ഇന്ന് ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിന് 14.7 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. വിവാഹിതയാകാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ് ഗംഗ ഇപ്പോള്‍. ഗംഗയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
സോഷ്യൽ മീഡിയയിലെ സജീവ ബ്യൂട്ടി കണ്ടെന്റ് വ്ലോഗറാണ് ഗ്ലാമി ഗംഗ. ചെറുപ്പം മുതല്‍ അച്ഛന്‍റെ ക്രൂരമായ ഉപദ്രവങ്ങള്‍ക്ക് ഇരയായിരുന്നു ഗംഗയും അമ്മയും സഹോദരിയും. ധരിക്കാന്‍ വസ്ത്രമോ, ആവശ്യത്തിന് ഭക്ഷണമോ ഇല്ലാതിരുന്ന കാലം. സഹികെട്ട് അമ്മയും മക്കളും പടിയിറങ്ങി, ആദ്യം അമ്മാവനൊപ്പം കുടുംബ വീട്ടിലായി താമസം. അവിടെ വച്ചാണ് ഗംഗ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പിന്നീട് പല വാടക വീടുകളിലുമായിരുന്നു ജീവിതം. ഒടുവില്‍ യൂട്യൂബ് വരുമാനം കൊണ്ട് സ്വന്തമായൊരു വീടും ഗംഗ സ്വന്തമാക്കി.
ഇന്ന് ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിന് 14.7 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. വിവാഹിതയാകാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ് ഗംഗ ഇപ്പോള്‍. ഗംഗയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
തുടക്കം കൊവിഡ് കാലത്ത്
കൊവിഡ് കാലത്ത് ടിക് ടോക്കിലൂടെയാണ് തുടക്കം. എനിക്ക് ഇങ്ങനെ ക്യാമറയുടെ മുമ്പിലൊക്കെ ഇരുന്ന് സംസാരിക്കാന്‍ ഇഷ്ടമാണ്. അങ്ങനെയാണ് ബ്യൂട്ടി, ഫാഷൻ കണ്ടെന്‍റുകള്‍ യൂട്യൂബിലൂടെ ചെയ്യാന്‍ തുടങ്ങിയത്. ആദ്യമൊക്കെ കയ്യിലുണ്ടായിരുന്ന കുറച്ച് മേക്കപ്പ് പ്രോഡക്ട്സിന്‍റെ റിവ്യൂ ചെയ്യുമായിരുന്നു. അതുപോലെ എനിക്കറിയാവുന്ന കുറച്ച് സ്കിന്‍ കെയര്‍, ബ്യൂട്ടി ടിപ്സൊക്കെ ചെയ്യുമായിരുന്നു. ഞാന്‍ മൂടി കിടക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പുതപ്പിനെ ബാക്ക്ഡ്രോപ്പാക്കിയാണ് വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. കാരണം അന്ന് അമ്മയുടെ കുടുംബ വീട്ടിലായിരുന്നു താമസം. അവിടെ അങ്ങനെ വീഡിയോ ചെയ്യാന്‍ കൊള്ളാവുന്ന സ്ഥലമൊന്നും ഇല്ലായിരുന്നു.
ഉറങ്ങുമ്പോൾ കാലിനു മുകളിൽ കയറി നിൽക്കും
ചെറുപ്പം മുതല്‍ അച്ഛന്‍റെ ക്രൂരമായ ഉപദ്രവങ്ങള്‍ക്ക് ഇരയായിരുന്നു അമ്മയും ഞാനും സഹോദരിയും. മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു. കേട്ടാല്‍ അറക്കുന്ന ചീത്ത വിളി കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ധരിക്കാന്‍ വസ്ത്രമോ, വിശപ്പ് മാറ്റാന്‍ ആവശ്യത്തിന് ഭക്ഷണമോ ഇല്ലാതിരുന്ന കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഭക്ഷണം വച്ചാൽ അതുപോലും അച്ഛന്‍ എടുത്തു പുറത്തേക്ക് എറിയും. അടുപ്പിൽ ചോറ് ഇരിക്കുന്നത് കണ്ടാൽ കലത്തോടെ മുറ്റത്തേക്ക് എറിയും. കഞ്ഞിക്കലത്തിൽ മൂത്രം വരെ ഒഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാതെയും വെള്ളം പോലും കുടിക്കാതെയും സ്കൂളില്‍ പോയ ദിവസങ്ങള്‍ ഉണ്ടായിരുന്നു. പലപ്പോഴും സുഹൃത്തുക്കളാണ് ഞങ്ങള്‍ക്കുള്ള ഭക്ഷണം കൊണ്ടുവന്നിരുന്നത്.
ഇരുട്ടിൽ അച്ഛൻ കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചതും, കാട്ടിലൂടെ ഓടി രക്ഷപ്പെട്ടതും ഒന്നും ഒരിക്കലും മറക്കില്ല. ഉറങ്ങുമ്പോൾ കാലിനു മുകളിൽ കയറി നിൽക്കും, കമ്പ് വെട്ടി അടിക്കുമായിരുന്നു. ഒരിക്കല്‍ തൂങ്ങിചാകാന്‍ കുരുക്കിട്ടു തന്നിട്ട് എന്നോട് മരിക്കാന്‍ പറഞ്ഞു. എന്‍റെ ഒരു പതിനഞ്ച് വയസ്സിന് ശേഷം ഞാൻ അച്ഛാന്ന് വിളിച്ചിട്ടില്ല. ഞങ്ങളുടെ പുസ്തകങ്ങള്‍ വരെ കത്തിച്ചിട്ടുണ്ട്, പഠിക്കാന്‍ പോലും സമ്മതിക്കില്ലായിരുന്നു. നാട്ടുകാർക്കും അയൽക്കാർക്കും അറിയാം പുള്ളി ഇങ്ങനെയാണെന്നുള്ളത്. പീഡനം സഹിക്കാൻ പറ്റാതെയാണ് അമ്മയ്ക്കൊപ്പം ഞങ്ങള്‍ വീട് വിട്ടിറങ്ങിയത്. ഇപ്പോഴും പെപ്പർ സ്പ്രേയുമായാണ് ഞങ്ങള്‍ നടക്കുന്നത്.
ചെറുപ്പത്തിലുണ്ടായ 'ട്രോമ'
എനിക്കൊരു ഏഴ്- എട്ട് വയസുള്ളപ്പോള്‍ അച്ഛന്‍റെ ഒരു ബന്ധു തന്നെ എന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. ആ ട്രോമയില്‍ നിന്നും ഞാന്‍ ഇപ്പോഴും കരകയറിയിട്ടില്ല. രാത്രി ഉറങ്ങാൻ കിടക്കുമ്പോള്‍ ഒരു നിഴല്‍ അടുത്തുകൂടി പോയാല്‍ പോലും ഞാന്‍ പേടിക്കാറുണ്ട്. എന്നെ ആരോ കയറി പിടിക്കാൻ വരുന്നുവെന്നും അല്ലെങ്കിൽ എന്നെ ആരോ അബ്യൂസ് ചെയ്യാൻ വരുന്നുവെന്നും കരുതി ഞാൻ പേടിച്ചു നിലവിളിക്കും. എനിക്ക് ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് തുറന്നു പറയാന്‍ പോലുമുള്ള സാഹചര്യം അന്ന് എന്‍റെ വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഏറ്റവും വലിയ സമ്പാദ്യം യൂട്യൂബും ഈ പ്രൊഫഷനും
സ്വന്തമായി വരുമാനം വേണമെന്ന് പണ്ടുമുതലേ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ യൂട്യൂബില്‍ നിന്നാകും ഇങ്ങനെ വരുമാനം കിട്ടുക എന്ന് കരുതിയിരുന്നില്ല. വരുമാനം കിട്ടുമെന്ന് പോലും അറിയാത്ത സമയത്താണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഒരു ഇഷ്ടത്തിന്‍റെ പുറത്ത് തുടങ്ങിയതാണ്. ഇപ്പോള്‍ ഇതാണ് എന്‍റെ പ്രൊഫഷന്‍.
വീട് ഒരു സ്വപ്നമായിരുന്നു
കയറി കിടക്കാന്‍ ഒരു വീട് എന്നത് സ്വപ്നമായിരുന്നു. ഞാന്‍ സ്വന്തമായൊരു വീട് വെച്ചിട്ട് ഈ ഫെബ്രുവരി ആകുമ്പോൾ ഒരു വർഷം തികയും. ഞാൻ ഭയങ്കര ഡൗൺ ആയിട്ടിരിക്കുമ്പോള്‍ പുറത്തുനിന്നും വീട്ടിലേക്ക് നോക്കുമ്പോള്‍ ഇത് ഞാൻ വെച്ചതാണല്ലോ എന്ന ഫീല്‍ വരുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നാറുണ്ട്.
വിവാഹം ഈ വർഷം
വിവാഹം ഈ വർഷം ഉണ്ടാകും. എനിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി അറിയാവുന്ന എന്‍റെ ഒരു സുഹൃത്തിനെയാണ് വിവാഹം കഴിക്കുന്നത്. എന്നെയും എന്‍റെ കുടുംബത്തെയും നന്നായി അറിയാവുന്നയാളാണ്. പുള്ളിയുടെ ഫാമിലിക്കും അറിയാം. അവരും നമ്മളെ പോലെ ഒരു മിഡിൽ ക്ലാസ് ഫാമിലി ആണ്. പുള്ളി എഡിറ്ററാണ്.
സ്നേഹിച്ചാൽ അന്ധമായി വിശ്വസിക്കും
റിലേഷൻഷിപ്പ് ബ്രേക്കപ്പായത് എന്നെ ശരിക്കും തളര്‍ത്തി, പുള്ളി എന്നെ അത്യാവശ്യം നല്ല രീതിക്ക് തന്നെ പറ്റിച്ചു. ഞാൻ വളരെ വൈകിയാണ് കാര്യങ്ങള്‍ അറിഞ്ഞത്. എന്‍റെ ഒര പ്രശ്നവും അതാണ്, ഞാൻ ഒരാളെ സ്നേഹിച്ചാൽ അന്ധമായി അവരെ വിശ്വസിക്കും.
ഗെറ്റ് റെഡി വിത്ത് മീ
കണ്ടെന്‍റ് ക്രിയേഷനെ കുറിച്ച് ചോദിച്ചാല്‍, ഷോര്‍ട്സുകളാണ് ഇപ്പോള്‍ കൂടുതലും വര്‍ക്കാകുന്നത്. ബ്യൂട്ടി ടിപ്സ് ആണെങ്കിലും ഗെറ്റ് റെഡി വിത്ത് മീ ആണെങ്കിലും ഷോർട്സ് വഴി ആണെങ്കില്‍ റീച്ചാകും. ലോങ് വീഡിയോകള്‍ ചിലതൊക്കെ വര്‍ക്ക് ആകാറുണ്ട്.
തിരുവനന്തപുരം സ്ലാങ്
തിരുവനന്തപുരം സ്ലാങ് എനിക്ക് ഒരു ഐഡന്‍റിറ്റി തന്നുവെന്നേ ഞാന്‍ പറയൂ. എനിക്ക് മറ്റൊരാളായി സംസാരിക്കാന്‍ അറിയില്ല. എനിക്ക് ഞാനായി മാത്രമേ സംസാരിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ടു തന്നെയാണ് എന്നിക്ക് ഇത്രയും പിന്തുണ ലഭിച്ചത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഗ്ലൂട്ടാത്തയോൺ, ബോട്ടോക്സ്, ഫില്ലേഴ്സ്?
ഇതൊന്നും ഞാന്‍ ചെയ്തിട്ടില്ല. സ്കിന്‍ കെയര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്, ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന സപ്ലിമെന്‍റുകള്‍ എടുക്കാറുണ്ട്. അതൊക്കെ ഞാന്‍ എന്‍റെ ചാനലില്‍ പങ്കുവച്ചിട്ടുമുണ്ട്. അല്ലാതെ ഗ്ലൂട്ടാത്തയോൺ, ബോട്ടോക്സ്, ഫില്ലേഴ്സ് ഒന്നും ഞാന്‍ ചെയ്തിട്ടില്ല. ഭാവിയില്‍ അത്തരത്തില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍, അതും എന്‍റെ ചാനലിലൂടെ തന്നെ അറിയിക്കുന്നതാണ്.
നെഗറ്റീവ് കമന്‍റുകള്‍
എനിക്ക് നെഗറ്റീവ് കമന്‍റുകള്‍ വരാറുണ്ട്. എന്നെ അറിയാവുന്നവര്‍ തന്നെ ഗ്രൂപ്പ് ആയിട്ടിരുന്ന് സൈബർ ബുള്ളിയിങ് ചെയ്തിട്ടുണ്ട്. ഞാൻ നന്നായിട്ടിരിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഞാൻ വളരെ സ്നേഹിച്ചിരുന്ന ആൾക്കാർ തന്നെ നെഗറ്റീവ് കമന്‍റുകള്‍ ഇടാറുണ്ടായിരുന്നു. എന്റെ കമന്റ് ബോക്സിൽ മറ്റാരും സംസാരിക്കാത്ത കാര്യങ്ങൾ ഈ ആൾക്കാരൊക്കെ വന്ന് ഡിസ്കസ് ചെയ്യുന്നുണ്ടായിരുന്നു. അവരുടെയൊക്കെ വായില്‍ നിന്ന് തന്നെ ഇത് അറിഞ്ഞപ്പോള്‍ എനിക്കൊരു ഷോക്ക് ആയിരുന്നു. പിന്നെ ഞാൻ എപ്പോഴും വിചാരിക്കുന്നത് നമ്മൾ എപ്പോഴും ഒരു പരുന്തിനെ പോലെ ആയിരിക്കണം. പറ്റാവുന്ന അത്രയും ഉയരത്തില്‍ പറക്കണം. പിന്നെ നമ്മുക്ക് താഴെ നിന്ന് ആര് എന്തു പറഞ്ഞാലും അത് നമ്മളെ ബാധിക്കില്ല.
ബോഡി ഷെയ്മിംഗ്
ബോഡി ഷെയ്മിംഗ് അനുഭവങ്ങള്‍ എന്‍റെ എക്സില്‍ നിന്ന് തന്നെ അനുഭവിച്ച ഒരാളാണ് ഞാന്‍. മെലിഞ്ഞിരിക്കുന്നതിന്‍റെ പേരിലും മറ്റും ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്. ഒരു സമയത്ത് ഞാൻ എപ്പോഴും ഒരു ബാഗി ജീന്‍സും ഓവർ സൈസ്ഡ് ടീഷർട്ടും മാത്രമേ ധരിക്കാറുണ്ടായിരുന്നോള്ളൂ.
ഓൺ ബ്രാൻഡ് തുടങ്ങണം
സ്വപ്നം സ്വന്തമായി ബിസിനസ് ചെയ്യണമെന്നതാണ്. ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാൻഡ് ഉണ്ട്, സഖി. അത് കുറച്ചുകൂടി വിപുലീകരിക്കണമെന്നുണ്ട്. അതുപോലെ ഒരു ഓൺ ബ്രാൻഡ് സ്റ്റാർട്ട് ചെയ്യണമെന്നുമുണ്ട്.
