
ചെപ്പോക്കിന്റെ ഗ്യാലറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മൈതാനത്ത് ഒരു പുതിയ ഇന്നിങ്സിന് കളം ഒരുങ്ങുന്നു. 31-ാം നമ്പര്‍ ജഴ്‌സിയില്‍ റുതുരാജ് ഗെയ്‌ക്ക്വാദ്, ഒപ്പം 11-ാം നമ്പര്‍ ജഴ്‌സിയില്‍ സഞ്ജു സാംസണ്‍. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പുതിയ ഓപ്പണിങ് കൂട്ടുകെട്ട് മൈതാനത്ത് ആദ്യമായി അവതരിച്ച നിമിഷം. വരാനിരിക്കുന്ന ഐപിഎല്‍ ദിനങ്ങളില്‍ ഗ്യാലറികളിലുണ്ടാകാൻ പോകുന്ന ആരവങ്ങള്‍ ആ ശാന്തതയിലും പ്രകടമായിരുന്നു. ഫിയര്‍ലെസ്, അഗ്രസീവ്, ക്ലാസ്. മൂന്നും സമം ചേര്‍ന്ന സഖ്യം. ചെന്നൈയുടെ സീസണിലെ കുതിപ്പിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് റുതു-സഞ്ജു ദ്വയം.
18-ാം പതിപ്പില്‍ പോയിന്റ് പട്ടികയുടെ അടിത്തട്ടിലേക്ക് ധോണിപ്പട പിന്തള്ളപ്പെട്ടതിന്റെ പ്രധാന കാരണം ഓപ്പണിങ് സഖ്യത്തിലെ പരീക്ഷണങ്ങളും പരാജയങ്ങളുമായിരുന്നു. 2025ല്‍ പവര്‍പ്ലേയില്‍ ഏറ്റവും മോശം റണ്‍റേറ്റ്, ഇതായിരുന്നു ചെന്നൈയുടെ അടയാളം. 14 മത്സരങ്ങളില്‍ അഞ്ച് വ്യത്യസ്ത ഓപ്പണിങ് കൂട്ടുകെട്ടുകള്‍. രചിൻ രവീന്ദ്ര - രാഹുല്‍ ത്രിപാഠി. രചിൻ - ഡെവോണ്‍ കോണ്‍വെ. രാഹുലും കോണ്‍വെയും പരാജയപ്പെട്ടതോടെ ഷെയ്ക് റഷീദ് പകരമെത്തി. ശേഷം റഷീദും യുവതാരം ആയുഷ് മാത്രയും. സീസണ്‍ അവസാനിക്കുന്നത് മാത്രെ-കോണ്‍വെ കോമ്പോയില്‍.
ചെന്നൈയുടെ കണ്ടെത്തലായി ആയൂഷ് മാത്രെ മാറിയപ്പോള്‍ മറ്റുള്ളപേരുകളെല്ലാം പരാജയപ്പെടുന്നതിനായിരുന്നു ഐപിഎല്‍ സാക്ഷിയായത്. ഓപ്പണര്‍മാരുടെ മോശം തുടക്കങ്ങള്‍ മധ്യനിരയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയും അത് ബാറ്റിങ് തകര്‍ച്ചയിലേക്ക് നയിക്കുകയുമായിരുന്നു. മറ്റ് ടീമുകളുടെ പവര്‍പ്ലേകളിലെ റണ്‍റേറ്റ് പത്തും താണ്ടിപോകുമ്പോള്‍ എട്ടില്‍പോലും എത്തിയിരുന്നില്ല ചെന്നൈ. റുതുരാജിന് പരുക്കേറ്റ് സീസണിന്റെ പാതി വഴിയില്‍ മാറി നില്‍ക്കേണ്ടി വന്നത് തിരിച്ചടിയുടെ ആക്കം വര്‍ധിപ്പിച്ചു. ധോണി തന്നെ തുറന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ട സാഹചര്യത്തിലേക്ക് വരെ മോശം പ്രകടനങ്ങള്‍ കാരണമായി.
പെരുമ തിരിച്ചുപടിക്കാൻ ആദ്യ തിരുത്തല്‍ വേണ്ടിയിരുന്നത് ഓപ്പണിങ് സഖ്യത്തില്‍ തന്നെയായിരുന്നു. റുതുരാജും സഞ്ജുവുമുള്ളപ്പോള്‍ മറ്റൊരു ചിന്തയിലേക്ക് പോകേണ്ടതുമില്ല. ഇരുവരും ചേരുമ്പോള്‍ ചെന്നൈ ബാറ്റിങ് നിരയ്ക്ക് ലഭിക്കുന്ന സ്റ്റബിലിറ്റി ചെറുതല്ല. 2026 ടി20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തതിന്റെ ആത്മവിശ്വാസത്തിലും അസാധാരണപ്രകടനങ്ങളുടെ തുടര്‍ച്ചയിലുമാണ് സഞ്ജുവെത്തുന്നത്. ലോകകപ്പില്‍ കേവലം അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 321 റണ്‍സ്, അതും 199 സ്ട്രൈക്ക് റേറ്റില്‍.
വിര്‍ച്ച്വല്‍ നോക്കൗട്ടില്‍ വെസ്റ്റ് ഇൻഡീസിനും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനും ഫൈനലില്‍ ന്യൂസിലൻഡിനുമെതിരെ സമാന ശൈലിയിലാണ് സഞ്ജു ബാറ്റ് ചെയ്തത്. സമ്മര്‍ദത്തിന്റെ കണികപോലും അയാളുടെ ബാറ്റിനെ ബാധിക്കുന്നുണ്ടായിരുന്നില്ല. അതും റിസ്ക്കുകളുടെ ഒന്നും സഹായമില്ലാതെ ക്ലീൻ സ്ട്രോക്ക് പ്ലേയിലൂടെ. അതുകൊണ്ട് അഗ്രസീവ് തുടക്കങ്ങള്‍ക്കൊപ്പം സ്ഥിരതയും സഞ്ജുവിന്റെ ശൈലിക്ക് നല്‍കാൻ കഴിയും. ലോങ് ഇന്നിങ്സുകളിലൂടെ ടീമിനെ വിജയത്തിലെത്തിക്കാൻ പോന്ന താരങ്ങളുടെ അഭാവം 2025ല്‍ ചെന്നൈ അനുഭവപ്പെട്ടിരുന്നു, സഞ്ജുവിന്റെ വരവോടെ അതിനും അവസാനമുണ്ടാകുന്നു.
മറുവശത്ത് നില്‍ക്കുന്ന റുതുരാജ് ഗെയ്ക്ക്വാദ്. സഞ്ജുവിനെപ്പോലെ അഗ്രസീവ് ക്രിക്കറ്റിന്റെ ആള്‍രൂപമല്ല റുതുരാജ്. സാങ്കേതികത്തികവാണ് റുതുരാജിന്റെ കരുത്ത്. ഏരിയല്‍ ഷോട്ടുകള്‍ക്ക് തയാറാകാതെ തന്നെ സ്കോര്‍ബോര്‍ഡിനെ ടി20ക്ക് അനുയോജ്യമായി ചലിപ്പിക്കാൻ റുതുരാജിന് കഴിയും. ഇതിഹാസങ്ങളുടെ പടിയിറക്കത്തിന് ശേഷമുള്ള ചെന്നൈയുടെ കാലം പരിശോധിച്ചാല്‍ ഏറ്റവും സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരം കൂടിയാണ് റുതുരാജ്. 2021ല്‍ 635 റണ്‍സ്, 2023ല്‍ 590 റണ്‍സ്, 2024ല്‍ 583 റണ്‍സ് എന്നിങ്ങനെ മൂന്ന് ഹൈ സ്കോറിങ് സീസണുകള്‍ ആറ് വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ ചെന്നൈ നായകനുണ്ട്.
മറ്റൊന്ന് ഇരുവരുടേയും പരിചയസമ്പത്താണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഗെയിം പ്ലാൻ അതിവേഗം ഷിഫ്റ്റ് ചെയ്യാനുള്ള മികവ് രണ്ട് ബാറ്റര്‍മാര്‍ക്കുമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ റുതുരാജിന്റെ വൈഭവം കണ്ടതുമാണല്ലോ. കോലിക്ക് സമാനമായ ശൈലിയിലായിരുന്നു റായ്പൂരിലെ രണ്ടാം ഏകദിനത്തില്‍ റുതുരാജ് ബാറ്റ് ചെയ്തതും. സഞ്ജുവിന്റെ ഇന്നിങ്സുകള്‍ക്ക് ക്രിക്കറ്റ് ലോകം കയ്യടിച്ചിട്ട് അധികനാളുമായിട്ടില്ല. ഇരുവരുടേയും ലീഡര്‍ഷിപ്പ് ക്വാളിറ്റികളും ബാറ്റിങ്ങില്‍ പ്രതിഫലിക്കുമെന്നും പ്രതീക്ഷിക്കാം ആരാധകര്‍ക്ക്.
സഞ്ജുവും റുതുരാജും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നതോടെ 2025ല്‍ പവര്‍പ്ലേ സ്പെഷ്യലിസ്റ്റിന്റെ റോള്‍ വഹിച്ച ആയുഷ് മാത്രെ മധ്യനിരയിലേക്ക് ഇറങ്ങേണ്ടതായി വരും. സഞ്ജു-റുതു നല്‍കുന്ന തുടക്കം പരമാവധി പ്രജോനപ്പെടുത്തുകയായിരിക്കും ആയുഷ് മാത്രയടങ്ങുന്ന മധ്യനിരയുടെ ലക്ഷ്യം. ഒപ്പം ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, സര്‍ഫറാസ് ഖാൻ, ധോണി തുടങ്ങിയ നീണ്ട പട്ടികയും. സഞ്ജു തുടങ്ങി ധോണി ഫിനിഷ് ചെയ്യുന്ന ബാറ്റിങ് യൂണിറ്റ്.