വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി: 30 കോടി രൂപ ലൈക്കയ്ക്ക് നൽകണമെന്ന് ഉത്തരവ്

Published : Jun 10, 2025, 09:20 PM IST
Actor Vishal

Synopsis

നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി നേരിട്ടു. 2016-ൽ എടുത്ത വായ്പയുമായി ബന്ധപ്പെട്ട് 30.05 കോടി രൂപ ലൈക്ക പ്രൊഡക്ഷൻസിന് തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു.

ചെന്നൈ: തമിഴ് സിനിമാ നടനും നിർമാതാവുമായ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിന്‍റെ നിർമാണത്തിനായി ഗോപുരം ഫിലിംസിന്‍റെ അൻപു ചെഴിയനിൽ നിന്ന് 21.29 കോടി രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ, 30% പലിശയോടു കൂടി 30.05 കോടി രൂപ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന് തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു.

2019-ൽ വിശാൽ ലൈക്ക പ്രൊഡക്ഷൻസുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. അതനുസരിച്ച് അൻപു ചെഴിയന്‍റെ വായ്പ ലൈക്ക ഏറ്റെടുത്തു. വിശാലിന്റെ നിർമാണ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിയുടെ ഭാവി ചിത്രങ്ങളുടെ അവകാശങ്ങൾ വായ്പ തീർക്കുന്നതുവരെ ലൈക്കയ്ക്ക് നൽകാമെന്ന് ധാരണയായിരുന്നു ഇത്. എന്നാൽ, വിശാൽ ഈ കരാർ ലംഘിച്ച് ‘വീരമേ വാഗൈ സൂടും’ എന്ന ചിത്രത്തിന്റെ അവകാശങ്ങൾ മറ്റൊരു കമ്പനിക്ക് വിറ്റതായി ലൈക്ക ആരോപിച്ചു. ഇതിനെ തുടർന്നാണ് 2021-ൽ ലൈക്ക പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

കോടതി നടപടികളുടെ തുടക്കത്തിൽ, വിശാലിനോട് 15 കോടി രൂപ സെക്യൂരിറ്റിയായി നിക്ഷേപിക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, വിശാൽ തന്റെ ആസ്തി വിവരങ്ങൾ സമർപ്പിക്കുന്നതിലും കോടതി നിർദേശങ്ങൾ പാലിക്കുന്നതിലും വീഴ്ച വരുത്തി. കൂടാതെ, തന്‍റെ കൈയ്യില്‍ പണമില്ലെന്ന് വിശാൽ വാദിച്ചു. അതേ ദിവസം മറ്റൊരു നിർമാണ കമ്പനിയിൽ നിന്ന് 1 കോടി രൂപ സ്വീകരിച്ചതായി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു.

തുടര്‍ന്ന് വിശാലിന്‍റെ നിസഹരണത്തെ കോടതി ശക്തമായി വിമർശിച്ചു. അതേ സമയം വിശാൽ, 30% പലിശനിരക്ക് അന്യായമാണെന്നും തമിഴ്‌നാട് പലിശ നിരോധന നിയമം 2003-ന്റെ ലംഘനമാണെന്നും വാദിച്ചെങ്കിലും, കോടതി ഈ വാദം തള്ളി. വൻതുകകൾ വായ്പ എടുക്കുന്നവർക്ക് ഈ നിയമം ബാധകമല്ലെന്നും വിശാൽ 30% പലിശ നൽകാൻ കരാറിൽ ഒപ്പിട്ടതിനാൽ അത് നിയമപരമായി ബാധ്യതയുള്ളതാണെന്നും കോടതി വ്യക്തമാക്കി.

നടന്‍റെ കേസിലെ പെരുമാറ്റം "ഒഴിഞ്ഞുമാറുന്നതും" "നീതിയോട് അനുസരണക്കേട് കാണിക്കുന്നതും" ആണെന്ന് വിമർശിച്ച ജസ്റ്റിസ് പി.ടി. ആശ, വിശാൽ നൽകിയ 2.6 കോടി രൂപ അന്തിമ തുകയിൽ ക്രമീകരിക്കുമെന്നും ലൈക്കയുടെ കോടതി ചെലവുകൾ വഹിക്കാനും വിശാലിനോട് നിർദേശിച്ചു.

ഈ വിധി തമിഴ് സിനിമാ വ്യവസായത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. വിശാൽ നടന്മാരുടെ സംഘടനയായ നടികര്‍ സംഘം ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നതിനാലാണ് ഇത്. അടുത്തിടെയാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം വിശാല്‍ വെളിപ്പെടുത്തിയത്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത