ദേവിയും ബാലനും സാന്ത്വനത്തിന്റെ പടിയിറങ്ങുമോ ? റിവ്യു

By Web TeamFirst Published May 16, 2022, 3:56 PM IST
Highlights

ബാലന്‍ എന്ന വല്ല്യേട്ടനും അവരുടെ അനിയന്മാരുടേയും കഥയാണ് സാന്ത്വനം പറയുന്നത്. 

ഏറ്റവും പ്രിയപ്പെട്ട പരമ്പര ഏതാണെന്ന ചോദ്യത്തിന് മലയാളികള്‍ ആദ്യം പറയുന്ന പേര് സാന്ത്വനം (Santhwanam) എന്നായിരിക്കും. മലയാളികളുടെ ഹൃദയത്തില്‍ ഇത്രത്തോളം ഇടം നേടിയ പരമ്പര അടുത്തൊന്നും ഉണ്ടായിട്ടില്ല.  കുടുംബ ബന്ധങ്ങളുടെ ആഴം പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലേറിയ 'സാന്ത്വനം' റേറ്റിംഗിലും മുന്നിലാണ്. 'കൃഷ്ണ സ്റ്റോഴ്സ്' എന്ന പലചരക്ക് കട നടത്തുന്ന  'സാന്ത്വനം' കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി പറിച്ചുനടാന്‍ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. പരമ്പരയിലെ ഏതൊരു കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന താരങ്ങളും മലയാളിക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

ബാലന്‍ (balan) എന്ന വല്ല്യേട്ടനും അവരുടെ അനിയന്മാരുടേയും കഥയാണ് സാന്ത്വനം പറയുന്നത്. പ്രണയകഥ (lovestory) എന്ന നിലയ്ക്കാണ് പരമ്പരയെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതെങ്കിലും മനോഹരമായ കുടുംബകഥയാണ് തങ്ങളെ ആകര്‍ഷിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയിരുന്ന സാന്ത്വനം കുടുംബം കുറച്ച് എപ്പിസോഡുകളായി വലിയ പ്രതിസന്ധികളിലൂടെയായിരുന്നു മുന്നോട്ട് പോയത്. തമ്പി ഉണ്ടാക്കിയ പുകിലിന് ശേഷം അപര്‍ണ്ണയ്ക്ക് ജനിക്കാനിരുന്ന കുഞ്ഞിനെ നഷ്ടമായ ദുരന്തവും തീര്‍ത്ത വിഷമങ്ങള്‍ക്കുശേഷം, അതിലും വലിയൊരു പ്രതിസന്ധിയിലേക്കാണ് സാന്ത്വനം നീങ്ങുന്നത്.

അനിയന്മാരെ നോക്കുന്നതിനായി തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടെന്നുവച്ച ബാലനും ദേവിയും സാന്ത്വനം വീടിന്റെ പടിയിറങ്ങാന്‍ പോകുകയാണ്. അപര്‍ണ്ണയ്ക്ക് കുട്ടിയെ നഷ്ടമായത്, സാന്ത്വനം വീട്ടില്‍ കുട്ടികള്‍ വാഴില്ലെന്നും, അത് ദേവിക്കും ബാലനുമുള്ള ശാപമാണെന്നുമാണ് അഞ്ജലിയുടെ അപ്പച്ചിയായ ജയന്തിയും, അപര്‍ണ്ണയുടെ അമ്മയും പറഞ്ഞത്. അത് കേട്ടതോടെ, തന്റെ ദോഷമാവാം എല്ലാറ്റിനും കാരണം എന്ന് ദേവി ആലോചിക്കുകയായിരുന്നു. അങ്ങനെയാണ് നമുക്ക് കുറച്ചുനാള്‍ വീട്ടില്‍നിന്നും മാറി നിന്നാലോ എന്ന് ദേവി ബാലനോട് ചോദിക്കുന്നത്. ആദ്യമൊന്ന് ചിന്തിച്ചെങ്കിലും ബാലനും അത് അംഗീകരിക്കുകയായിരുന്നു.

തനിക്കുണ്ടാകുന്ന കുഞ്ഞിനെക്കൊണ്ട് ദേവിയേടത്തിയെ അമ്മയെന്ന് വിളിപ്പിക്കുമെന്ന് അപര്‍ണ്ണ പറഞ്ഞിരുന്നു. എന്തിനാണ് അന്നങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു പുതിയ എപ്പിസോഡില്‍ ദേവി കരഞ്ഞത്. അങ്ങനെയെല്ലാം പറഞ്ഞതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നും ദേവി പറയുന്നുണ്ട്. എന്നാല്‍ താന്‍ നിങ്ങളുടെ വാക്ക് കേള്‍ക്കാതെ വണ്ടിയെടുത്ത് പോയതാണ് കുഴപ്പമായതെന്നും, തനിക്ക് എപ്പോള്‍ കുഞ്ഞ് ജനിച്ചാലും കുഞ്ഞിനെക്കൊണ്ട് ദേവിയേടത്തിയെ അമ്മേ എന്ന് വിളിപ്പിക്കുമെന്നാണ് ഇപ്പോഴും അപ്പു പറയുന്നത്. എന്നാല്‍ താന്‍ നിക്കുന്നിടത്ത് കുഞ്ഞുങ്ങള്‍ വാഴില്ലെന്നും, അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും (ദേവിയും ബാലനും) കുറച്ച് നാളത്തേക്ക് വീട്ടില്‍നിന്നും വിട്ട് നില്‍ക്കുകയാണെന്നാണ് ദേവി അമ്മയോട് പറഞ്ഞത്. എന്നാല്‍ ദേവി അത് പറഞ്ഞ് തീരുമ്പോഴേക്കും ദേവിയെ അപ്പുവും അഞ്ജലിയും കൂടി കെട്ടിപ്പിടിക്കുകയായിരുന്നു. കൂടാതെ ബാലനെ ഹരിയും, ശിവനും, കണ്ണനും കൂടെ കെട്ടിപ്പിടിച്ചു. ഇതെങ്ങനെ സഹിക്കുമെന്നാണ് സാന്ത്വനം ആരാധകര്‍ ചോദിക്കുന്നത്.

click me!