തൃശ്ശൂരിലെ ഒരു പരിപാടിക്ക് ശേഷം വസ്ത്രധാരണത്തിന്റെ പേരിൽ വനിതാ ഡിജെ സന കടുത്ത സൈബർ ആക്രമണം നേരിടുകയാണ്. നിരന്തരമായ ബോഡി ഷെയ്മിങ്ങും ഭീഷണിയും ജീവഭയമുണ്ടാക്കുന്നതാണെന്നും ഇത് മാനസികാരോഗ്യത്തെ ബാധിക്കുമെന്നും സന പ്രതികരിച്ചു.

കേരളത്തിലെ ഏറെ ശ്രദ്ധേയയായ വനിത ഡിജെകളിൽ ഒരാളാണ് ‍സന. കൊച്ചി സ്വദേശിനിയായ ഷഹനയാണ് പിന്നീട് ഡിജെ സന എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. കേരളത്തിൽ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലിം രാജ്യങ്ങളിലും ഷോ അവതരിപ്പിക്കാൻ പോകുന്ന സനയുടെ വീഡിയോകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങളും സനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രണ്ട് ദിവസം മുന്‍പ് തൃശ്ശൂരിൽ നടന്ന പരിപാടിയ്ക്ക് പിന്നാലെ മുൻപെങ്ങും ഇല്ലാത്ത തരത്തിലുള്ള സൈബറാക്രമണങ്ങൾക്കാണ് സന പാത്രമായത്. ബോഡി ഷെയ്മിങ്ങിനൊപ്പം വസ്ത്ര ധാരണത്തിനെതിരെയും വൻ വിമർശനങ്ങൾ ഉയർന്നു.

നിരവധി പേരാണ് റിയാക്ഷൻ വീഡിയോകളുമായി രം​ഗത്ത് എത്തിയത്. സ്ത്രീകൾ അടക്കമുള്ളവരാണ് സനയ്ക്ക് എതിരെ രം​ഗത്ത് എത്തിയത്. ഇപ്പോഴിതാ സൈബറാക്രമണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന. ഒരു റിയാക്ഷൻ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് കൊണ്ടാണ് സനയുടെ പ്രതികരണം. സബീൽ ബില്ലു എന്നയാളുടെ പോസ്റ്റിന് താഴെയാണ് കമന്റ്. 'സ്ത്രീകൾ ഈ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയൂ', എന്നായിരുന്നു സബീലിന്റെ ക്യാപ്ഷൻ.

ഇത് വേദനയ്ക്കും അപ്പുറമായ കാര്യമാണെന്നും ബോഡി ഷെയ്മിങും പരിഹാസങ്ങളും ജീവഭയമുണ്ടാക്കുന്നതാണ് എന്നുമാണ് സന കുറിച്ചിരിക്കുന്നത്. "ഇത് കേവലം വേദന മാത്രമല്ല. അതിനും അപ്പുറമാണ്. ഇത് നിരന്തരമായ ഉപദ്രവവും ഭീഷണിപ്പെടുത്തലും ബോഡി ഷെയ്മിങ്ങുമാണ്. ഒരു സ്ത്രീയുടെ വസ്തുനിഷ്ഠതയും. ഇത്തരം പ്രവർത്തികൾ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. ഈ ലോകത്തോട് വിട പറയണമെന്ന ചിന്തകളിലേക്ക് അവരെ തള്ളിവിടുകയാണ് ചെയ്യുന്നത്. ഫലത്തിൽ, അത് സ്വയം ഉപദ്രവിക്കുന്നതിനോ ആത്മഹത്യ ചെയ്യുന്നതിനോ പ്രേരിപ്പിക്കുന്നത് തുല്യമാണ്", എന്നാണ് സന കമന്റിൽ കുറിച്ചിരിക്കുന്നത്. പിന്നാലെ പലരും പരിഹാസവുമായി എത്തിയെങ്കിലും ഇതൊന്നും കാര്യമാക്കേണ്ടെന്നും മുന്നോട്ട് പോകൂവെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നവരും ധാരാളമാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming