'ഏറെ നേരം കാത്തുനിന്നിട്ടും ചിരിയായിരുന്നു ആ മുഖത്ത്'; മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പറഞ്ഞ് സംവിധായകന്‍

By Web TeamFirst Published Aug 5, 2019, 5:29 PM IST
Highlights

ഞാന്‍ കാര്‍ നിര്‍ത്തി ചാടി ഇറങ്ങി. മുണ്ടും ജുബ്ബയും ഇട്ട് എന്നെയും നോക്കി മുന്നില്‍ തന്നെ നില്‍ക്കുന്ന ലാല്‍സാര്‍ ഒരു വശത്ത്. പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ലാല്‍സാറിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റൊരുവശത്ത്.

മോഹന്‍ലാല്‍ സമ്മാനിച്ച മറക്കാനാവാത്ത ഒരു ദിവസത്തെക്കുറിച്ച് പറയുകയാണ് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. റെഡ് എഫ്എമ്മിന്റെ ഷൂട്ടിനുവേണ്ടി മോഹന്‍ലാലിന്റെ വീട്ടിലേക്ക് പുറപ്പെട്ട് ഗതാഗതക്കുരുക്കില്‍ പെട്ടുപോയ അനുഭവമാണ് അനീഷ് പറയുന്നത്. പറഞ്ഞതിലും വൈകി എത്തിയിട്ടും അലോസരമൊന്നും കാട്ടാതെ സഹകരിച്ച മോഹന്‍ലാലിനെക്കുറിച്ചും അനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

അനീഷ് ഉപാസന പറയുന്ന മോഹന്‍ലാല്‍ അനുഭവം

രണ്ട് കിളികള്‍ ഒന്നിച്ചുപോയ ദിവസം... 

RED FM ന് വേണ്ടിയായിരുന്നു ഇന്ന് ഞാന്‍ ലാല്‍സാറിന്‍റെ വീട്ടിലെത്തിയത്.
അമ്മയുടെ പിറന്നാള്‍ ദിവസമായിരുന്നിട്ടുപോലും ലാല്‍സാര്‍ RED FM ന് ഷൂട്ട് ചെയ്യാനുള്ള സമയം മാറ്റിവെച്ചിരുന്നു.
കാലത്ത് പ്ലാന്‍ ചെയ്ത ഷൂട്ട് ചില അസൗകര്യങ്ങള്‍ കാരണം ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റിയിരുന്നു.
ഒരു 11.30 ആയപ്പോള്‍ ഞാന്‍ കലൂരില്‍ നിന്നും ഇളമക്കരയിലേക്കു പുറപ്പെട്ടു. (അടുത്തായതുകൊണ്ട്)
എന്‍റെ കഷ്ടകാലത്തിന് ലാല്‍സാര്‍ 11.30ക്ക് തന്നേ റെഡി ആയി.
അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച ഞാന്‍ കാണുന്നത്. റോഡിന് കുറുകെ ഒരു വണ്ടി അനങ്ങാതെ കിടക്കുന്നു. ഒടുക്കത്തെ ബ്ലോക്കും പൊരിഞ്ഞമഴയും! 
കാറുകള്‍ പലവഴിക്ക് തിരിഞ്ഞു പോകുന്നു. ഞാനും ഒരു വഴിക്കു വണ്ടി തിരിച്ചു.
അതെന്‍റെ പെരുവഴിയായിരുന്നെന്ന് ഞാന്‍ മനസിലാക്കിയില്ല. സമയം പോവാന്‍ തുടങ്ങി.
എന്‍റെ സഹപ്രവര്‍ത്തകര്‍ എന്നേ വിളിച്ചുകൊണ്ടേയിരിക്കുന്നു.
വേഗം വാ ചേട്ടാ... ലാല്‍സാര്‍ റെഡി ആയി പുറത്തിറങ്ങി നില്‍ക്കുന്നുണ്ട്. ഞങ്ങളുടെ കയ്യും കാലും വിറയ്ക്കുന്നുണ്ട്. അനീഷ് എത്തിയില്ലേ എന്നും ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നുമുണ്ട്.
കൂടെ റെഡ് fm ലെ പാര്‍വതിയുടെ കോളുകളും.
കണ്ണിലെല്ലാം ഇരുട്ട് കയറുന്നു. ദേഷ്യംവരുന്നു. വഴികള്‍ വീണ്ടും വീണ്ടും തെറ്റിക്കൊണ്ടേയിരിക്കുന്നു..
ഒരു പാട് കറങ്ങി ഞാന്‍. ഒരു ഹമ്പും ഒഴിവാക്കിയില്ല. പല വഴികളും എന്‍റെ മുന്നില്‍ തീരുന്നു. എന്‍റെ പോക്ക് കണ്ട് ആളുകള്‍ എന്നെ കട്ട തെറിവിളിക്കുന്നത് എനിക്ക് ഗ്ലാസ്സിലൂടെ കാണാമായിരുന്നു. 
എത്ര വേഗതയില്‍ ഓടിച്ചിട്ടും ഏകദേശം 20 മിനിറ്റെടുത്തു ഞാന്‍ ലാല്‍സാറിന്‍റെ വീട്ടിലെത്താന്‍. വീടിന്‍റെ മുറ്റം നിറയെ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളുടെ വാഹനങ്ങള്‍. 
ഞാന്‍ കാറ് നിര്‍ത്തി ചാടി ഇറങ്ങി.
മുണ്ടും ജുബ്ബയും ഇട്ട് എന്നെയും നോക്കി മുന്നില്‍ തന്നെ നില്‍ക്കുന്ന ലാല്‍സാര്‍ ഒരു വശത്ത്. പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ലാല്‍സാറിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റൊരുവശത്ത്.

ഞാന്‍ ഓടി ചെന്ന് : സാര്‍ എനിക്ക് വഴിതെറ്റിപ്പോയി..
ലാല്‍സാര്‍ : ഈ പ്രായത്തിലോ....??
(സ്വതസിദ്ധമായ ചിരിയുണ്ടായിരുന്നു ആ പറച്ചിലില്‍..)
അപ്പൊ തന്നേ എന്‍റെ ആദ്യത്തെ കിളി പോയി...! കാരണം അപാര ടൈമിംഗ് ആയിരുന്നു ആ കൗണ്ടറിന്..എല്ലാവര്‍ക്കും ചിരിപൊട്ടി..

കൂടെ ലാല്‍സാര്‍ എന്നെ സമാധാനപ്പെടുത്തുകയും പെട്ടെന്ന് തന്നെ ഞാന്‍ ഷൂട്ട് തീര്‍ക്കുകയും ചെയ്തു..

ഷൂട്ടിന് ശേഷം ലാല്‍സാര്‍ : 'അനീഷേ അമ്മയുടെ പിറന്നാളാണ് സദ്യ കഴിച്ചിട്ട് പോയാല്‍ മതി '. ഇത് കൂടി പറഞ്ഞപ്പോള്‍ എന്‍റെ രണ്ടാമത്തെ കിളിയും കൂടി പോയി..
ലാല്‍സാറിന്‍റെ കൂടെ ഭക്ഷണം കഴിക്കാനായി ഞങ്ങളിരുന്നപ്പോള്‍ കൂടെയുള്ള നിഖിലും ഹിമലും ചോദിച്ചു. ശരിക്കും ഇവിടെ എന്താ ചേട്ടാ നടക്കണതെന്ന്.. എന്നേപ്പോലെതന്നെ കൂടെവന്ന എല്ലാവര്‍ക്കും ഇതൊക്കെ ഒരത്ഭുതമായിരുന്നു... 
അങ്ങനെ ലാല്‍സാര്‍, സുചിത്ര മാം, പ്രണവ്, വിസ്മയ, ലാല്‍സാറിന്റെ അമ്മ, ആന്‍റണിച്ചേട്ടന്‍, അനിലേട്ടന്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എല്ലാവരുടെയും ഒപ്പമിരുന്ന് ഞാന്‍ സദ്യയും കഴിച്ചു..
അങ്ങനെ പോയകിളികള്‍ എല്ലാം ഞാന്‍ തിരിച്ചു പിടിച്ചു.. 
മനസ്സിലെന്നും ഓര്‍ത്തുവെക്കാന്‍ പറ്റിയ വിരുന്നൊരുക്കിയ ലാല്‍സാറിന് ഒരായിരം നന്ദി.
കൂടെ ലാല്‍സാറിന്‍റെ അമ്മയ്ക്ക് ഞങ്ങളുടെ പിറന്നാള്‍ ആശംസകളും... 
ചങ്കാണ് ലാല്‍സാര്‍..
അല്ലെങ്കില്‍ അവിടുത്തെ തെങ്ങിന് ഇന്ന് ഞാന്‍ വളമായേനെ.. 

click me!