'അന്ന് ഫോട്ടോയ്ക്ക് എക്‌സ്‌പ്രെഷന്‍ വിതറുന്ന തിരക്കിലായിരുന്നു'; വിവാഹദിനം ഓർത്തെടുത്ത് അശ്വതി

By Web TeamFirst Published Aug 25, 2021, 8:47 AM IST
Highlights

വിവാഹം കഴിഞ്ഞ് ഓമ്പത് വര്‍ഷമായ സന്തോഷമാണ് അശ്വതി മനോഹരമായ കുറിപ്പിലൂടെ പങ്കുവച്ചരിക്കുന്നത്. 

നോഹരമായ എഴുത്തുകാരി, ആക്ടീവായ അവതാരക, സകലഭാവങ്ങളും ഒത്തുചേരുന്ന നടി. അങ്ങനെ പല വിശേഷണങ്ങളാണ് അശ്വതി ശ്രീകാന്തിന് മലയാളികള്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇതിലെല്ലാം ഉപരിയായി ആളുകള്‍ താരത്തെ വിലയിരുത്തുന്നത്. സ്വന്തമായ നിലപാടുകള്‍ തുറന്നുപറയുന്ന മനോഹരമായ വ്യക്തി എന്നുതന്നെയാകണം. തമാശ കലര്‍ന്ന കുറിപ്പില്‍വരെ പക്വമായ നിലപാട് തുറന്നുകാണിക്കുന്ന താരത്തോട് പല ആരാധകര്‍ക്കും ബഹുമാനവുമുണ്ട്. വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് അശ്വതി കഴിഞ്ഞദിവസം പങ്കുവച്ച കുറിപ്പാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് ഓമ്പത് വര്‍ഷമായതിൻറെ സന്തോഷമാണ് അശ്വതി മനോഹരമായ കുറിപ്പിലൂടെ പങ്കുവച്ചരിക്കുന്നത്. ഒമ്പത് വര്‍ഷം മുന്നേയുള്ള ഈ ദിവസം സദ്യയുണ്ണുകയായിരുന്നോ, ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നോ എന്ന് ശരിക്ക് ഓര്‍മ്മയില്ലെന്നും പറഞ്ഞാണ് അശ്വതി കുറിപ്പ് തുടങ്ങുന്നത്. വിവാഹവാര്‍ഷിക ആശംസകള്‍ പങ്കുവയ്ക്കുന്നതിനോടൊപ്പം ആരാധകര്‍ പറയുന്നത് താരത്തിന്റെ എഴുത്തിനെ കുറിച്ചാണ്. നടി ഗായത്രി അരുണ്‍, ദീപ്തി വിധു പ്രതാപ്, സബിറ്റ തുടങ്ങിയ എല്ലാവരും പറയുന്നതും അശ്വതിയുടെ എഴുത്തിനെ കുറിച്ച് തന്നെയാണ്.

അശ്വതിയുടെ കുറിപ്പ് വായിക്കാം

''ഒമ്പത് വര്‍ഷം മുന്‍പ് ഈ നേരത്ത് ഞങ്ങള്‍, വിയര്‍ത്ത് കുളിച്ചിട്ടും എക്‌സ്പ്രഷന്‍ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ, സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയില്‍ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫര്‍ ഈ രംഗത്ത് 'ഇത്തിരി നാണം പെണ്ണിന്‍ കവിളിന്' എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും. കാറില്‍ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്നിന്റെ ഗുളിക കഴിക്കണം എന്ന് ഞാന്‍ ഓര്‍ക്കുകയായിരുന്നിരിക്കണം.''

''ഒമ്പത് വര്‍ഷത്തിനിപ്പുറം ഇപ്പോള്‍ കെട്ടിയോന്‍ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ്, ഗര്‍ഭം മുതലെടുത്ത് മൊബൈലില്‍ കുത്തിക്കൊണ്ട് സെറ്റിയില്‍ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു. ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാന്‍. ജീവിതമല്ലേ, പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ.''

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!