
പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി വളർന്ന നടിയാണ് മാളവിക മോഹനൻ. നിലവിൽ ഹൃദയപൂർവ്വം ആണ് മലയാളത്തിൽ മാളവികയുടേതായി റിലീസിന് ഒരുങ്ങുന്നത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സത്യൻ അന്തിക്കാട് ആണ്. രാജാസാബ് എന്ന പ്രഭാസ് ചിത്രവും മാളവികയുടേതായി വരാനിരിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക മോഹനൻ, ആരാധകരുമായി പലപ്പോഴും സംവദിക്കാറുണ്ട്. അത്തരത്തിലൊരു ചോദ്യവും അതിന് മാളവിക നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും 'പൂക്കി ലാൽ' എന്ന വാക്ക്.
ഹൃദയപൂർവ്വത്തിൽ മോഹൻലാലിനൊപ്പം വർക്ക് ചെയ്തത് എങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന്, "അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ടു വളർന്ന ആളാണ് ഞാനും. ആ താരത്തോടൊപ്പം സ്‌ക്രീൻ പങ്കിടുന്നത് എന്നെ സംബന്ധിച്ച് അത്ഭുതകരമായിരുന്നു. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് ഏറെ മധുരകരമായ ഓർമയാണ്. ഞാൻ അദ്ദേഹത്തെ സ്നേഹപൂർവ്വം 'പൂക്കി' ലാൽ എന്ന് വിളിക്കും", എന്നാണ് മാളവിക മറുപടി നൽകിയത്.
എന്താണ് ഈ പൂക്കി ലാൽ എന്ന് ചോദിച്ചാണ് ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്. ചിലർ അത് ഹൃദയപൂർവ്വത്തിലെ സീക്രട്ട് ആയിരിക്കും എന്ന് പയുമ്പോൾ, പൂക്കി എന്നാകും മാളവികയുടെ കഥാപാത്രം മോഹൻലാലിനെ ചിത്രത്തിൽ വിളിക്കുന്നത് എന്ന് മറ്റു ചിലരും പറയുന്നു. സ്നേഹത്തോടെ മറ്റൊരാളെ വിളിക്കുന്നതിനാണ് പൂക്കി എന്ന വാക്ക് ഉപയോഗിക്കാറുള്ളത്. ഭംഗിയുള്ളതോ മനോഹരമോ ആയ എന്തെങ്കിലും വിവരിക്കാനും ഈ വാക്ക് ഉപയോഗിക്കാറുണ്ടെന്നും കമന്റുകൾ വരുന്നുണ്ട്. തേൻ, സ്വീറ്റ്ഹാർട്ട്, ഡാർലിംഗ് എന്നതിന് സമാനമായ വാത്സല്യമുള്ള വിളിപ്പേരാണ് പൂക്കി.