'30 വർഷം ഒന്നിച്ചു ജീവിച്ചു, വാപ്പ വേറെ വിവാഹം കഴിച്ചതിന്റെ പേരിൽ ഉമ്മ തകർന്നുപോകില്ല': അനാർക്കലി

By Web TeamFirst Published Jun 11, 2021, 3:26 PM IST
Highlights

പണ്ട് കുട്ടിക്കാലത്ത് പറയാറുണ്ട്, വാപ്പ ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന്. അത് ശരിക്കും സംഭവിച്ചു.
എന്റെ ഉമ്മയ്ക്ക് ഇക്കാര്യത്തിൽ യാതൊരു വിഷമവുമില്ലെന്നും അനാര്‍ക്കലി പറയുന്നു. 

ളരെ കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. 'ആനന്ദ'ത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി 'ഉയരെ'യിലൂടെ ഏറെ ശ്രദ്ധ നേടുകയുണ്ടായി. സോഷ്യൽ മീഡിയയിൽ സജീവമായ അനാർക്കലി തന്റെ കുടുംബത്തിലെ സന്തോഷ വാർത്ത ആരാധകരുമായി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. പിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിയാസ് മരക്കാരുടെ പുനർവിവാഹ വിശേഷമായിരുന്നു അത്. ഇപ്പോഴിതാ വാപ്പ വേറെ വിവാഹം കഴിച്ചതിന്റെ പേരിൽ തന്‍റെ ഉമ്മ തകർന്നുപോകില്ലെന്നും തങ്ങള്‍ സന്തോഷത്തിലാണെന്നും പറയുകയാണ് അനാര്‍ക്കലി. 

അനാർക്കലിയുടെ വാക്കുകൾ

ഞാൻ ഇന്നലെ സമൂഹമാധ്യമത്തില്‍ ഒരു സ്റ്റോറി പങ്കുവച്ചിരുന്നു. എന്റെ വാപ്പയുടെ വിവാഹം. അതുകഴിഞ്ഞ് ഒരുപാട് പേർ ഇക്കാര്യം ചർച്ച ചെയ്തു. ഇതൊരു സാധാരണകാര്യമായാണ് എനിക്ക് തോന്നിയത്. ഞാൻ സന്തോഷവതിയാണ്. കുറേപേർ എന്നോട് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഞാൻ ഇതിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നില്ല. എന്റെ മാതാപിതാക്കൾക്ക് എന്ത് സംഭവിച്ചുവെന്നും പറഞ്ഞിരുന്നില്ല. 

എന്റെ ഉമ്മയും വാപ്പയും ഒരുവർഷമായി പിരിഞ്ഞു താമസിക്കുകയാണ്. 30 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് അവർ പിരിഞ്ഞത്. കഴിഞ്ഞ ഒരുവർഷമായി വാപ്പ ഒറ്റയ്ക്കാണ്. വാപ്പയെ ഇനിയിമൊരു വിവാഹം കഴിപ്പിക്കണം എന്ന് ഞാനും ചേച്ചിയും ചിന്തിച്ചിരുന്നു.

അവസാനം വാപ്പ തന്നെ ഒരാളെ കണ്ടെത്തി. അതാണ് സംഭവിച്ചത്. നിയമപരമായി വിവാഹമോചിതനായതിനു ശേഷമാണ് വാപ്പ വേറെ വിവാഹം കഴിച്ചത്. ഇതിൽ പ്രധാനകാര്യമെന്തെന്നുവച്ചാൽ ഈ വാർത്ത വന്നശേഷം എന്റെ ഉമ്മയെ വിളിച്ച് കുറേപേർ ആശ്വസിപ്പിക്കാൻ നോക്കി. ബന്ധുക്കൾക്കിടയിൽ ചെറിയ അസ്വസ്ഥതകളുണ്ട്. ഞാൻ ഉമ്മായെ പിരിഞ്ഞു പോയി എന്ന തരത്തിലാണ് അവരൊക്കെ സംസാരിക്കുന്നത്. 

അവരോട് എനിക്ക് ഇതാണ് പറയാനുള്ളത്. എന്റെ അമ്മയെ നിങ്ങൾ കുറേപേർ തെറ്റിദ്ധരിച്ചിട്ടുണ്ട്. സൂപ്പർ കൂൾ അമ്മയാണ് അവർ. വാപ്പ വേറെ വിവാഹം കഴിച്ചു എന്ന പേരിൽ ഉമ്മ തകർന്നുപോകില്ല. ഡിവോർസ് ആകാൻ ഉമ്മയ്ക്ക് ഉമ്മയുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം സന്തോഷത്തോടെ തന്നെ ഉമ്മ മുന്നോട്ടു കൊണ്ടുപോകുന്നു. വാപ്പയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയിട്ടാണ് അദ്ദേഹം വേറൊരാളെ കണ്ടെത്തിയത്. അത് ഓരോരുത്തരുടെ ചോയ്സ് ആണ്.

എനിക്ക് ഓർമ വരുന്ന കാലം മുതൽ ഉമ്മ വളരെ തുറന്നു ചിന്തിക്കുന്ന ആളാണ്. ആ ലാളനയുടെയും ശിക്ഷണത്തിന്റെയും ഫലമായാണ് ഞങ്ങൾ ഇന്നലെ ആ ചടങ്ങ് കൂടിയത്. ഞങ്ങൾക്ക് അതൊരു സാധാരണ കാര്യമായിരുന്നു. കാരണം വാപ്പ ഒറ്റയ്ക്കാണ്. വാപ്പയ്ക്കൊരു കൂട്ട് വേണമായിരുന്നു. കൊച്ചുമ്മയെ വളരെ സന്തോഷ പൂർവ്വമാണ് ഞങ്ങൾ സ്വീകരിച്ചത്.

വാപ്പ വേറെ വിവാഹം കഴിക്കരുത്, വേറൊരു സ്ത്രീ വരരുത്, എന്നൊക്കെ ചിന്തിക്കുന്നത് സെൽഫിഷ് ആയ കാര്യമാണ്. നമ്മുടെ അച്ഛനെ ഇഷ്ടപ്പെടുന്നില്ലാത്തതു കൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്. പുതിയ ഒരാൾ നമ്മുടെ കുടുംബത്തിലേയ്ക്ക് വരുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. ഇക്കാര്യത്തിൽ മക്കളുടെ അഭിപ്രായം പോലും എടുക്കരുതെന്നേ ഞാൻ പറയൂ. നമുക്ക് ചെയ്യാൻ പറ്റുന്നത് വാപ്പയെ സന്തോഷിപ്പിക്കുക, ചടങ്ങിന് അദ്ദേഹത്തിന്റെ കൂടെ പോകുക എന്നതൊക്കെയാണ്. 

പണ്ട് കുട്ടിക്കാലത്ത് പറയാറുണ്ട്, വാപ്പ ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന്. അത് ശരിക്കും സംഭവിച്ചു.
എന്റെ ഉമ്മയ്ക്ക് ഇക്കാര്യത്തിൽ യാതൊരു വിഷമവുമില്ല. വാപ്പ വേറെ വിവാഹം കഴിക്കണമെന്നു തന്നെയായിരുന്നു ഉമ്മയുടെയും ആഗ്രഹം. 30 വർഷം ഒരുമിച്ച് ജീവിച്ചതിന്റെ സ്നേഹം ഉമ്മയ്ക്ക് വാപ്പയോട് എന്നും ഉണ്ട്. വാപ്പ ജീവിതം ഒറ്റയ്ക്ക് കൊണ്ടുപോകരുത് എന്ന ആഗ്രഹം ഉമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ഉമ്മയെ വിളിച്ച് ആരും വിഷമിക്കണ്ടാ എന്നൊന്നും പറയണ്ടാ. ഇനി എപ്പോഴെങ്കിലും ഉമ്മയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയാൽ വിവാഹം കഴിക്കും. ഉമ്മ സന്തോഷവതിയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!