അക്വിബിന്റെ സാന്നിധ്യം ഡല്‍ഹി ക്യാപിറ്റല്‍സിന് എത്രത്തോളം നിർണായകമാണ്, ഇന്ത്യൻ ടീമിലേക്കുള്ള എൻട്രി ടിക്കറ്റാകുമോ താരത്തിന് ഐപിഎല്‍

ഞാൻ ഒരു അവസരത്തിനായാണ് ആഗ്രഹിച്ചത്, വലിയ തുകയ്ക്കായല്ല. ലോകകത്തിന് മുന്നില്‍ എന്റെ മികവ് തെളിയിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വലിയ വേദിയിലേക്ക് ഒടുവില്‍ ഒരു അവസരം എത്തിയപ്പോള്‍ ജമ്മു കശ്‍‌മീർ താരം അക്വിബ് നബി ധർ പറഞ്ഞു. കോടികളുടെ മൂല്യത്തിനേക്കാള്‍ തിളക്കമുണ്ടായിരുന്നു അക്വിബിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ക്ക്. അക്വിബിന്റെ സാന്നിധ്യം ഡല്‍ഹി ക്യാപിറ്റല്‍സിന് എത്രത്തോളം നിർണായകമാണ്, ഇന്ത്യൻ ടീമിലേക്കുള്ള എൻട്രി ടിക്കറ്റാകുമോ താരത്തിന് ഐപിഎല്‍.

ഹൂബ്ലിയില്‍ ആറര പതിറ്റാണ്ട് പിന്നിട്ട ഒരു കാത്തിരിപ്പ് അവസാനിച്ച ദിനമുണ്ടായിരുന്നു. രഞ്ജി ട്രോഫി ആദ്യമായി ജമ്മു കശ്മീര്‍ താരങ്ങളുടെ കൈകളിലെത്തിയ സായാഹ്നം. അതും എട്ട് തവണ ജേതാക്കളായ കർണാടകയെ കീഴടക്കി. കിരീട ചിത്രങ്ങളെടുത്ത് പരിശോധിച്ചാല്‍ ഒരു ഓരോത്ത് നിലയുറപ്പിച്ച അക്വിബിനെ കാണാനാകും. അയാളായിരുന്നു ആ ടീമിന് ടൂർണമെന്റിലുടനീളം ഇന്ധനമായത്. 10 മത്സരങ്ങളില്‍ നിന്ന് 60 വിക്കറ്റുകള്‍, ഏഴ് അഞ്ച് വിക്കറ്റ് പ്രകടനം, നാല് വിക്കറ്റുകള്‍ രണ്ട് തവണ. ടൂർണമെന്റിലെ താരം.

മീഡിയം പേസറായിട്ടും നബി എന്തുകൊണ്ട് അപകടകാരിയാകുന്നു. കണ്‍സിസ്റ്റൻസി, അത് മാത്രമാണ് ഉത്തരം. രഞ്ജി ട്രോഫി പോലെ ദൈർഘ്യമേറിയ ഒരു ടൂർണമെന്റ്, ടെസ്റ്റ് ഫോര്‍മാറ്റ്, എറിയുന്നതെല്ലാം ലോങ് സ്പെല്ലുകള്‍. ലൈനിലും ലെങ്തിലുമുള്ള കൃത്യത, വിക്കറ്റ് ടേക്കിങ് എബിലിറ്റി, ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള വൈഭവം. എല്ലാം സമം ചേർന്നതാണ് അക്വിബ് എന്ന പേസർ.

ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രമല്ല, സമ്മർദമേറിയ നോക്കൗട്ട് മത്സരങ്ങളിലും ഇത് ആവ‍‍ര്‍ത്തിക്കാൻ അക്വിബിന് സാധിക്കുന്നുണ്ട്. നേടിയ 60 വിക്കറ്റുകളില്‍ 26 എണ്ണവും ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലുമായാണ്. മൂന്ന് മത്സരങ്ങള്‍ക്കിടെ നാല് അഞ്ച് വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെടുന്നു. പിന്നിട്ട രഞ്ജി സീസണില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ളതും അക്വിബിനായിരുന്നു. 28 പന്തുകളെറിയുമ്പോള്‍ ഒരു വിക്കറ്റെടുക്കാൻ അക്വിബിനാകുന്നു. ശരാശരിയെടുത്താല്‍ കേവലം 12.5 മാത്രമാണെന്നും ചേര്‍ത്തുപറയേണ്ടതുണ്ട്.

രഞ്ജിയിലെ ഹീറോയായ അക്വിബിന് ഐപിഎല്‍ ഒരുപക്ഷേ കരീയറിലെ തന്നെ ഏറ്റവും നിര്‍ണായകമായ ടൂര്‍ണമെന്റായിരിക്കും. ഇങ്ങനെ പറയാൻ കൃത്യമായ ചില കാരണങ്ങളുണ്ട്. ഏറെക്കാലമായി വിവിധ ഫോ‍ര്‍മാറ്റിലേക്കുള്ള ഇന്ത്യയുടെ സംഘങ്ങളിലേക്കുള്ള സെലക്ഷന്റെ ആധാരം ഐപിഎല്ലാണ്. ഫോ‍ര്‍മാറ്റുകളില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളുടെ പട്ടിക തന്നെ എടുത്താല്‍ മതിയാകും അത് വ്യക്തമാകാൻ. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളുടെ മൂല്യം ഇടിഞ്ഞുവരുന്നതായും കാണാം.

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയതിന് ശേഷം ഐപിഎല്ലിലെത്തി പരാജയപ്പെട്ടാലും ഇന്ത്യൻ ടീമിന്റെ വാതിലുകള്‍ തുറക്കില്ല. ഇവിടെയാണ് അക്വിബിനെ കാത്തിരിക്കുന്ന വെല്ലുവിളിയും. ന്യൂബോളില്‍ ഏറ്റവും അപകടകാരിയായ ബൗളറാണ് അക്വിബ്. ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള മികവ്, മൂവ്മെന്റ് സൃഷ്ടിക്കാനുള്ള കഴിവ് എന്നിവയാണ് കരുത്ത്. ഇത്തരം ശൈലിയുള്ള ബൗളര്‍മാര്‍ ഐപിഎല്ലില്‍ തിളങ്ങുന്നത് വര്‍ഷങ്ങളായി നാം കണ്ടിട്ടുള്ളതാണ്.

ദീപക് ചഹര്‍, ഭുവനേശ്വ‍ര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, അര്‍ഷദീപ് സിങ്ങ് എന്നിവരെല്ലാം സമാനമായ ശൈലിയില്‍ ഉയര്‍ന്ന് വന്നവരാണ്. ആവര്‍ത്തിക്കാനായാല്‍ അക്വിബിനായി ഇന്ത്യൻ ക്യാപ് തയാറാകും. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നീ രണ്ട് പേരിലേക്ക് ചുരുങ്ങുന്നതാണ് ഇന്ത്യയുടെ ടെസ്റ്റ് ബൗളിങ് ലൈനപ്പ്. പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, അൻഷുല്‍ കാമ്പോജ് എന്നിവര്‍ക്കൊന്നും ബുമ്രയുടെയോ സിറാജിന്റെയോ ലെവലിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നത് ഇംഗ്ലണ്ട് പര്യടനം തെളിയിച്ചു.

ഒരു പരമ്പരയിലുടനീളെ ഓരേ സ്ഥിരതയോടെയും കായികക്ഷമതയോടെയും പന്തെറിയാൻ സിറാജിന് മാത്രമാണ് സാധിക്കുന്നതും. കുറച്ച് കാലമായി ബുമ്ര ടെസ്റ്റ് പരമ്പരകളിലെ എല്ലാ മത്സരങ്ങളിലും പന്തെടുക്കാറില്ല. ഇവിടെയാണ് അക്വിബിന്റെ പ്രാധാന്യവും. ദൈര്‍ഘ്യമേറിയ രഞ്ജി ട്രോഫിയില്‍ അനായാസം അക്വിബിന് ഇത് സാധിക്കുന്നു. ഒരു സീസണില്‍ മാത്രമല്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. 2024-25 സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകളായിരുന്നു അക്വിബ് നേടിയത്. മൂന്നാം പേസറായി അക്വിബിനോളം മികച്ചൊരു ഓപ്ഷൻ ഇന്ത്യക്ക് മുന്നില്‍ ഇല്ലാ എന്ന് തന്നെ പറയാം.

റെഡ് ബോളില്‍ നിന്ന് വൈറ്റ് ബോളിലേക്ക് എത്തുമ്പോള്‍ അക്വിബിന് തിളങ്ങാനാകുമോയെന്ന ആശങ്കകള്‍ ഉയര്‍ന്നേക്കാം. സെയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ജമ്മു കശ്മീരിനായി കേവലം ഏഴ് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളായിരുന്നു ഇത്തവണ അക്വിബ് നേടിയത്. സ്ട്രൈക്ക് റേറ്റ് 10.7 ആയിരുന്നു. മികച്ച പ്രകടനം 16 റണ്‍സിന് നാല് വിക്കറ്റുകള്‍. ബാറ്റിങ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും അക്വിബിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഡല്‍ഹിക്ക് മുതല്‍ക്കൂട്ടാകുമെന്നതില്‍ ആശങ്കകളില്ല. അതുകൊണ്ട് മികച്ച ഒരു ഐപിഎല്‍ അക്വിബിന്റെ കരിയര്‍ തന്നെ മാറ്റിയെഴുതും.