
മുംബൈ: ചടുലമായ നൃത്തച്ചുവടുകൾകൊണ്ട് അമ്പരപ്പിച്ച ഡാസറായിരുന്നു സമൂഹമാധ്യമങ്ങളിൽ ഈയടുത്ത് കണ്ട യുവരാജ് സിംഗ് എന്ന ബാബ ജാക്സൺ. ബോളിവുഡ് നടൻ ഹൃത്വിക് റോഷന് വരെ അത്ഭുതം തോന്നിയ 'എയര്‍വാക്ക്' സ്‌റ്റെല്‍ ആയിരുന്നു യുവരാജിന്റേത്. ആരാണ് സമൂഹമാധ്യമങ്ങളിലെ ആ യങ് മൈക്കല്‍ ജാക്‌സണ്‍ എന്ന് ഹൃത്വിക് റോഷൻ ട്വിറ്ററിലൂടെ അന്വേഷിച്ചിരുന്നു. ഇപ്പോഴിതാ, താരം അന്വേഷിച്ചയാൾ മിനി സക്രീനിൽ എത്തിയിരിക്കുകയാണ്.
'ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ' എന്ന ഡാൻസ് പരിപാടിയിൽ മത്സരിക്കുന്നതിനുള്ള ഓഡിഷന് എത്തിയതാണ് യുവരാജ്. നടിമാരായ ഗീത കപൂർ, മല്ലിക അറോറ, ടെറൻസ് ലൂയിസ് എന്നിവരാണ് പരിപാടിയിലെ ജഡ്ജിമാർ. പരിപാടിയുടെ ഓഡിഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ താൻ വളരെയധികം സന്തുഷ്ടവാനാണെന്ന് യുവരാജ് പറഞ്ഞു. ഓഡിഷനിൽ ബോളിവുഡ് പാട്ടിന് മൈക്കിൾ ജാക്സന്റെ ചുവടുകൾ അവതരിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹം. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും അതേ നൃത്തച്ചുവടുകൾ തന്നെയാണ്. തന്നെ പിന്തുണച്ച ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷൻ, അമിതാഭ് ബച്ചൻ, രവീന ടണ്ടൻ എന്നിവർക്ക് നന്ദിയറിയിച്ച് കൊള്ളുന്നു. തന്റെ വീഡിയോ പങ്കുവച്ച താരങ്ങൾക്കും നന്ദിയറിയിക്കുന്നു. ഇത് നൃത്തം എന്ന തന്റെ അഭിനിവേശം തുടരാൻ പ്രേരിപ്പിക്കുന്നുവെന്നും യുവരാജ് കൂട്ടിച്ചേർത്തു.
ടിക്ക് ടോക്കില്‍ സജീവമായ ആളാണ് യുവരാജ് സിംഗ്. യുവരാജ് സിംഗ്, @babajackson2020 എന്ന പേരിലുള്ള ടിക് ടോക്ക് അക്കൗണ്ടിൽ ഏകദേശം 1.1 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. ഡാന്‍സ് പ്രേമികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട മുക്കാലാ മുക്കാബലാ പാട്ടിന് ചുവട് വച്ചാണ് യുവരാജ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായത്.
'അവസാനം വരെ കാണുക. ആ അവസാന വീഡിയോ ആണ് എന്നെ ഇത് കംപൈല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ദയവായി അദ്ദേഹത്തെ പ്രശസ്തനാക്കുക' എന്ന തലക്കെട്ടോടെയാണ് യുവരാജിന്റെ ടിക് ടോക്ക് വീഡിയോ ആളുകൾ ഏറ്റെടുത്തത്. തന്റെ ട്വീറ്റുകളില്‍ ആളുകൾ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെയും, പ്രഭുദേവയെയും ടാഗ് ചെയ്തിരുന്നു. 'ഇത്ര അനായാസമായ ഒരു എയര്‍വാക്കറെ ഞാന്‍ കണ്ടിട്ടേയില്ല. ഇദ്ദേഹം ആരാണ് - എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഹൃത്വിക് വീഡിയോ റീട്വീറ്റ് ചെയ്തിരുന്നത്. അതേസമയം, മിനിസ്ക്രീനിൽ എത്തിയ യുവരാജ് സിംഗിനെ ഹൃത്വിക് റോഷൻ കണ്ടോ എന്ന സംശയത്തിലാണ് ആരാധകർ. എത്രയും പെട്ടെന്ന ഇരുവരും കാണാന്‍ ഇടയാകട്ടെയെന്നും ആരാധകർ പറയുന്നു.