ഒറ്റയാള്‍ പടയായിരുന്നില്ല! ബെംഗളൂരു എങ്ങനെ ഒരു വിന്നിങ് ടീമായി മാറി?

Published : Jun 04, 2025, 02:31 PM ISTUpdated : Jun 04, 2025, 02:45 PM IST
ഒറ്റയാള്‍ പടയായിരുന്നില്ല! ബെംഗളൂരു എങ്ങനെ ഒരു വിന്നിങ് ടീമായി മാറി?

Synopsis

പതിവുപോലെ കോലിക്ക് ചുറ്റുമായിരുന്നില്ല ബെംഗളൂരു നിലകൊണ്ടത്, കോലിക്കപ്പുറത്തേക്ക് മാനേജ്മെന്റ് ചുവടുവെച്ചു

എത്രയെത്ര വര്‍ഷങ്ങള്‍ കടന്നുപോയി, കുരുന്നായിരിക്കെ ഒപ്പം കൂടിയവര്‍ കൗമാരം താണ്ടി, കൗമാരത്തിലുണ്ടായിരുന്നവര്‍ യവ്വനം കടന്നു, യവ്വനം പിന്നിട്ടവര്‍ കളിയാക്കലുകളുടെ കയത്തിലേക്ക് എറിയപ്പെട്ടു. പരിഹാസങ്ങളുടെ പ്രായം 18 വര്‍ഷമാണ്, കാത്തിരിപ്പിന്റേതും...

ഒടുവില്‍ ആ നാള്‍ ആവരെയും തേടിയെത്തി. കാലത്തിന്റെ കാവ്യനീതിയെന്നവണ്ണം 18-ാം നമ്പറുകാരനൊരുക്കിയ സാമ്രാജ്യത്തിനായി 18-ാം സീസണില്‍ രജത് പാട്ടിദാറും ദിനേശ് കാര്‍ത്തിക്കും ആൻഡി ഫ്ലവറും ചേര്‍ന്നൊരു രസക്കൂട്ടുണ്ടാക്കി. രോഹിതും ധോണിയും ഗംഭീറുമെല്ലാം പലകുറി രുചിച്ച ആ മോഹക്കപ്പില്‍ മുത്തമിടാൻ അയാള്‍ക്കുമായി, അയാള്‍ക്കൊപ്പം അവര്‍ക്കും. 

രാജാവ് കിരീടം അണിഞ്ഞിരിക്കുന്നു, ആരാധകരുടെ കിരീട ദാഹത്തിന് അറുതിയായിരിക്കുന്നു, മൂന്ന് തവണ നിഷേധിക്കപ്പെട്ട ആ നിമിഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടെടുത്തത് കൃത്യമായ കണക്കുകൂട്ടലുകളോടെയായിരുന്നു. മറ്റ് സീസണുകളില്‍ നിന്ന് വിഭിന്നമായി പ്രകടമായ മാറ്റങ്ങള്‍ ബെംഗളൂരുവിന്റെ ടീമില്‍ കാണാനാകും. 

കൃത്യമായ റോളുകള്‍ ഓരോ താരത്തിനുമുണ്ടായിരുന്നു. പോയ സീസണുകള്‍ പരിശോധിക്കുക, വിരാട് കോലി എന്ന പേരിനപ്പുറം, ഒപ്പം, അല്ലെങ്കില്‍ തൊട്ടുപിന്നിലെങ്കിലും കിടപിടിക്കാൻ എത്ര ബാറ്റര്‍മാര്‍ ബെംഗളൂരുവിനുണ്ടായിരുന്നു. ഒരു എബി ഡിവില്ലിയേഴ്സ്, ഫാഫ് ഡുപ്ലെസിസ്, ക്രിസ് ഗെയില്‍...ഇവിടെ ചുരുങ്ങുന്നു ബാറ്റിങ് നിര. 

ഇത്തവണ അങ്ങനെയായിരുന്നില്ല, മാച്ച് വിന്നേഴ്‌സിനാല്‍ സമ്പന്നമായ ഒരുനിരയെ പടുത്തുയര്‍ത്തുകയായിരുന്നു ലക്ഷ്യം. പവര്‍പ്ലേയില്‍ ആധിപത്യം ഉറപ്പിക്കാൻ മുതല്‍ ഫിനിഷ് ചെയ്യാൻ വരെ, ന്യൂബോളില്‍ മാന്ത്രികത പുറത്തെടുക്കാനാകുന്നവര്‍ മുതല്‍ ഡെത്ത് ഓവറുകളില്‍ കരുത്തുകാട്ടുന്നവര്‍ വരെ.

പതിവുപോലെ കോലിക്ക് ചുറ്റുമായിരുന്നില്ല ബെംഗളൂരു നിലകൊണ്ടതും. ഓപ്പണിങ് സ്ലോട്ടിലേക്ക് ഫില്‍ സാള്‍ട്ടെത്തുന്നു. 403 റണ്‍സ്. പകരക്കാരനായി ജേക്കബ് ബെഥല്‍. കോലിക്ക് പിന്നിലായി ദേവദത്ത് പടിക്കല്‍, 150 സ്ട്രൈക്ക് റേറ്റില്‍ 247 റണ്‍സ്. മധ്യനിരയെ കാക്കാൻ രജത് പാട്ടിദാറും ജിതേഷ് ശര്‍മയും. പാട്ടിദാര്‍ നേടിയത് 312 റണ്‍സ്.

ജിതേഷിന്റെ സംഭാവനയെ ലക്നൗവിനെതിരായ അത്ഭുത ഇന്നിങ്സുകൊണ്ട് ചുരുക്കാനാകില്ല. വിക്കറ്റിന് പിന്നില്‍ ജിതേഷ് എത്രത്തോളം നിര്‍ണായകമായിരുന്നുവെന്നത് പല മത്സരങ്ങളും തെളിയിച്ചു. ഫിനിഷര്‍ റോളില്‍ ടിം ഡേവിഡ്. 185 സ്ട്രൈക്ക് റേറ്റില്‍ 187 റണ്‍സാണ് ഡേവിഡ് നേടിയത്. ഏറ്റവും നിര്‍ണായകമായത് മറ്റൊന്നായിരുന്നു.

പ്രോപ്പര്‍ ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യം. കൃണാല്‍ പാണ്ഡ്യയും റൊമാരിയോ ഷെപേര്‍ഡും. കൃണാല്‍ ടീമിലുണ്ടാകണമെന്നതില്‍ കാര്‍ത്തിക്കിനുള്‍പ്പടെ നിര്‍ബന്ധമുണ്ടായിരുന്നു. കിരീടം ഉറപ്പിച്ചത് കൃണാലായിരുന്നു, ശ്രേയസിന്റെ വിക്കറ്റ് നേടിയത് ഷെപേര്‍ഡായിരുന്നു. ഫൈനലില്‍ മാത്രം ചുരുങ്ങാത്തതായിരുന്നു ഇരുവരുടേയും മികവ്. കൃണാല്‍ 109 റണ്‍സും 17 വിക്കറ്റും. ഷെപേര്‍ഡ് 70 റണ്‍സും ആറ് വിക്കറ്റും.  

എക്‌സ് ഫാക്ടറായത്, ജോഷ് ഹേസല്‍വുഡ് എന്ന വലം കയ്യൻ പേസറാണ്. ഹേസല്‍വുഡിനെ ബെംഗളൂരു ടീമിലെടുത്തതിന്റെ പ്രധാന കാരണം ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയുക എന്നതായിരുന്നു. കണ്‍സിസ്റ്റന്റായി 140ന് മുകളില്‍ എറിയില്ലെങ്കിലും ഹേസല്‍വുഡിന്റെ ലെങ്ത് പന്തുകളിലെ കൃത്യതയെ മറികടക്കുക എളുപ്പമല്ല. ടെസ്റ്റ് മാച്ച് ലെങ്തുകളില്‍ ട്വന്റി 20യില്‍ വിക്കറ്റ് വീഴ്ത്തുന്ന റണ്‍ തടയുന്ന താരം.

ക്വാളിഫയര്‍ ഒന്നിലെ സ്പെല്ലുകള്‍ ഉദാഹരിക്കാനാകും ഇവിടെ. രാജസ്ഥാൻ റോയല്‍സിനെതിരായ സീസണിലെ രണ്ടാം മത്സരവും പറയാം. രാജസ്ഥാന് ജയിക്കാൻ രണ്ട് ഓവറില്‍ 18 റണ്‍സ്. 19-ാം ഓവര്‍ എറിയാനെത്തിയ ഹേസല്‍വുഡ് വിട്ടുകൊടുത്തത് ഒരു റണ്‍സ് മാത്രമായിരുന്നു, നേടിയത് രണ്ട് വിക്കറ്റും. അന്നറിഞ്ഞതാണ് ഹേസല്‍വുഡിന്റെ പന്തുകളുടെ മൂല്യം. 22 വിക്കറ്റുകളാണ് നേട്ടം.

ഹേസല്‍വുഡിനൊപ്പം ഭുവനേശ്വര്‍ കുമാറിന്റെ പരിചയസമ്പത്തും യാഷ് ദയാലെന്ന് ഫൈറ്ററുടെ സ്പെല്ലുകളും. ലഭിച്ച അവസരങ്ങള്‍ പൂര്‍ണമായും വിനിയോഗിച്ച സുയാഷ്. 18 വര്‍ഷത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിര, സ്ഥിരതയോടെ പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന ബാറ്റിങ് നിര. വണ്‍ മാൻ ആര്‍മിയില്‍ നിന്ന് ഒരു വിന്നിങ് ടീമായി ബെംഗളൂരു പരിണമിക്കുകയായിരുന്നു.

വിരാട് കോലിക്കായി, ആരാധകര്‍ക്കായ് കിരീടം ഉയര്‍ത്തുമെന്ന് ഉറപ്പിച്ചായിരുന്നു പാട്ടിദാര്‍ സീസണിന് തുടക്കമിട്ടത്. ചെപ്പോക്കും വാംഖഡയും ഒന്നരപതിറ്റാണ്ടിന് ശേഷം കീഴടക്കി, ഈഡനില്‍ ആറ് വര്‍ഷത്തിന് ശേഷം ഉയിര്‍പ്പ്. എവേ മത്സരങ്ങളിലൊരിക്കല്‍പ്പോലും പരാജയത്തിന് വശത്ത് നില്‍ക്കേണ്ടി വന്നില്ല. ബെംഗളൂരു പലതും തിരുത്തി തുടങ്ങിയിരുന്നു...

ഒടുവില്‍, അഹമ്മദാബാദിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ പ്രതീക്ഷ, കാത്തിരിപ്പ്, പരിഹാസത്തിന്റെ നാളുകള്‍, നിരാശ, എല്ലാത്തിനും അസ്തമയം. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഐക്കോണിക്കായ നിമിഷങ്ങളിലൊന്നിനായിരുന്നു അഹമ്മദബാദില്‍ ഉദയമുണ്ടായത്...ഈ സാല കപ് നംദെ എന്ന് പറഞ്ഞ് പതിറ്റാണ്ടുകള്‍ കളിയാക്കിവരോട് പാട്ടിദാര്‍ പറഞ്ഞു, ഈ സാല കപ്പ് നംദു.

PREV
Read more Articles on
click me!

Recommended Stories

നായക കസേരയില്ല, രോഹിത് ശർമ വിന്റേജ് മോഡിലേക്ക് മടങ്ങുമോ?
ഇതുവരെ കാണാത്ത പൃഥ്വിരാജ്| Khalifa Glimpse Reaction| Prithviraj Sukumaran