
“അലക്സാണ്ടറിനെ സൂക്ഷിക്കണം. ഹീ ഈസ് എ ഡിഫ്രണ്ട് മാൻ വിത്ത് ഡിഫ്രണ്ട് മൂഡ്സ് ആൻഡ് ടേസ്റ്റ്സ്.” സാമ്രാജ്യത്തിൻ്റെ തുടക്കത്തത്തിൽ മമ്മൂട്ടിയുടെ അലക്സാണ്ടറിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. 1990 ജൂൺ 22നാണ് ജോമോൻ്റെ അരങ്ങേറ്റ ചിത്രമായി സാമ്രാജ്യം തിയേറ്ററുകളിൽ എത്തുന്നത്. സാമ്രാജ്യം ഇന്ന് കാണുമ്പോഴും അറിയാം അതിന്റെ അവതരണത്തില പുതുമ. സ്ക്രീൻ പ്രസൻസ് കൊണ്ട് അക്കാലത്തെ യുവപ്രേക്ഷകരെ കോരിത്തരിപ്പിച്ച മമ്മൂട്ടിയുടെ മോസ്റ്റ് സ്റ്റൈലിഷ് ചിത്രം. സാമ്രാജ്യം തിയേറ്ററുകളിലെത്തി മുപ്പത്തിയഞ്ചാം വർഷത്തിൽ ആണ് അണിയറപ്രവർത്തകർ ചിത്രത്തിൻ്റെ റിറിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐവി ശശി സംവിധാനം ചെയ്ത് 1988ൽ പുറത്തുവന്ന '1921' എന്ന സിനിമയുടെ ഷൂട്ടിങ് മഞ്ചേരിയിൽ നടക്കുകയാണ്. സിനിമയിലെ അഞ്ചാം അസിസ്റ്റൻഡ് ഡയറക്ടറാണ് ജോമോൻ. ഖിലാഫത്ത് ലഹളയിലെ ഒരു രംഗമാണ് ചിത്രീകരിക്കുന്നത്. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ ഒക്കെയുള്ള ശ്രമകരമായ ഒരു സീനാണ് നടന്നുകൊണ്ടിരിക്കുന്നത്. സീനിനിടയിൽ വിശ്രമിക്കാൻ ഒരു മരത്തണലിൽ മമ്മൂട്ടിയിരിക്കുമ്പോഴാണ് ഒരല്പം പരുങ്ങലോടെ ജോമോൻ അവിടേയ്ക്ക് ചെല്ലുന്നത്. ജോമോൻ അവിടെതന്നെ തുടരുന്നത് കണ്ടതോടെ മമ്മൂക്ക, ‘എന്താ, നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ’ എന്നായി. ആ അവസരം ഉപയോഗപ്പെടുത്തി ജോമോൻ കാര്യം അവതരിപ്പിച്ചു. 'മമ്മൂക്കാ എനിക്കൊരു സബ്ജക്റ്റ് പറയണം'. സംവിധാനം ചെയ്യാനുള്ള സമയമായോ എന്നായി മറുചോദ്യം. ഇവിടെ അതിനുള്ള സാഹചര്യം ഇല്ലെന്നും ഗുരുവായൂരിൽ സംവിധായകൻ ജോഷിയുടെ ഒരു സിനിമയുടെ ചിത്രീകരണം ഉണ്ടെന്നും അങ്ങോട്ടേയ്ക്ക് വരാനും മമ്മൂട്ടി ജോമോനോടു പറഞ്ഞു.
ചെറുപ്പം മുതൽ സിനിമാ മോഹിയായ ജോമോൻ അന്നത്തെ സിനിമയുടെ കേന്ദ്രമായ മദ്രാസിലേയ്ക്ക് വണ്ടി കയറുകയായിരുന്നു. ഐ വി ശശിയുടെ സഹായിയായി ആൾക്കൂട്ടത്തിൽ തനിയെ, ഉയരങ്ങളിൽ, അടിയൊഴുക്കുകൾ, 1921 എന്നീ ചിത്രങ്ങളും എസ് അനിൽ കുമാറിൻ്റെ അസോസിയേറ്റ് ആയി ദൗത്യത്തിലും പ്രവർത്തിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകനാകുന്നത്. അത്രകാലം കൊണ്ടുണ്ടാക്കിയ അനുഭവവും മമ്മൂട്ടി കഥകേൾക്കാമെന്ന് സമ്മതിച്ച ആത്മവിശ്വാസവും കൊണ്ട് ജോമോൻ ഗുരുവായൂർ എത്തി മമ്മൂട്ടി താമസിക്കുന്ന ഹോട്ടലിൽ ചെന്നു കഥപറഞ്ഞു. ജോമോൻ പറഞ്ഞ കഥ ഇഷ്ടപ്പെട്ടെങ്കിലും ആകെ ആശയക്കുഴപ്പത്തിലായിരുന്നു മമ്മുട്ടി. തനിക്ക് കഥാപാത്രത്തെ ഇഷ്ടപ്പെട്ടെന്നും എന്നാലതിലൊരു അഭിപ്രായം പറയാനാകുന്നില്ലെന്നുമായിരുന്നു മമ്മൂക്കയുടെ മറുപടി. ജോഷിയെ കഥപറഞ്ഞു കേൾപ്പിച്ച് അദ്ദേഹത്തോട് അഭിപ്രായം ചോദിക്കാം എന്നായി മമ്മൂട്ടി. എലമെൻസ് എല്ലാം കൊള്ളാം, നല്ല സ്ട്രോങ് കഥാപാത്രവുമാണ്, പക്ഷേ പാട്ടോ തമാശയോ ഒന്നുമില്ല.. ഇതെവിടെ ചെന്നെത്തുമെന്ന് തനിക്കും ഒരു ധാരണയില്ലെന്നായി ജോഷി.
പുതുമുഖ സംവിധായകനാണ്, പൂർണ്ണ തൃപ്തിയുമായിട്ടില്ല. നിസ്സാരമായി നോ പറയാമായിരുന്നു മമ്മൂട്ടിക്ക്. പക്ഷേ, ഒരുപാട് ആലോചിച്ച ശേഷം സ്ക്രിപ്റ്റ് എഴുതി വരാനായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഷിബു ചക്രവർത്തിയും ജോമോനും കൂടിയിരുന്ന് സാമ്രാജ്യത്തിൻ്റെ തിരക്കഥ പൂർത്തിയാക്കി. അങ്ങനെ അവസാനം സാമ്രാജ്യം ഓൺ ആയി. പാട്ടിലും ആക്ഷൻ രംഗങ്ങളിലും മാത്രം മലയാള സിനിമ പയറ്റിയിരുന്ന സ്ലോമോഷൻ ടെക്നിക് മുഴുനീള സിനിമയിൽ ജോമോൻ പരീക്ഷിച്ചു. ടെക്നീഷ്യന്മാർക്കെല്ലാം ഇതാദ്യം ആശങ്കയായിരുന്നു. മധുവിനും മമ്മൂട്ടിക്കും എല്ലാം ഇതേ സംശയം ഉണ്ടായിരുന്നു. സംശയമുണ്ടെങ്കിൽ എഡിറ്റ് ചെയ്ത് കാണാം എന്നായി ജോമോൻ. അക്കാലത്ത് സ്പോട്ട് എഡിറ്റ് ഒന്നുമില്ലല്ലോ, ഒരുഭാഗം പ്രിൻ്റ് ചെയ്ത് എഡിറ്റ് ചെയ്ത് കണ്ടപ്പോൾ മമ്മൂക്കയ്ക്ക് കാര്യം ബോധ്യമായി. സ്ലോമോഷൻ കഥാപാത്രത്തിനു നൽകുന്ന സ്റ്റൈലും സീനിനു നൽകുന്ന എലവേഷനും കണ്ട മമ്മൂക്ക ധൈര്യമായി ബാക്കി നോക്കിക്കോളാൻ ജോമോനോട് പറഞ്ഞു.
മമ്മൂട്ടി, ശ്രീവിദ്യ, മധു, ക്യാപ്റ്റൻ രാജു അങ്ങനെ മൂന്നോ നാലോ കഥാപാത്രങ്ങളേ സിനിമയിൽ പ്രാധാന്യത്തോടെയുള്ളൂ. അധോലോക ആക്ഷൻ ചിത്രങ്ങളുടെ ടെംപ്ലേറ്റ് പൊളിക്കുക ഒപ്പം ചുരുങ്ങിയ കഥാപാത്രങ്ങളെ വച്ച് ഒരു സൂപ്പർതാര ചിത്രമൊരുക്കുക, രണ്ടും ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. അതുകൊണ്ടു തന്നെ ആക്ഷനിൽ ശ്രദ്ധകൊടുക്കുന്നതിനു പകരം ഇമോഷനിൽ പിടിക്കുകയായിരുന്നു മെത്തേഡ്. വൈകാരികമായ കഥാപശ്ചാത്തലത്തിൽ മുന്നോട്ടു പോകുന്ന കഥയ്ക്ക് പിന്നിൽ മാത്രമാണ് ആക്ഷൻ എന്ന എലമെൻ്റിനെ സംവിധായകനും തിരക്കഥാകൃത്തും പ്ലേസ് ചെയ്തത്. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിനു പുറത്താണ് അലക്സാണ്ടർ എന്ന മമ്മൂട്ടി കഥാപാത്രത്തിൻ്റെ നിലനിൽപ്പ്.
ഇളയരാജയുടെ പശ്ചാത്തല സംഗീതം അലക്സാണ്ടറിൻ്റെ മാസ് അപ്പീലിനും സിനിമയുടെ വൈകാരിക നിമിഷങ്ങൾക്കും കരുത്തായി. അളന്നും തൂക്കിയും സംസാരിക്കുന്ന മിതഭാഷിയാണ് അലക്‌സാണ്ടർ. ആക്ഷനിലും വൈകാരിക രംഗങ്ങളിലുമെല്ലാം അതേ മിതത്വമാണ് മമ്മൂട്ടിയുടെ പ്രകടനങ്ങളിൽ. സിനിമയുടെ അവസാനം നായകനായ അലക്സാണ്ടർ പിന്നിൽ നിന്നു വെടികൊണ്ട് മരിക്കുകയാണ്. എന്നാൽ ജൂനിയർ അലക്സാണ്ടർ കാറിൽ കയറുന്ന രംഗത്തിന് നിലയ്ക്കാത്ത കൈയ്യടിയായിരുന്നു തിയേറ്ററുകളിൽ.
സാമ്രാജ്യം കണ്ട് അമിതാഭ് ബച്ചൻ ജോമോനെ ബോംബെയിലേയ്ക്ക് വിളിപ്പിച്ച് അഭിനന്ദിച്ചു. കേവലം 24 വയസുമാത്രമുണ്ടായിരുന്ന കാണാൻ നന്നേ ചെറിയൊരാളായിരുന്ന ജോമോനെ ബച്ചൻ ആദ്യം തിരിച്ചറിഞ്ഞില്ല. തമിഴിൽ സുരേഷ് കൃഷ്ണ രജനികാന്തിൻ്റെ ബാഷ ഒരുക്കുന്നതിനു പോലും ഇൻസ്പിരേഷനായി പിന്നീട് സാമ്രാജ്യം. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ചിത്രത്തിൻ്റെ ഡബ്ബിങ് പതിപ്പ് പ്രദർശനത്തിനെത്തി. ചിരഞ്ജീവി പടത്തിനൊപ്പം ഗ്യാപ്പ് കളിച്ചിരുന്ന സാമ്രാജ്യം രണ്ടാം ആഴ്ചയൊടെ മുന്നേറാൻ തുടങ്ങി, തെലുങ്കിൽ നാനൂറ് ദിവസത്തിനു മുകളിൽ പ്രദർശിപ്പിച്ച് സൂപ്പർഹിറ്റായി.
സെപ്റ്റംബർ മാസത്തിലാണ് സാമ്രാജ്യത്തിൻ്റെ റീറിലീസ്. ചിത്രത്തിൻ്റെ 4K ഡോള്‍ബി അറ്റ്‌മോസ് പതിപ്പ് ആരിഫ റിലീസ് ആണ് വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടിയുടെ ഐക്കണിക് ഗ്യാങ്സ്റ്റർ കഥാപാത്രത്തെ തിയേറ്ററിൽ കാണാൻ മലയാളത്തിന് വീണ്ടും ഒരു അവസരം!