
കേരളക്കരയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അൻപത്തി ഒന്ന് വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളാണ് മമ്മൂട്ടി ജനങ്ങൾക്ക് സമ്മാനിച്ചത്. ഇന്നും പ്രായഭേദമെന്യെ ഓരോരുത്തരെയും അമ്പരപ്പിച്ചു കൊണ്ടേയിരിക്കുന്ന താരത്തെ കുറിച്ചുള്ളൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടന്റെ പിആർഒയും മമ്മൂട്ടി ഷെയർ & കെയർ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബർട്ട് കുര്യാക്കോസിന്റേത് ആണ് പോസ്റ്റ്. മമ്മൂട്ടി ഇട്ട ഒരു ഷർട്ട് തനിക്ക് ഇഷ്ടമായെന്നും അത് മനസ്സിലാക്കിയ താരം ചെയ്ത കാര്യവുമാണ് റോബർട്ട് കുര്യാക്കോസ് പറയുന്നത്.
'മമ്മൂക്ക ഇട്ട ഷർട്ട് ഇട്ട് ഒരു ഫോട്ടോ! ചങ്കുപറിച്ചുതന്നില്ലെങ്കിലും അനേകം പേരുടെ ചങ്കിടിപ്പായ ആ ചങ്കിനോട് ഒട്ടിക്കിടന്ന ഈ ഷർട്ട് മമ്മൂക്ക എനിക്ക് സമ്മാനിച്ചതാണ്. എനിക്ക് എന്നും അലക്കിത്തേച്ച് ഇസ്തിരിയിട്ടു വയ്ക്കാൻ ഒരു ഓർമ. ഒരു ദിവസം രാവിലെ ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല. കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു. അല്പം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ഇട്ടിരിക്കുന്നത് വേറൊരു ഷർട്ട്. വൈകുന്നേരം എൻ്റെ കൈയിലേക്ക് ഗിഫ്റ്റ് ബാഗിൽ പൊതിഞ്ഞ് രാവിലെ തന്നെ കൊതിപ്പിച്ച ഷർട്ട്. ആ ഷർട്ടാണ് ഈ ഷർട്ട്!!', എന്നാണ് റോബർട്ട് കുറിച്ചത്.
അതേസമയം, 'കണ്ണൂര്‍ സ്‍ക്വാഡ്' ആണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുക ആണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. കാതല്‍ ആണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്ന്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക ആണ് നായികയായി എത്തുന്നത്. അഖില്‍ അക്കിനേനി നായകനാകുന്ന ഏജന്‍റ് എന്ന തെലുങ്ക് ചിത്രവും മമ്മൂട്ടിയുടേതായി റിലീസിന് എത്തുന്നുണ്ട്.
ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി-ഷൈൻ കോമ്പോ ? ഡിനോ ഡെന്നിസ് ചിത്രം ഏപ്രിലിൽ