Kudumbavilakku : രോഹിത്തിനെ കാണാനൊരുങ്ങി സിദ്ധാര്‍ത്ഥ് ; കുടുംബവിളക്ക് റിവ്യു

By Web TeamFirst Published Jan 26, 2022, 8:03 PM IST
Highlights

എന്റെ മകളെ പഠിപ്പിക്കാന്‍ വേദികയുടെ ഒരു പണവും വേണ്ടായെന്ന് പറഞ്ഞുകൊണ്ട് സിദ്ധാര്‍ത്ഥ് രോഹിത്തിനെ ഫോണ്‍ ചെയ്യുന്ന വീഡിയോയാണ് പുതിയ കുടുംബവിളക്ക് പ്രൊമോയില്‍ കാണുന്നത്.

ലയാളി പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). പരമ്പരയുടെ പേരിന് യോജിച്ചതല്ലല്ലോ, പരമ്പരയുടെ കഥ എന്ന് പറഞ്ഞവരെ പോലും ആരാധകരാക്കി മാറ്റുന്ന കഥയായിരുന്ന കുടുംബവിളക്കിന്റേത്. സുമിത്ര (sumithra) എന്ന വീട്ടമ്മയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളും, മുന്നോട്ടുള്ള ജീവിതത്തില്‍ സുമിത്ര നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളകളുമെല്ലാം യാഥാര്‍ത്ഥ്യമെന്നോണം അവതരിപ്പിക്കുന്നു എന്നതാണ് കുടുംബവിളക്കിനെ വ്യത്യസ്തമാക്കുന്നത്. സുമിത്രയുടെ മുന്‍ഭര്‍ത്താവായ സിദ്ധാര്‍ത്ഥും (Sidharth), സിദ്ധാര്‍ത്ഥിന്റെ ഇപ്പോഴത്തെ ഭാര്യയായ വേദികയുമാണ് സുമിത്രയുടെ പ്രധാന തലവേദന എന്നുപറയാം.

സുമിത്രയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിക്കുന്ന സിദ്ധാര്‍ത്ഥ് പല ഘട്ടത്തിലും വീണ്ടുവിചാരത്തില്‍ എത്തുന്നുണ്ട്. വേദിക തന്റെ ജീവിതത്തെ കാര്‍ന്നുതിന്നുന്ന രോഗമാണെന്ന് മനസ്സിലാക്കുന്ന സിദ്ധാര്‍ത്ഥ് സുമിത്രയോട് അടുക്കാന്‍ നോക്കുന്നുവെങ്കിലും, സുമിത്ര ശക്തമായ തീരുമാനമാണ് എടുക്കുന്നത്. സുമിത്രയുടെ പേരിലുള്ള ശ്രീനിലയം വീടിന്റെ ആധാരം വേദിക മോഷ്ടിക്കുന്നതും, അത് പണയപ്പെടുത്തി വലിയൊരു തുക പലിശക്കാരനില്‍ നിന്നും വാങ്ങുന്നതുമാണ് പരമ്പരയുടെ ഇപ്പോഴത്തെ കഥാഗതി. സിദ്ധാര്‍ത്ഥിന്റെ അമ്മയുടെ പേരിലേക്ക് വീട് തീറെഴുതാമെന്നും, സുമിത്രയെ വീട്ടില്‍നിന്നും ഇറക്കിവിടാമെന്നുമുള്ള വേദികയുടെ വാക്ക് കേട്ട്, അമ്മയാണ് ശ്രീനിലയത്തില്‍ നിന്നും ആധാരം എടുത്ത് വേദികയ്ക്ക് കൊടുക്കുന്നത്.

നാട്ടിലെ വലിയൊരു പലിശക്കാരനായ മഹേന്ദ്രന്റെ പക്കലാണ് വേദിക ആധാരം പണയപ്പെടുത്തുന്നത്. അവധി നീട്ടി ചോദിക്കുന്ന വേദികയോട്, പറഞ്ഞ തിയ്യതിയ്ക്ക് പണം തിരികെ കിട്ടിയില്ലെങ്കില്‍ തന്‍റെ തനി സ്വഭാവം എല്ലാവരും കാണുമെന്നും മഹേന്ദ്രന്‍ പറയുന്നുണ്ട്. ഇതിനിടെ സിദ്ധാര്‍ത്ഥിന്റേയും സുമിത്രയുടേയും മകളായ ശീതളിനെ മെഡിസിന്‍ പഠനത്തിന് അയക്കാനുള്ള ചര്‍ച്ചകളും പരമ്പരയില്‍ നടക്കുന്നുണ്ട്. ശീതളിനെ പഠിക്കാനയച്ച് വെറുതെ പണം കളയേണ്ടെന്നും, അവള്‍ പഠിക്കാന്‍ പിന്നോട്ടാണെന്നുമെല്ലാം പറഞ്ഞ് വേദിക സിദ്ധാര്‍ത്ഥിനെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും, തന്റെ മകളെ നല്ല നിലയിലാക്കാന്‍ താന്‍ ശ്രമിക്കും എന്നുതന്നെയാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. എന്നാല്‍ അതിനായി തന്റെ ഒരു ചില്ലിക്കാശ് താന്‍ തരില്ലെന്നും വേദിക പറയുന്നുണ്ട്.

എന്റെ മകളെ പഠിപ്പിക്കാന്‍ വേദികയുടെ ഒരു പണവും വേണ്ടായെന്ന് പറഞ്ഞുകൊണ്ട് സിദ്ധാര്‍ത്ഥ് രോഹിത്തിനെ ഫോണ്‍ ചെയ്യുന്ന വീഡിയോയാണ് പുതിയ പ്രൊമോയില്‍ കാണുന്നത്. രോഹിത്ത് എന്നത് സുമിത്രയുടെ ബാല്യകാല സുഹൃത്താണ്. കൂടാതെ സുമിത്രയോട് ചെറിയൊരു അടുപ്പവും കാണിക്കുന്ന രോഹിത്തിനെ എന്തിനാണ് സിദ്ധാര്‍ത്ഥ് വിളിക്കുന്നതെന്നാണ് പ്രേക്ഷകര്‍ ആലോചിക്കുന്നത്. അത് എന്തെന്നറിയാന്‍ വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.

click me!