
നടൻ ധനുഷ് ആണ് തമിഴകത്തെ പുതിയ ചർച്ച. ജൂലൈ 25-ന് തന്റെ ആരാധക സംഘടന സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ താരം നേരിട്ട് പങ്കെടുക്കുന്നു. പതിവ് വേഷം വെളുത്ത ഷർട്ടും മുണ്ടും കഴുത്തിൽ രുദ്രാക്ഷ മാല. ചടങ്ങിൽ നടത്തിയ പ്രസംഗമാണ് ധനുഷിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.. "ഇത്രയധികം ആളുകൾ ഒരിടത്ത് ഒത്തുചേർന്നിരിക്കുന്നു. ഈ ഐക്യത്തിന് വലിയൊരു ശക്തിയുണ്ട്. അതിനു നാം ഒരു ലക്ഷ്യം നൽകേണ്ടതുണ്ട്.." ഓഡിയോ ലോഞ്ചുകളിലും കൂടിക്കാഴ്ചകളിലും മാത്രം ഒതുങ്ങിനിൽക്കാതെ, കൂടുതൽ ക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ആഹ്വാനമായിരുന്നു ആ പ്രസംഗം. നിങ്ങളുടെ പ്രദേശത്തുള്ളവരുടെ, ചുറ്റുമുള്ള കുടുംബങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി നിങ്ങളെക്കൊണ്ടാകുംവിധത്തിൽ സഹായിക്കുക. നിങ്ങളെക്കുറിച്ചോർത്ത് എനിക്ക് കൂടുതൽ അഭിമാനിക്കേണ്ടതുണ്ട്, നിങ്ങൾ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്..." രക്തദാന ക്യാമ്പിൽ ഒത്തുകൂടിയവരോടും തന്റെ ആരാധകരോടും ധനുഷിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. വിജയ്ക്ക് പിന്നാലെ മറ്റൊരു രാഷ്ട്രീയ ചുവടുവയ്പിനു കളമൊരുങ്ങുകയാണോ എന്ന അഭ്യൂഹങ്ങൾ സജീവമാകുന്നത് ഇങ്ങനെയാണ്..
വിജയ്ക്ക് ആദ്യംമുതലേ ഉള്ള പക്കത്ത് വീട്ട് പയ്യൻ എന്ന ഇമേജാണ് ധനുഷിനും തമിഴ് നാട്ടിലുള്ളത്. വേഷങ്ങൾ മിക്കപ്പോഴും, ധാർമ്മികമോ വൈകാരികമോ സാമൂഹികമോ ആയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാധാരണക്കാരായ മനുഷ്യരെ കേന്ദ്രീകരിച്ചുള്ളവയാണ്. തൊഴിലില്ലായ്മ, കുടുംബപ്രശ്നങ്ങൾ, സാമൂഹിക അനീതി തുടങ്ങി സാധാരണക്കാരുടെ ജീവിതത്തിലെ പോരാട്ടങ്ങളും അഭിലാഷങ്ങളുമാണ് ധനുഷ് സിനിമകളുടെ കാതൽ. അതുകൊണ്ടുതന്നെ തങ്ങൾക്ക് അപ്രാപ്യനായ അമാനുഷികനായ സൂപ്പർഹീറോ ഇമേജിലുപരി രൂപത്തിലും ഭാവത്തിലും 'ബോയ് നെക്സ്റ്റ് ഡോർ' ഇമേജുള്ള താരമാണ് അദ്ദേഹം. മധ്യവർഗ പശ്ചാത്തലത്തിൽ നിന്നുള്ള, ഉത്തരവാദിത്തബോധമില്ലാത്ത വാസു എന്ന യുവാവായിരുന്നു തിരുടാ തിരുടിയിലെ ധനുഷ് കഥാപാത്രം. ജീവിതത്തിന് ഒരു ദിശ കണ്ടെത്താൻ ശ്രമിക്കുന്ന യുവതലമുറയുടെ നിരാശകളെ പ്രതിഫലിപ്പിച്ചതുകൊണ്ടാണ് വാസു പ്രേക്ഷകർക്ക് കണക്ട് ആകുന്നത്. വേലയില്ലാ പട്ടധാരിയിലെ രഘുവരൻ തൊഴിലില്ലാത്ത എഞ്ചിനിയറിങ് ബിരുദധാരിയായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായ കാലത്ത്, യുവാക്കളുടെ ഉള്ളിലൊതുക്കിയ നിരാശകളെ കൃത്യമായി ആവിഷ്കരിച്ചതുകൊണ്ടു തന്നെ സമാനമായ പ്രതിസന്ധികൾ നേരിടുന്ന പ്രേക്ഷകരുടെ മനസ്സിൽ ഈ ചിത്രം വലിയ സ്വാധീനമുണ്ടാക്കി. യാരടി നീ മോഹിനി, തിരുച്ചിത്തിരമ്പലമൊക്കെ സമാനമായ കണക്ട് ആണ് പ്രേക്ഷകർക്ക് ധനുഷിനോടുണ്ടാക്കിയത്.
പരമ്പരാഗത വീരനായക സങ്കല്പങ്ങൾക്ക് ബദലാകുന്ന സാധാരണ ശാരീരികപ്രകൃതിയുള്ള ഒരു നായകൻ, വൈകാരിക തീവ്രതയുള്ള എന്നാൽ സാഭാവികമായ തമിഴ് പ്രേക്ഷകർക്ക് നേരിട്ട് കണക്ട് ആകുന്ന തീമുകൾ. ഇൻഡസ്ട്രി മാറിയപ്പോഴും ബോളിവുഡിൻ്റെ ഐഡിയ ഓഫ് മസ്കുലാനിറ്റിക്കും വെല്ലുവിളിയുയർത്തി ധനുഷ്. കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, ആടുകളം, അസുരൻ തുടങ്ങിയ സിനിമകളിൽ വർഗ സംഘർഷം, ജാതി യാഥാർത്ഥ്യങ്ങൾ, കുടുംബ ഘടനകൾ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ മനഃശാസ്ത്രം എന്നിവയിൽ ചിട്ടപ്പെടുത്തിയതായിരുന്നു.
ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും, ആരാധകർ ഏറെയുണ്ടെങ്കിലും ധനുഷിനോടുള്ള ഇഷ്ടം വിജയോടോ രജിനിയോടോ ഉള്ളതുപോലെ വൈകാരികമല്ലതാനും. എന്നിരുന്നാലും ഒരു ലോങ് ടേം ഇൻവെസ്റ്റ്‌മെൻറ് എന്ന രീതിയിൽ ധനുഷ് ആരാധകരെ സംഘടിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകാം എന്നതാണ് നിലവിലെ ചർച്ചകൾക്ക് ആധാരം. തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ധനുഷ് കടന്നുപോകുന്നത്. തമിഴ് സിനിമയിൽ നിലവിൽ ഏറ്റവും വലിയ വാണിജ്യ വിജയം കൈവരിച്ച നടന്മാരിൽ ഒരാളാണ് ധനുഷ്. നടനായും സംവിധായകനായും മികച്ച പ്രൊജക്ടുകളും ലൈനപ്പുകളും. സംസ്ഥാനത്തെ ഏറ്റവും സജീവമായ നിർമ്മാണ കമ്പനികളിലൊന്നായ 'വണ്ടർബാർ ഫിലിംസും' ധനുഷിൻ്റേതാണ്. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ. കൊമേഷ്യൽ സിനിമകൾക്കൊപ്പം പൊളിറ്റിക്കലി റെലവൻറ് ആയിട്ടുള്ള സിനിമകളിലും തിളങ്ങാറുള്ള ധനുഷ് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല..
ധനുഷിൻ്റെ ആരാധക സംഘടന ഓൾ ഇന്ത്യ ധനുഷ് ഫാൻസ് വെൽഫെയർ അസോസിയേഷൻ ഇതിനകം തന്നെ ക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ ലളിതമായ പ്രതിച്ഛായ, രാഷ്ട്രീയത്തിൽ അനുകൂല ഘടകമാകാം. എന്നാൽ വിജയിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ നിന്ന് വ്യത്യസ്തമായ ഒരു വ്യക്തിത്വം കെട്ടിപ്പടുക്കുക, തമിഴ് രാഷ്ട്രീയത്തിലെ സ്വഭാവത്തോട് ചേർന്നുനിൽക്കുക പോലെ വെല്ലുവിളികളും ഉണ്ടാകും. എംജിആർ രസികർ മണ്ട്റം AIADMKയ്ക്ക് അടിത്തറയായതുപോലെ, വിജയ് മക്കൾ ഇയക്കം ടിവികെയ്ക്ക് അടിത്തറയായതുപോലെ DFC മറ്റൊരു രാഷ്ട്രീയപാർട്ടിക്ക് അടിത്തറയാകുമോ? ഒരു സമയത്ത് രജനികാന്ത് മുന്നോട്ട് വെച്ച ആത്മിയ രാഷ്ട്രീയത്തിൻറെ ഒരു വകഭേദം ധനുഷ് സ്വീകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. മിക്കവാറും എല്ലാ പൊതുപ്രസംഗങ്ങളുടെയും തുടക്കത്തിലും ഒടുവിലും 'ഓം നമശിവായ' പറയുന്ന രീതി ധനുഷ് വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് മാനസികമായ ഉറപ്പും സ്ഥിരതയും നൽകുന്നതിനെന്ന് പറയുമ്പോഴും ധനുഷ് പിന്തുടരുന്ന ആത്മീയതയുടെ കൂടി ഉദാഹരണമാണിത്. ഏതായാലും ഉടൻ സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്നു തന്നെയാണ് നടനുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം ധനുഷിൻ്റെ രാഷ്ട്രീയ പ്രവേശത്തിനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല.