയുന്നു

Published : Mar 08, 2025, 01:08 PM ISTUpdated : Mar 08, 2025, 03:08 PM IST
89കിലോയിൽ നിന്നും 78ലേക്ക്, 20ദിവസത്തെ ട്രെയിനിം​ഗ്,നടപ്പും ഇരിപ്പും മമ്മൂട്ടിയെ പോലെ:ട്വിങ്കിൾ സൂര്യ പറയുന്നു

Synopsis

രേഖാചിത്രത്തില്‍ മമ്മൂട്ടിയുടെ ബോഡി ഡബിളായി എത്തിയ ട്വിങ്കിൾ സൂര്യയുമായുള്ള അഭിമുഖം. 

സിഫ് അലിയുടെ രേഖാചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സിനിമയിലെ ഡീറ്റൈലിങ്ങിനും എ.ഐ വെർഷനുമെല്ലാം നിറ കയ്യടികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയറ്റർ റിലീസ് മുതൽ പ്രേക്ഷകർ ഒന്നടങ്കം കൗതുകത്തോടെ നോക്കികണ്ടത് ചിത്രത്തിലെ മമ്മൂട്ടിയുടെ എ.ഐ വെർഷൻ ആയിരുന്നു. ഒടിടിയിൽ രേഖാചിത്രം എത്തുന്നുവെന്ന് അറിഞ്ഞപ്പോഴും ഏവരും കാത്തിരുന്നതും ആ രം​ഗങ്ങൾക്ക് വേണ്ടി തന്നെ. ഇന്ത്യൻ സിനിമ കണ്ട മികച്ച എ.ഐ എന്നാണ് സിനിമ കണ്ട ഒടിടി പ്രേക്ഷകർ ഏവരും പുകഴ്ത്തിയതും. 

രേഖാചിത്രം എങ്ങും ചർച്ചയാവുമ്പോൾ, വൈറലായി മാറുന്നൊരു താരമുണ്ട് അങ്ങ് പെരുമ്പാവൂരിൽ. പേര് ട്വിങ്കിൾ സൂര്യ. ഇദ്ദേഹമാണ് രേഖാചിത്രത്തിൽ മമ്മൂട്ടിയുടെ ബോഡി ഡബിളായി വേഷമിട്ടത്. മമ്മൂട്ടിയുടെ ​ഗാനങ്ങളും സംഭാഷണങ്ങളും അനുകരിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതനായ ട്വിങ്കിൾ സൂര്യ, താൻ എങ്ങനെയാണ് രേഖാചിത്രത്തിൽ എത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് ഇപ്പോൾ. 

ട്വിങ്കിൽ സൂര്യ എന്ന 'മമ്മൂട്ടി ചേട്ടനാ'ണ് ഇപ്പോൾ താരം

ഒരുപാട് സന്തോഷം. ഇത്രയും വലിയൊരു സ്റ്റാറിനെ ഈ ഒരു രീതിയിൽ അവതരിപ്പിക്കാൻ കിട്ടിയതിൽ ഒരുപാട് സന്തോഷം. നമ്മൾ ഒരുപാട് എഫെർട്ട് എടുത്ത് ചെയ്തിരിക്കുന്ന കാര്യമാണെങ്കിൽ പോലും, ഒരു തുടക്കക്കാരൻ എന്ന നിലയിൽ വളരെയധികം സന്തോഷമുണ്ട്.  

ഇൻസ്റ്റാ​ഗ്രാം റീലിൽ നിന്നും രേഖാചിത്രത്തിലേക്ക്

ഇൻസ്റ്റാ​ഗ്രാം വീഡിയോസ് ചെയ്യുന്ന ആളാണ് ഞാൻ. മമ്മൂക്കയുടെ ഫി​ഗർ ചെയ്യുമ്പോൾ കൂടുതൽ റീച്ച് കിട്ടുമെന്ന് എനിക്ക് തോന്നി. അങ്ങനെ ചുമ്മാ ഒരു രസത്തിന് തുടങ്ങിയതാണ്. അതെല്ലാവരും ഇഷ്ടപ്പെടുകയും ചെയ്തു. ആ വീഡിയോസ് ജോഫിൻ(സംവിധായകൻ) സാർ കണ്ടിട്ടാണ് രേഖാചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്. സുമേഷ് എന്നൊരു ചേട്ടനുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ടാണ് എന്നെ വിളിച്ചത്. 

നേരത്തെ റിയാലിറ്റി ഷോ നാടകങ്ങളൊക്കെ ചെയ്യുമായിരുന്നു. രേഖാചിത്രം വന്നപ്പോൾ ഭയങ്കരമായൊരു മാനസിക പ്രയാസം ഉണ്ടായിരുന്നു എനിക്ക്. ശരിയാവുമോ ഇല്ലയോ എന്നത്. നന്നാവുമെന്ന പ്രതീക്ഷയും ഇല്ലായിരുന്നു. ഇൻസ്റ്റാ​ഗ്രാമിൽ മുഖം കൊണ്ട് ചെയ്യുന്നത് പോലെ അല്ലല്ലോ. ഇത് മൊത്തം ശരീരവും ഉണ്ട്. ഫെയിൽ ആയി കഴിഞ്ഞാൽ ഭയങ്കര ചീത്തപ്പേരായി മാറും. അതിന്റെ നല്ലൊരു പേടിയും ഉണ്ടായിരുന്നു. പക്ഷേ എല്ലാവരും ധൈര്യം തന്ന്, കുഴപ്പമില്ല ചെയ്ത് നോക്ക് എന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നു. അങ്ങനെയാണ് അഭിനയിച്ച് നോക്കിയത്. ഫസ്റ്റ് ഷോട്ട് തന്നെ എന്റേത് ആയിരുന്നു. തിയറ്റർ ആർട്ടിസ്റ്റ് ആയതുകൊണ്ട് തന്നെ ക്രൗഡ് അത്ര പ്രശ്നം ഉണ്ടായിരുന്നില്ല. വലിയ കുഴപ്പമില്ലാതെ തന്നെ ചെയ്യാനും പറ്റി. 

ട്രെയിനിങ്ങും 89 കിലോയിൽ നിന്നും 78ലേക്കും 

പത്ത് ഇരുപത് ദിവസം ട്രെയിനിം​ഗ് ഉണ്ടായിരുന്നു. അരുൺ പെരുവ എന്ന തിയറ്റർ ആർട്ടിസ്റ്റ് ആയിരുന്നു ട്രെയിനർ. എന്റെ ജോലികൾ ചെയ്യുമ്പോൾ പോലും മമ്മൂട്ടി സാറിനെ പോലെ അനുകരിച്ച് ചെയ്യാൻ തുടങ്ങി. നടക്കുന്നതും ഇരിക്കുന്നതുമൊക്കെ. എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു. വെയ്റ്റ് 89 കിലോ. സംവിധായകൻ കണ്ടപ്പോൾ തന്നെ വണ്ണം കുറയ്ക്കണമെന്ന് എന്നോട് പറഞ്ഞു. ഒരു മാസം കൊണ്ട് ആഹാരം കൺട്രോൾ ചെയ്തു. ജോ​ഗിം​ഗ് സ്ഥിരമാക്കി. 78 കിലോയിലേക്ക് കൊണ്ട് വന്നു. 

അഞ്ചും പത്തും ദിവസം കൂടുമ്പോൾ ജോഫിർ സാർ എന്നെ വിളിക്കും. ഞാൻ വണ്ണം കുറയ്ക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ അറിയാൻ. വണ്ണം കുറഞ്ഞ് വന്നപ്പോൾ അദ്ദേഹം പറഞ്ഞു മതി നിർത്തിക്കോ ഇത്രയെ നമുക്ക് ആവശ്യമുള്ളൂവെന്ന്. പിന്നെ മമ്മൂട്ടി സാറിന്റെ കുറേ അഭിമുഖങ്ങൾ കണ്ടു. അതിലൂടെ ആം​ഗ്യങ്ങളും നടപ്പും പഠിച്ചെടുത്തു. മമ്മൂട്ടി ചേട്ടന്റെ ഇൻട്രോ സീനിൽ ബാക്ക് പോഷൻ മൂവ്മെന്റ് ഒക്കെ അറിയാതെ ഇട്ടുപോയതാണ്. അതി മനോഹരമായിരുന്നു ആ ഷോട്ടെന്ന് എല്ലാവരും പറയുന്നുണ്ട്.  

രണ്ടാൾക്കും ഒരേ അസുഖം, കാലിന്റെ സ്പർശനം നഷ്ടമായി, കിഡ്നിക്കും കുഴപ്പം; സായ് കുമാറും ബിന്ദു പണിക്കരും പറയുന്നു

ചെറുപ്പം മുതൽ കടുത്ത മമ്മൂട്ടി ആരാധകൻ

ചെറുപ്പം മുതലെ മമ്മൂട്ടി സാറിനെ ഭയങ്കര ഇഷ്ടമാണ്. വാത്സല്യം പോലുള്ള സിനിമകളൊക്കെ കണ്ട് തുടങ്ങിയ ആരാധന. അന്ന് മുതലെ ചെറിയാരു അനുകരണമൊക്കെ ഉണ്ടായിരുന്നു. അങ്ങനെ വന്ന് വന്ന് ഇതുവര എത്തി. മമ്മൂട്ടി സാറിനെ നേരിൽ കണ്ടിട്ടുണ്ട്. പലപ്പോഴും നല്ല കമന്റുകളും പറയാറുണ്ട്. പക്ഷേ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനുള്ള ധൈര്യം എനിക്കിതുവരെ കിട്ടിയിട്ടില്ല. ചെറുപ്പം മുതലേ നമ്മൾ ആരാധിക്കുന്ന മഹാനായ വലിയൊരു മനുഷ്യനാണ് മുന്നിൽ. ബഹുമാനത്തോട് കൂടിയ ഭയം എന്ന് പറയാം. 

ട്വിങ്കിൾ സൂര്യ എന്ന നാടകക്കാരനും കുടുംബവും

ഞാൻ പ്രൊഫഷണൽ നാടക ആർട്ടിസ്റ്റ് ആണ്. പഠിച്ചു കൊണ്ടിരുന്നപ്പോഴെ നാടകത്തിൽ അഭിനയിക്കും. അങ്കമാലി അഞ്ചലി, തിരു കൊച്ചിയുടെ നാടകങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട്. നെ​ഗറ്റീവ്, കോമഡി റോളുകളായിരുന്നു. പിന്നെ സീരിയലുകളൊക്കെ ചെയ്തിട്ടുണ്ട്. രേഖാചിത്രം എന്റെ മൂന്നാമത്തെ സിനിമയാണ്. ലുക് മാന്റെ ഒരു സിനിമയിൽ നെ​ഗറ്റീവ് റോൾ ചെയ്തിരുന്നു. 

എറണാകുളം എടപ്പള്ളിയിൽ ഒരു വാട്ടർ പ്യൂരിഫൈയിം​ഗ് കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ഞാൻ. പെരുമ്പാവൂരാണ് ഇപ്പോൾ താമസം. സ്വന്തം സ്ഥലം ഇടുക്കിയാണ്. പത്ത് പതിനഞ്ച് വർഷമായി പെരുമ്പാവൂരിലുണ്ട്. മൂന്ന് മക്കളും ഭാര്യയും അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്