
ബിജു മേനോനും സംയുക്ത വർമയും നായികാ നായകൻമാരായി അഭിനയിച്ച മേഘമൽഹാറിലെ ഒരു നറുപുഷ്പമായ് എന്ന ഗാനം റീക്രിയേറ്റ് ചെയ്ത് മിനിസ്ക്രീൻ താരം സ്വപ്ന ട്രീസ. ഇൻസ്റ്റഗ്രാം റീലിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്. ബിജു മേനോന്റെ സംഭാഷണത്തോടെയാണ് റീൽ തുടങ്ങുന്നത്. മനോഹരമായി വിഷ്വലൈസ് ചെയ്തിരിക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പെട്ടെന്ന് സംയുക്ത വർമയാണോ ഇതെന്ന് തോന്നിപ്പോയെന്നും സംയുക്തയോട് സാമ്യമുള്ള മുഖമാണെന്നും വീഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്യുന്നുണ്ട്. മുൻപും സ്വപ്നയുടെ വീഡിയോകൾക്കും ഫോട്ടോകൾക്കും താഴെ സംയുക്താ വർമയോട് സാമ്യം തോന്നുന്നു എന്ന തരത്തിലുള്ള കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. സ്വപ്ന തന്നെ ചില അഭിമുഖങ്ങളിൽ ഇതേക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. പലരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ചില ആംഗിളുകളിലും ഫോട്ടോകളിലുമാകാം ഈ സാമ്യം തോന്നുന്നത് എന്നുമാണ് സ്വപ്ന ഇതേക്കുറിച്ച് പ്രതികരിച്ചത്. നേരിട്ട് അങ്ങനെയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും സ്വപ്ന പറഞ്ഞിരുന്നു.
അഭിനേതാക്കളായ രേവതി, ചിപ്പി എന്നിവരോടും തന്റെ മുഖത്തിന് സാമ്യത ഉണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ചുരുക്കത്തിൽ പറഞ്ഞാൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഇല്ലെന്ന് ചിലർ തമാശയായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന മുൻപ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മന്ദാരം എന്ന സീരിയലിലൂടെയാണ് സ്വപ്ന ട്രീസ അഭിനയരംഗത്തേക്ക് എത്തുന്നത്. അതിനു മുൻപ് മോഡലിംഗിലും താരം സജീവമായിരുന്നു. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ജ്വാലയായ് സീരിയലിലൂടെയാണ് സ്വപ്ന ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് മാനസ് സേവ്യറിന് സോഫ്റ്റ് വെയർ ബിസിനസാണ്. ഒരു മകളുണ്ട്. കുടുംബം മസ്കറ്റിൽ സെറ്റിൽഡാണെന്നും അഭിനയത്തിനിടയ്ക്കുള്ള ഇടവേളകളിൽ താൻ മസ്കറ്റിൽ പോയി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാറാണ് പതിവെന്നും സ്വപ്ന പറഞ്ഞിരുന്നു.
ALSO READ : 'ദ സീക്രട്ട് ഓഫ് വിമെന്‍' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു