26 വര്‍ഷത്തിനു ശേഷം വിക്രത്തിനൊപ്പം; സന്തോഷം പങ്കുവച്ച് ബാബു ആന്‍റണി

By Web TeamFirst Published Aug 27, 2021, 1:52 PM IST
Highlights

അനില്‍ ബാബുവിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ മലയാളചിത്രം 'സ്ട്രീറ്റി'ലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ച് അഭിനയിച്ചത്

തെന്നിന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവും കാത്തിരിപ്പ് ഉണര്‍ത്തിയിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് മണി രത്നത്തിന്‍റെ ബിഗ് ബജറ്റ് ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍'. വിക്രമും ഐശ്വര്യ റായ്‍യും പ്രകാശ് രാജുമൊക്കെ അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഒരുനിര താരങ്ങള്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജയറാം, ലാല്‍, ഐശ്വര്യ ലക്ഷ്‍മി, റിയാസ് ഖാന്‍, റഹ്മാന്‍ എന്നിവര്‍ക്കൊപ്പം ബാബു ആന്‍റണിയും ആ നിരയില്‍ ഉണ്ട്. ഇപ്പോഴിതാ വിക്രത്തിനൊപ്പം 26 വര്‍ഷത്തിനുശേഷം ഒരു ചിത്രത്തില്‍ വിക്രത്തിനൊപ്പം അഭിനയിക്കുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ബാബു ആന്‍റണി. അനില്‍ ബാബുവിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ മലയാളചിത്രം 'സ്ട്രീറ്റി'ലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ച് അഭിനയിച്ചത്.

"വിക്രത്തിനൊപ്പം ഒരിക്കല്‍ക്കൂടി അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. സ്ട്രീറ്റ് എന്ന സിനിമയിലാണ് ഇതിനുമുന്‍പ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളിലായതിനാല്‍ ഈ ലൊക്കേഷനില്‍ ഞങ്ങള്‍ക്ക് ചിത്രങ്ങള്‍ എടുക്കാന്‍ കഴിയില്ല. പക്ഷേ ഒരുമിച്ച് ഒരു ചിത്രം എടുക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം എന്‍റെ മുറിയിലേക്ക് വന്നു. ഒരുപാട് ഓര്‍മ്മകള്‍ ഞങ്ങള്‍ പങ്കുവച്ചു. എന്‍റെ മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അദ്ദേഹം ആ പഴയ വിക്രം തന്നെ, വിനയവും മര്യാദയുമുള്ള ആള്‍", വിക്രത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പം ബാബു ആന്‍റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ 'ആദിത്യ കരികാലന്‍' എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ബാബു ആന്‍റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് അറിവായിട്ടില്ല. മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് തിയറ്ററുകളില്‍ എത്തുക. ആദ്യഭാഗം അടുത്ത വര്‍ഷം എത്തിക്കാനാണ് പദ്ധതി. ഒമര്‍ ലുലുവിന്‍റെ 'പവര്‍ സ്റ്റാര്‍' ആണ് ബാബു ആന്‍റണിയുടേതായി പ്രഖ്യാപിക്കപ്പെട്ട മറ്റൊരു പ്രോജക്റ്റ്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!