
കോക്ടെയ്ൽ, ബ്യൂട്ടിഫുൾ, മല്ലു സിങ്ങ്, തട്ടത്തിൻ മറയത്ത്, റൺ ബേബി റൺ, മുംബൈ പോലീസ് തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അപർണ നായർ. ഇടക്ക് സിനിമയിൽ സജീവമായിരുന്നെകിലും കുറച്ചു വർഷങ്ങളായി സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം.
ഇപ്പോഴിതാ അപർണയുടെ ജിം ട്രെയിനർ പങ്കുവെച്ച താരത്തിന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ശരീരഭാരം കുറയ്ക്കാനായി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന അപർണയുടെ വീഡിയോയാണ് ട്രെയിനർ രോഹിത് പിഎസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അപർണയുടെ അർപ്പണബോധത്തെ അഭിനന്ദിച്ചുകൊണ്ട് ചെറിയ കുറിപ്പിച്ചു അദ്ദേഹം പങ്കുവെച്ചു.
"അപർണ നായർ എത്രത്തോളം അർപ്പണബോധത്തോടെയും സ്ഥിരതയോടും കൂടി ഉറച്ചുനിന്ന് തന്റെ ലക്ഷ്യത്തിലെത്തി എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു. ഓരോ തവണ പരിശീലിക്കുമ്പോഴും, ഓരോ തുള്ളി വിയർപ്പിനും കൂടുതൽ മെച്ചപ്പെടാനുള്ള തീവ്രമായ ആഗ്രഹമാണ് അപർണയ്ക്ക് ഊർജം പകർന്നത്." രോഹിത് പിഎസ് കുറിച്ചു.
അതേസമയം നിരവധി പേരാണ് അപർണയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് അപർണ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായർ, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ഒരുത്തി' ആയിരുന്നു അപർണ വേഷമിട്ട ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.